New Release | പൂര്‍ണമായും പപ്പുവ ന്യൂ ഗിനിയ എന്ന രാജ്യത്ത് ചിത്രീകരിച്ച 'പപ്പ ബുക്ക'  സിനിമയുടെ വിശേഷങ്ങളുമായി  ഡോ. ബൈജു; ഫിലിം ഇന്‍ഡസ്ട്രിയില്‍ തന്നെ ചരിത്രപരമായ ഒന്നായിരിക്കും എന്നും സംവിധായകന്‍
 

 
 'Pap Book: The First Indo-Papua New Guinea Co-Production Film'
 'Pap Book: The First Indo-Papua New Guinea Co-Production Film'

Photo Credit: Facebook / Dr Biju

ഒട്ടേറെ പേരുടെ സഹായം കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഉണ്ടായത് ഒരുപാട് അനുഭവങ്ങള്‍
 

കൊച്ചി: (KVARTHA) പൂര്‍ണമായും പപ്പുവ ന്യൂ ഗിനിയ എന്ന രാജ്യത്ത് ചിത്രീകരിച്ച 'പപ്പ ബുക്ക' എന്ന സിനിമയുടെ വിശേഷങ്ങളുമായി സംവിധായന്‍ ഡോ. ബൈജു. പപ്പ ബുക്ക എന്ന സിനിമ പപ്പുവ ന്യൂ ഗിനിയ എന്ന രാജ്യത്തിന്റെ ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രപരമായ ഒന്നായിരിക്കും എന്ന് പറഞ്ഞ അദ്ദേഹം പപ്പുവ ന്യൂ ഗിനിയയെ ലോക സിനിമയ്ക്ക് മുന്നില്‍ എത്തിക്കാനുള്ള ഒരു ചെറിയ തുടക്കം ആണ് പപ്പ ബുക്ക എന്നും ആ രാജ്യത്തെ പ്രത്യേകതകള്‍ അറിഞ്ഞാല്‍ പപ്പുവായില്‍ ഇനിയും ധാരാളം സിനിമകള്‍ നിര്‍മിക്കപ്പെടുമെന്നും അവരുടെ കഥകള്‍ അവര്‍ തന്നെ പറഞ്ഞു തുടങ്ങുമെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയുടെ വിശേഷങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ഡോ ബിജു എഴുത്തും സംവിധാനവും നിര്‍വഹിക്കുന്ന പതിനഞ്ചാമത്തെ സിനിമ ആണ് 'പപ്പ ബുക്ക'.  ഓഷ്യാനിയ രാജ്യമായ പപ്പുവ ന്യൂ ഗിനിയയും ഇന്ത്യയും തമ്മില്‍ ആദ്യമായി ഒരു കോ പ്രൊഡക്ഷന്‍ സിനിമ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. 

 

ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഒരുപക്ഷെ ചരിത്രത്തില്‍ ആദ്യമായി ആകും കേരളത്തില്‍ നിന്നുള്ള ഒരു സിനിമാ സംവിധായകന്‍ മറ്റൊരു രാജ്യവുമായുള്ള കോ പ്രൊഡക്ഷനില്‍ ആ രാജ്യത്തെ ഭാഷയില്‍ ഒരു അന്താരാഷ്ട്ര സിനിമ ചെയ്യുന്നത് . ഏതാണ്ട് അഞ്ചു വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ ആണ് ഈ സിനിമയ്ക്ക് പിന്നില്‍ ഉള്ളതെന്നും അദ്ദേഹം പറയുന്നു. 

