നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന; സഹോദരന്റെ വീട്ടിലും റെയ്ഡ്
Jan 13, 2022, 13:10 IST
കൊച്ചി: (www.kvartha.com 13.01.2022) നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ തോട്ടക്കാട്ടുകരയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. രാവിലെ 11.45-ഓടെയാണ് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിന്റെ വീട്ടിലേക്ക് എത്തിയത്.
20 അംഗ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. അതിനാല്‍ പൊലീസ് മതില്‍ ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചുവെന്നാണ് വിവരം. പിന്നീട് ദിലീപിന്റെ സഹോദരി സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്ക് വീട് തുറന്നു കൊടുത്തു. ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറി പരിശോധന തുടങ്ങി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന എന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. പൊലീസുകാര്‍ക്കെതിരായ വധഭീഷണി കേസ് ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസിലാണ് പൊലീസിന്റെ പരിശോധന എന്നാണ് വിവരം. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു ഈ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കേയാണ് ദിലീപിന്റെ വീട്ടിലെ പരിശോധന.
വെള്ളിയാഴ്ചവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍കാര്‍ കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് താരത്തിനെതിരെ പുതിയ കേസ് രെജിസ്റ്റര്‍ ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.