Movie Review | പട്ടാപ്പകൽ: രസമുള്ള ഒരു കഥയും അതിന് പറ്റിയ കുറെ കഥാപാത്രങ്ങളും; ശരിക്കും പൊട്ടിച്ചിരിപ്പിക്കും


മിന്റാ മരിയ ജോസഫ്
(KVARTHA) സാജിർ സദഫ് സംവിധാനം ചെയ്ത് 'പട്ടാപ്പകൽ' റിലീസ് ആയിരിക്കുകയാണ്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോമഡി എന്റർടൈനർ ഗണത്തിൽപ്പെടുന്ന സിനിമ എന്നുള്ളതിനാൽ തന്നെ ശരിക്കും ഒരു ചിരിവിരുന്ന് തന്നെയാണ് സിനിമ സമ്മാനിക്കുന്നതെന്ന് പറയേണ്ടി വരും. 'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് പട്ടാപ്പകൽ. ഒരു നഗരത്തിൽ ഒരു രാത്രി നടക്കുന്ന മോഷണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ വ്യത്യസ്ത തുറകളിലെ മനുഷ്യരുടെ കഥയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.
അതിലെ ഓരോ കാര്യങ്ങളും ഹാസ്യത്തിൻ്റെ അകമ്പടിയോടെ പറഞ്ഞു പോകുമ്പോൾ തിയേറ്ററിൽ നിന്ന് പൊട്ടിച്ചിരി ഉയരുന്നത് കേൾക്കാം. നല്ലൊരു കഥയുടെ തമാശയിൽ പൊതിഞ്ഞുള്ള അവതരണം കൊണ്ട് ആദ്യാവസാനം ആസ്വാദ്യകരമായ സിനിമയാണ് പട്ടാപ്പകൽ. ക്യാരക്ടറേഷനും കഥ പറഞ്ഞു തുടങ്ങാനും വേണ്ടി കുറച്ചു സമയം എടുത്തു. ആദ്യത്തെ കുറച്ച് സമയങ്ങൾ മുന്നോട്ടു പോകുമ്പോൾ പിന്നീട് സിനിമ വേഗത ആർജിക്കുകയും അവസാനം വരെ എൻഗേജ്ഡ് ആക്കുകയും ചെയ്യുന്നു. ഒരു എന്റർടൈനർ ചെയ്യുമ്പോൾ അത് കാഴ്ചക്കാരന് ആസ്വദിക്കാൻ സാധിക്കുന്നുണ്ടോ എന്ന മീറ്റർ പിടിച്ചാണ് കഥ പറയേണ്ടത്.
പട്ടാപ്പകൽ ആ മീറ്ററിൽ പരിപൂർണ തൃപ്‍തി നൽകി മുന്നോട്ടു കൊണ്ടുപോകുന്ന സിനിമ തന്നെയാണ്.
ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ നന്ദകുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അർജുനാണ്. എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ.രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ആക്ടർ എന്ന നിലയിൽ കൃഷ്ണശങ്കർ ഇതിനോടകം കഴിവ് തെളിയിച്ച അഭിനേതാവാണ്. പുള്ളിയിലെ എന്റർടൈനറിനെ അഴിഞ്ഞാടാൻ വിട്ടൊരു സിനിമ കൂടിയാണ് പട്ടാപ്പകൽ.
പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാൻസ് മാനേജർ: സജിത്ത് സത്യൻ, രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ജിസ്മോൻ ജോർജ്, രാകേഷ് കൃഷ്ണൻ ജി, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഷാൻ റഹ്മാൻ ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മനു മഞ്ജിത്തിന്റെതാണ് വരികൾ. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മേക്കിങ് ക്വാളിറ്റിയിൽ ഒരു പിശുക്കും കാണിച്ചിട്ടില്ല. കണ്ണൻ പട്ടേരി യുടെ ക്യാമറയും ജസലിന്റെ എഡിറ്റിങ്ങും ഷാൻ റഹ്മാൻ ബി.ജി.എം എല്ലാം കൊണ്ടും വൃത്തിയുള്ള സിനിമ. വിഷ്വലി കളർഫുൾ ആയ ആഖ്യാനവും രസമുള്ള ഒരു കഥയും സിനിമയെ നല്ലൊരു അനുഭവമാക്കുന്നുണ്ട്. നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആണെങ്കിൽ ധൈര്യമായി നിങ്ങൾക്ക് ടിക്കറ്റെടുക്കാം.