 'Pap Book: The First Indo-Papua New Guinea Co-Production Film'

ഒട്ടേറെ പേരുടെ സഹായം കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് .  NAFA ടീമിലെ ദാനിയല്‍, ക്ലെമന്റ് , ജെസ്സീക്ക , വില്ല്യം , ലിണ്ട്‌സേ, സംഗീത ,  മുഴുവന്‍ കൊയ്യാരി ആളുകള്‍ , താമസിച്ച ക്രൌണ്‍ ഹോട്ടലിന്റെ മാനേജ്‌മെന്റ്  അങ്ങനെ ഒത്തിരി ഒത്തിരി ആളുകളോട് അദ്ദേഹം സ്‌നേഹം അറിയിച്ചു.

 

പോര്‍ട്ട് മോറെസ് ബിയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ശ്രീ ഇന്ബസേകര്‍ സുന്ദര മൂര്‍ത്തി , നാഷണല്‍ കള്‍ച്ചറല്‍  കമ്മീഷന്‍ ചീഫ് സ്റ്റീവന്‍ എനോമ്പ് കിലാണ്ട , ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മിഷേല്‍ ബാറു തുടങ്ങി ഒട്ടേറെ ആളുകള്‍ . പിന്നെ എന്റെ സ്വന്തം കുട്ടികള്‍, ക്യാമറാമാന്‍ യദു രാധാകൃഷ്ണന്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് ദാസ് , ചീഫ്  അസോസിയേറ്റ് ഡയറക്ടറും എഡിറ്ററുമായ ഡേവിസ് മാനുവല്‍ , ലൊക്കേഷന്‍ സിങ്ക് സൗണ്ട്  റെക്കോര്‍ഡിസ്റ്റ്  സാനു പി , കോസ്റ്റിയൂം ഡിസൈനര്‍ അരവിന്ദ് കെ ആര്‍ , അസോസിയേറ്റ് ഡയറക്ടര്‍ ഫ്‌ലെവിന്‍ എസ് ശിവന്‍ , ബൂം മാന്‍ അജിത് ജോയില്‍ , അസോസിയേറ്റ് ക്യാമറാമാന്‍ ഫയദോര്‍ സാം ബ്രൂക്ക് , ക്യാമറ ആന്‍ഡ് ഗിമ്പല്‍ അസിസ്റ്റന്റ് ജോസ് കുട്ടി, ഒപ്പം ഇന്ത്യയില്‍ നിന്നും കാര്യങ്ങള്‍ ഏകോപിപ്പിച്ച ലൈന്‍ പ്രൊഡ്യൂസര്‍ എല്‍ദോ ശെല്‍വരാജ് , നീലം പ്രൊഡക്ഷന്‍സിന്റെ  എക്‌സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍ ശ്യാംലാല്‍ എല്ലാവരെയും ഹൃദയത്തില്‍ ചേര്‍ത്തു വെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

 

പാപ്പുവ ന്യൂ ഗിനിയയില്‍ നിന്നും NAFA പ്രൊഡക്ഷന്‍ ആണ് ആ രാജ്യത്തെ എല്ലാ സപ്പോര്‍ട്ട് സിസ്റ്റവും ഒരുക്കിയത് .  സുഹൃത്ത്  NAFA യുടെ എല്ലാമെല്ലാമായ എസ് പി എന്ന് ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന  പ്രസാദ്  സാര്‍ ആണ് ഈ പ്രോജക്റ്റിന്റെ നട്ടെല്ല് . പിന്നീട് നടനും പ്രിയ സുഹൃത്തുമായ പ്രകാശ് ബാരെയും , സഹോദര തുല്യനായ സംവിധായകന്‍ പാ രഞ്ജിത്തും ഇന്ത്യന്‍ പാര്‍ട് ണര്‍മാരായി പ്രോജക്ടിലേക്ക് എത്തുകയായിരുന്നു. നിരവധി പ്രതിസന്ധികള്‍ നേരിട്ട് ഏതാണ്ട് ഒരു മാസത്തെ  ചിത്രീകരണം പാപ്പുവ ന്യൂ ഗിനിയയില്‍ പൂര്‍ത്തിയാകുമ്പോള്‍ അവിസ്മരണീയമായ ഒരു സിനിമയായി മാറുകയാണ് പപ്പ ബുക്ക എന്നും അദ്ദേഹം പറഞ്ഞു.

