

● ബേസിൽ ജോസഫിന്റെ മികച്ച പ്രകടനം.
● സ്ത്രീധനത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകുന്നു.
● കൊല്ലത്തിന്റെ പശ്ചാത്തലം മനോഹരമായി പകർത്തിയിരിക്കുന്നു.
● കെട്ടുറപ്പുള്ള തിരക്കഥയും സംവിധാനവും മികവുറ്റതാക്കി.
ഹന്നാ എൽദോ
(KVARTHA) ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പൊന്നിന്റെ കഥയാണ് പൊൻമാൻ.
പൊന്നിന് വേണ്ടി മനുഷ്യർ എത്രമാത്രം സ്വാർത്ഥയാണെന്നുള്ള കാര്യം സിനിമയിൽ നന്നായി കാണിക്കുന്നുണ്ട്. കൊല്ലത്തെ ഒരു 'നടക്കും ജ്വല്ലറി'ക്കാരന്റെ കഥ. കല്യാണ ആവശ്യങ്ങൾക്ക് സ്വർണ്ണം എത്തിച്ച് കൊടുക്കുന്ന ബേസിലിന്റെ പി പി അജേഷ് എന്ന കഥാപാത്രം, ഒരിടത്ത് സ്വർണ്ണം എത്തിച്ച് കുടുങ്ങി പോവുന്നതും അതിൽ നിന്ന് ഊരാൻ ശ്രമിക്കുന്നതുമാണ് മൂലകഥ. കൊല്ലം കേന്ദ്രമാക്കി കഥ പറഞ്ഞിരിക്കുന്ന പൊന്മാൻ പറയുന്നത് പൊന്നിന് വേണ്ടിയുള്ള രണ്ട് മനുഷ്യരുടെ പോരിന്റെ കഥയാണ്.
സിനിമയുടെ മെയിൻ തീം സ്ത്രീധനം ആണെങ്കിലും ഒരിടത്ത് പോലും ഫോഴ്സ്ഡായി സ്ത്രീധനത്തിനെതിരെ സംസാരിക്കാൻ സിനിമ ശ്രമിച്ചിട്ടില്ല. മറിച്ച് കഥയിലൂടെയും കഥാപാത്രങ്ങളിലൂടെയും സ്ത്രീധനം എന്നത് എത്രമാത്രം തെറ്റായ ഒരു ഏർപ്പാടാണ് എന്നത് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട് ഈ ചിത്രം. സ്ത്രീധന നിരോധന നിയമം ഒക്കെ വന്നതു പോലുമറിയാത്ത, സ്ത്രീധനത്തിന് വേണ്ടി മാത്രം കല്യാണം കഴിക്കുന്ന ചില സമൂഹങ്ങൾ ഇപ്പോഴും ഉണ്ടാവും. അത്തരത്തിൽ വളരെ താഴെക്കിടയിലുള്ള ഒരു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം.
ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകരുമായി കണക്ട് ചെയ്തു കൊണ്ട് അവരുടെ മാനസിക വിഷമങ്ങളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും നമ്മളെയും കൂട്ടിക്കൊണ്ടുപോകുന്നുണ്ട് ചിത്രം. കെട്ടുറപ്പുള്ള ഗംഭീര സ്ക്രിപ്റ്റും അതിനൊത്ത മേക്കിങ്ങും ഗംഭീരമാണ്. ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജി മോൾ എന്നിവരുടെ പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളും ഈ സിനിമയെ ഒരു മസ്റ്റ് വാച്ച് മൂവി ആക്കി മാറ്റുന്നുണ്ട്. കുറച്ച് കോമഡിയും സീരിയസും ആയി പോകുന്ന ഫസ്റ്റ് ഹാഫും പടത്തിന്റെ റിയൽ സംഭവത്തിലേക്ക് കടക്കുന്ന ഈഗോ ക്ലാഷ് ഒക്കെ ആയി കിടിലൻ സെക്കൻ്റ് ഹാഫും, ആകെ മൊത്തത്തിൽ ഒരു അടിപൊളി സിനിമ എന്ന് വേണം വിശേഷിപ്പിക്കാൻ.
പി പി അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. മരിയൻ ആയി സജിൻ ഗോപുവും അമ്പരപ്പിക്കുന്ന പ്രകടനമാണ് സമ്മാനിച്ചത്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്.
ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി.
വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് - ആരോമൽ, പിആർഒ - എ എസ് ദിനേശ്, ശബരി എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ.
ആദ്യം മുതൽ അവസാനം വരെ ലാഗ് ഒന്നുമില്ലാതെ ഒറ്റ സ്‌ട്രെച്ചിൽ ബോറൊന്നുമില്ലാതെ കണ്ടിരിക്കാൻ സാധിക്കും എന്നത് തന്നെയാണ് മെയിൻ പോസിറ്റീവ്. 2025 ൽ ഇറങ്ങിയ മികച്ച സിനിമ എന്ന് നിസംശയം എന്ന് പറയാം. സ്വർണത്തിന്റെ പ്രാധ്യാനം മലയാളികൾകിടയിൽ എത്രത്തോളം ഉണ്ടെന്ന് നമുക്ക് അറിയാം. അത് ഈ സിനിമയിലൂടെ ഒന്നുകൂടി ശരിക്ക് മനസിലാവും. സ്ത്രീധന പ്രശ്നം, ഗാർഹിക പീഡനം മെയിൻ വിഷയം ആയിരുന്നിട്ടും അതൊന്നും ഓവർ ഡ്രാമറ്റിക് ആവാതെ എടുത്ത് വെച്ചത് പോസിറ്റീവ് ആയി തോന്നി. തീയേറ്ററിൽ നിന്നും തന്നെ കാണേണ്ട പടം ആണിത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
'Ponman' starring Basil Joseph is a magnificent film addressing the issue of dowry thoughtfully and engagingly, with strong performances and a well-executed script.
#Ponman, #BasilJoseph, #MalayalamCinema, #DowryIssues, #NewMovies, #PonmanReview