പപ്പുവ ന്യൂ ഗിനിയ എന്ന പേര് തന്നെ പലരും കേട്ടിട്ടുണ്ടായിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം പലരുടേയും ധാരണ അതൊരു ആഫ്രിക്കന്‍ രാജ്യം ആണെന്നായിരുന്നുവെന്നും വ്യക്തമാക്കി. എന്നാല്‍  ഇതൊരു ഓഷ്യാനിയ രാജ്യം ആണ്. ഓസ്‌ട്രേലിയയും ന്യൂസിലാണ്ടും, ഫിജിയും, സോളമന്‍ ഐലന്റ്റും ഒക്കെ  ഉള്‍പ്പെട്ട പതിനാലു രാജ്യങ്ങള്‍ ഉള്ള ഒഷ്യാനിയയില്‍ ആണ് പപ്പുവ ന്യൂ ഗിനിയയും ഉള്ളത്. 

ഈ രാജ്യത്ത് അവരുടെ പ്രാദേശികമായ സിനിമകള്‍  വളരെ അപൂര്‍വമായാണ് നിര്‍മിക്കപ്പെടുന്നത് . രാജ്യത്ത് ആകെ ഒരേ ഒരു തിയറ്റര്‍ മാത്രമാണ് ഉള്ളത് എന്നും സംവിധായകന്‍ എടുത്തുപറയുന്നു. ക്യാപ്പിറ്റല്‍ സിറ്റിയായ പോര്‍ട്ട് മോറെസ്ബിയില്‍ ആണ് തിയേറ്റര്‍ ഉള്ളത്. അവിടെ കൂടുതലും എത്തുന്നത് ഹോളിവുഡ്, ബോളിവുഡ് സിനിമകള്‍ ആണ് . പക്ഷെ സിനിമയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളും  റെഗുലേറ്ററി ബോര്‍ഡുകളും ഏറെ ശക്തമാണെന്നും സംവിധായകന്‍ പറയുന്നു. 

സിനിമയും കലയും സംസ്‌കാരവും ഒക്കെ നിയന്ത്രിക്കുന്നത് സര്‍ക്കാരിന് കീഴില്‍ നാഷണല്‍ കള്‍ച്ചറല്‍ കമ്മീഷന്‍ ആണ് . രാജ്യത്തെ നാഷണല്‍ ഫിലിം  ഇന്‍സ്ടിട്യൂട്ട്  1979 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട് . മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സിനിമയും ടെലിവിഷന്‍  പ്രോഗ്രാമുകളും സെന്‍സര്‍ ചെയ്യാന്‍ സെന്‍സര്‍ഷിപ് ബോര്‍ഡും ഉണ്ട്. ഇത്രയൊക്കെ ഇന്‍ഫ്രാ സ്ട്രക്ച്ചറും സര്‍ക്കാര്‍ ബോഡികളും ഉണ്ടെങ്കിലും പപ്പുവ ന്യൂ ഗിനിയയുടെ തദ്ദേശ ഭാഷയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള സിനിമകള്‍ വളരെ പരിമിതം ആണ് . അന്താരാഷ്ട്ര ശ്രദ്ധേയമായ സിനിമകള്‍ ഒട്ടും തന്നെ ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. 


 
ഈ സാഹചര്യങ്ങള്‍ ഒക്കെ മുന്‍നിര്‍ത്തി ആണ് NAFA പപ്പുവ  സര്‍ക്കാരുമായി ഒരു ഇന്ത്യന്‍ കോ പ്രൊഡക്ഷന്‍ സിനിമ എന്ന ആശയം ചര്‍ച്ച ചെയ്യുന്നത്. സംവിധായകന്‍ എന്ന നിലയില്‍ എന്റെ അന്താരാഷ്ട്ര പ്രൊഫൈല്‍ അവര്‍ക്ക് സ്വീകാര്യമാവുകയും ഈ പ്രോജക്ടിന് ഔദ്യോഗികമായി സമ്മതം നല്‍കുകയുമായിരുന്നു. നാഷണല്‍  കള്‍ച്ചറല്‍ കമ്മീഷന്‍ , നാഷണല്‍ ഫിലിം ഇന്‍സ്ടിട്യൂട്ട് എന്നിവര്‍ കൂടി പ്രോജക്ടിലേക്ക് ഔദ്യാഗികമായി എത്തി.  പോര്‍ട്ട് മോറെസ്ബിയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറും ഈ പദ്ധതിയുടെ തുടക്കം മുതല്‍ ഔദ്യോഗികമായി  സഹകരിച്ചുവെന്നും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.


ഇന്ത്യയില്‍ നിന്നും പ്രധാനപ്പെട്ട സാങ്കേതിക പ്രവര്‍ത്തകരെ മാത്രം കൊണ്ടുപോകാനും എല്ലാ സാങ്കേതിക മേഖലകളിലും അവിടെ നിന്നുള്ള തദ്ദേശീയരായ ആളുകളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുക എന്ന ഒരു ധാരണയാണ് രണ്ടു രാജ്യവും തമ്മില്‍ ഉണ്ടാക്കിയത്. 


അഭിനേതാക്കളിലും പ്രധാനപ്പെട്ട നാല് കഥാപാത്രങ്ങളില്‍ രണ്ടു പേര്‍ ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍ പപ്പുവയില്‍ നിന്നും. മറ്റുള്ള എല്ലാ സഹ കഥാപാത്രങ്ങളും പപ്പുവയില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്നും പ്രിയ സുഹൃത്ത് പ്രകാശ് ബാരെയും പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രവര്‍ത്തിയും ആണ് ഉണ്ടായിരുന്നത്. പ്രകാശുമായി ഒന്നിക്കുന്ന ഏഴാമത് ചിത്രമാണ് ഇത്. റിതാഭാരിയുമായി രണ്ടാമത്തെ ചിത്രമാണ് ചെയ്യുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. 

പപ്പ ബുക്ക എന്ന ടൈറ്റില്‍ റോള്‍ അഭിനയിച്ചത് 85 വയസ്സുള്ള സിനോ ബോബോറൊ ആണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോണ്‍ സിക്കെ എന്ന ഇരുപത്തി നാല് വയസ്സുകാരന്‍. ഇത് കൂടാതെ വിവിധ കഥാപാത്രങ്ങളായി ഒട്ടേറെ പപ്പുവ മനുഷ്യര്‍ സിനിമയില്‍ ഉണ്ട്. അങ്കിള്‍ സിനോ ഉള്‍പ്പെടെ പി എന്‍  ജി യില്‍ നിന്നും അഭിനയിച്ച ഒരാള്‍ പോലും മുന്‍പൊരിക്കലും അഭിനയിച്ചിട്ടില്ല. പക്ഷെ 85 വയസ്സുള്ള അങ്കിള്‍ സിനോ ഉള്‍പ്പെടെ എല്ലാ മനുഷ്യരും അഭിനയത്തില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. ക്യാമറയ്ക്ക് മുന്നില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത് . അവരുടെ എനര്‍ജി ലെവലിനൊപ്പം ഓടിയെത്താന്‍ ഞങ്ങളാണ് ബുദ്ധിമുട്ടിയതെന്നും ഡോക്ടര്‍ ബിജു സന്തോഷത്തോടെ പറയുന്നു.


കൊയ്യാരി ഗോത്ര വിഭാഗത്തിലുള്ള ആളുകള്‍ ഡഗ്ലാസിന്റെയും  കാത്തിയുടെയും നേതൃത്തത്തില്‍  സിനിമയില്‍ ഉണ്ട്. അവരുടെ മനോഹരമായ നൃത്തരൂപവും, വില്ലേജും, പന്നിയെ കൊന്ന് കല്ലുകള്‍ ചൂടാക്കി അതില്‍ വെച്ച് മണ്ണ് കൊണ്ട് പൊതിഞ്ഞു പാകപ്പെടുത്തുന്ന അവരുടെ ട്രഡിഷണല്‍ ഭക്ഷണമായ മുമുവും ഒക്കെ സിനിമയില്‍ ഉണ്ട്. ഹൈലാന്റില്‍ നിന്നും ഉള്‍പ്പെടെയുള്ള വിവിധ ഗോത്ര വിഭാഗങ്ങളുടെ സാന്നിധ്യവും ശ്രദ്ദേയമാണ്.


ഈ സിനിമയുടെ നിര്‍മാണത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് നാല്പതോളം വിദ്യാര്‍ത്ഥികള്‍ ആണ് സിനിമയുടെ വിവിധ സാങ്കേതിക മേഖലകളില്‍  ഇന്റേണ്‍ഷിപ്പ് ചെയ്തത് . സംവിധാനം, ക്യാമറ, സിങ്ക് സൗണ്ട് , പ്രൊഡക്ഷന്‍ ഡിസൈന്‍ , കോസ്റ്റിയൂം , മേക്കപ്പ് , പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ മേഖലകളിലും  ചിത്രീകരണത്തിനൊപ്പം പ്രായോഗിക പരിശീലനവും നല്‍കി. അവര്‍ക്ക് തന്നെ സ്വന്തമായി സിനിമകള്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാവുക എന്നതാണ്  ഇതുവഴി ലക്ഷ്യമിട്ടതെന്നും സംവിധായകന്‍ പറഞ്ഞു. 


യൂണിവേഴ്‌സിറ്റി ഓഫ് പപ്പുവ ന്യൂ ഗിനിയ, പസഫിക് അഡ് വെന്റിസ്റ്റ് യൂണിവേഴ്‌സിറ്റി, ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കമ്യൂണിറ്റി  ഡെവലപ്‌മെന്റ്‌റ് ആന്റ് റിലിജിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല്പതോളം വിദ്യാര്‍ത്ഥികള്‍ ആണ് സിനിമയില്‍  ഇന്റേണ്‍ഷിപ്പിനായി ഉണ്ടായിരുന്നത്.  ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കമ്യൂണിറ്റി ഡെവലപ്‌മെന്റ്‌റ് ആന്റ് റിലിജിയന്റെ കീഴില്‍ ഒരു  വിമണ്‍ എമ്പവര്‍മെന്റ്‌റ് ഇനിഷ്യേറ്റിവ്  എന്ന നിലയിലും ഈ പ്രോജക്റ്റ് ഏറെ ശ്രദ്ധേയമാകുന്നു. സിനിമയുടെ നൂറോളം ക്രൂ അംഗങ്ങളില്‍ 60 % ല്‍ ഏറെയും സ്ത്രീകള്‍ ആയിരുന്നു എന്നത് നമ്മുടെ ഇന്ത്യന്‍ മലയാള സിനിമകളുടെ സെറ്റ് വെച്ച് ആലോചിക്കുമ്പോള്‍ അതിശയകരവും അഭിമാനവും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 


NAFA യെ റെപ്രസെന്റ് ചെയ്തുള്ള  നിര്‍മാതാവ് നോലെനാ തൌലാ വുനൂം ,  എക്‌സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍ പാരുള്‍ അഗര്‍വാള്‍ , പ്രധാന കഥാപാത്രം റിതാഭാരി ചക്രബര്‍ത്തി , നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍ മിഷേല്‍ ബാറു, ലൈന്‍  പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിച്ച വെറും 17 വയസ് മാത്രം  പ്രായമുള്ള  ആദ്യ പ്രസാദ് , പകുതിയില്‍ അധികം സ്ത്രീകള്‍ ആയ ഇന്റേണീസ് തുടങ്ങി പകുതിയില്‍ അധികം സ്ത്രീ സാന്നിധ്യം ഒരു സിനിമയുടെ പിന്നണിയില്‍ ഉണ്ടായി എന്നത് വ്യക്തിപരമായി ഏറെ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു .


പപ്പുവ ന്യൂ ഗിനിയക്ക് മറ്റൊരു പേര് കൂടി ഉണ്ട് ലാന്‍ഡ് ഓഫ് അണ്‍ എക്‌സ്‌പെക്റ്റഡ്. അത് അക്ഷരം പ്രതി ശരിയായിരുന്നു സിനിമയുടെ ചിത്രീകരണത്തിലുമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ നിന്നും വന്ന ക്രൂവിന്റെ ഫ്‌ലൈറ്റ് രണ്ടു ദിവസം മുടങ്ങി സിംഗപ്പൂരില്‍ പെട്ടത് തുടങ്ങി ഒരു വലിയ ലിസ്റ്റ് ഉണ്ട് അണ്‍ എക്‌സ്‌പെക്ടഡ് ആയി സംഭവിച്ചതെന്ന് പറഞ്ഞ അദ്ദേഹം അക്കാര്യങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം എന്നും പറഞ്ഞു.  

ഈ സിനിമയും പപ്പുവ ന്യൂ ഗിനിയയും എന്നും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുമെന്ന് പറഞ്ഞ സംവിധായകന്‍ പാക്ക് അപ് വേളയില്‍ എല്ലാവര്‍ക്കും പിരിയാന്‍ വിഷമമായിരുന്നുവെന്നും വ്യക്തമാക്കി. പപ്പുവ ന്യൂ ഗിനിയയ്ക്ക് ഒരു നാഷണല്‍ ഫിലിം പോളിസി ഉണ്ടാക്കാനായുള്ള എക്‌സ്‌പെര്‍ട്ട് ഗൈഡന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ സന്തോഷമുള്ള കാര്യമാണതെന്ന് പറഞ്ഞ ഡോ ബിജു ഒരു രാജ്യത്തിന്റെ ഫിലിം പോളിസി നിര്‍മിക്കുന്നതിന്റെ ഭാഗമാവുക എന്നത് വലിയ ഒരു അംഗീകാരമാണെന്നും കൂട്ടിച്ചേര്‍ത്തു. 

പപ്പ ബുക്ക എന്ന സിനിമ പപ്പുവ ന്യൂ ഗിനിയ എന്ന രാജ്യത്തിന്റെ ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രപരമായ ഒന്നായിരിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പപ്പുവ ന്യൂ ഗിനിയയെ ലോക സിനിമയ്ക്ക് മുന്നില്‍ എത്തിക്കാനുള്ള ഒരു ചെറിയ തുടക്കം ആണ് പപ്പ ബുക്ക. പിന്നാലെ പപ്പുവായില്‍ ഇനിയും ഒരുപാട് സിനിമകള്‍ നിര്‍മിക്കപ്പെടുമെന്നും അവരുടെ കഥകള്‍ അവര്‍ തന്നെ പറഞ്ഞു തുടങ്ങുമെന്ന പ്രതീക്ഷയും അദ്ദേഹം തന്റെ പോസ്റ്റില്‍ പങ്കുവച്ചു.

ഈ വാർത്ത ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ പ്രിയപ്പെട്ട സിനിമാ വാർത്തകൾ മറ്റുള്ളവർ അറിയട്ടെ. വിലപ്പെട്ട അഭിപ്രായങ്ങളും ഞങ്ങൾക്ക് പ്രധാനമാണ്. കമൻ്റായി രേഖപ്പെടുത്തുക!

#PapBook #FilmProduction #PapuaNewGuinea #IndianCinema #InternationalFilm #DrBaiju
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia