തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ: സുരാജും ഷറഫുദീനും നിറഞ്ഞാടിയ 'പടക്കളം'


● ഇന്ദ്രജിത്ത് ആണ് ഇൻട്രോ വോയിസ് ഓവർ നൽകിയിരിക്കുന്നത്.
● ഫ്രൈഡേ ഫിലിം ഹൗസാണ് നിർമ്മാതാക്കൾ.
● പ്രേക്ഷകരെ ചിരിപ്പിക്കുകയും ആകാംഷയിലാഴ്ത്തുകയും ചെയ്യും.
ഹന്നാ എൽദോ
(KVARTHA) സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത 'പടക്കളം' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മലയാളത്തിൽ കോമഡി സിനിമകൾ സംഭവിക്കുന്നില്ലെന്ന പരാതി ഇല്ലാതാക്കുന്ന ചിത്രമാണ് 'പടക്കളം'.
ഒരു കോമഡി സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഈ സിനിമ, പതിവ് കഥ പറച്ചിൽ രീതികളെയും ക്ലീഷേകളെയും പൊളിച്ചെഴുതുന്നു. കഥ പറയുന്നതിലെ പുതുമയും, അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചപ്പോൾ, സുരാജും ഷറഫുദീനും തങ്ങളുടെ പ്രകടനത്തിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.
സംവിധായകനും തിരക്കഥാകൃത്തുമായ മനു സ്വരാജ് സിനിമയെ മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്നു. ഷറഫുദ്ദീന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നിനും, സുരാജിന് നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വാഭാവിക അഭിനയ ശൈലിയുടെ മടങ്ങി വരവിനും ഈ സിനിമ സാക്ഷ്യം വഹിക്കുന്നു. സുരാജ്, ഷറഫുദീൻ, സന്ദീപ് എന്നിവരുടെ പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണം.
അധികം ആരും പറയാത്ത, വ്യത്യസ്തവും രസകരവുമായ എന്നാൽ അവതരിപ്പിക്കാൻ പ്രയാസമുള്ള ഒരു ഇതിവൃത്തത്തെ മനോഹരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു. അതാണ് 'പടക്കളം'. ഒരു ഇതിഹാസ കഥയോടെ ആരംഭിക്കുന്ന ചിത്രം പിന്നീട് ഒരു ക്യാമ്പസിൻ്റെ പശ്ചാത്തലത്തിലേക്ക് മാറുന്നു. അവിടുത്തെ നാല് വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് പ്രധാന കഥാപാത്രങ്ങൾ.
ഫാന്റസി, കോമഡി, ത്രില്ലർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്താവുന്ന ഈ സിനിമ ആദ്യവസാനം വരെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. ഒരു കോളേജും അവിടുത്തെ നാല് വിദ്യാർത്ഥികളും, രണ്ട് അധ്യാപകരും തമ്മിലുള്ള ഒരു പൂച്ചയും എലിയും കളിയാണ് ഈ സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിൻ്റെ ഇൻട്രോ വോയിസ് ഓവർ നൽകിയിരിക്കുന്നത് ഇന്ദ്രജിത്താണ്. 1789-ലെ നെടുംകോട്ട യുദ്ധത്തിൽ ടിപ്പുവിനെ കാർത്തിക തിരുനാൾ രാജാവിൻ്റെ സൈന്യം പരാജയപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഒരു സംഭവത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം ഫൺ ഫാന്റസി ജോണറിലാണ് അവതരിപ്പിക്കുന്നത്.
ഏകദേശം എൺപതോളം ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നാലായിരത്തോളം കുട്ടികളെ ഈ സിനിമയിൽ അണിനിരത്തിയിട്ടുണ്ട്. സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ ക്യാമ്പസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂജാ മോഹൻ രാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഇവരെ കൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നു. റാംജിറാവുവിലെ പഴയ ‘പടക്കളം.. ഇത് കളിക്കളം’ എന്ന ഗാനം സാഹചര്യത്തിനനുസരിച്ച് ഉപയോഗിച്ചത് മനോഹരമായിട്ടുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഇരുപത്തിരണ്ടാമത്തെ ചിത്രമാണിത്. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിനാറാമത്തെ നവാഗത സംവിധായകനാണ് മനു സ്വരാജ്. തിരക്കഥ: നിതിൻ സി ബാബു, മനു സ്വരാജ്. വരികൾ: വിനായക് ശശികുമാർ. സംഗീതം: രാജേഷ് മുരുകേശൻ. ഛായാഗ്രഹണം: അനു മൂത്തേടത്ത്. എഡിറ്റിംഗ്: നിതിൻരാജ് ആരോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു.
മേക്കപ്പ്: റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം: സമീറ സനീഷ്. ആക്ഷൻ: രാജശേഖർ, ഫാന്റം പ്രദീപ്. നൃത്തസംവിധാനം: ലളിത ഷോബി. സൗണ്ട് ഡിസൈൻ: രംഗനാഥ് രവി. സൗണ്ട് മിക്സിങ്: കണ്ണൻ ഗണപത്. പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ. കലാസംവിധാനം: മഹേഷ് മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: നിതിൻ മൈക്കിൾ. അസോസിയേറ്റ് ഡയറക്ടർ: ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ: സെന്തിൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ. വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ് എക്സ്. മാർക്കറ്റിംഗ്: ഹൈറ്റ്സ്. സ്റ്റിൽസ്: വിഷ്ണു എസ് രാജൻ. പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ. പിആർഒ: വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ആദ്യമായി അഭിനന്ദിക്കേണ്ടത് ഈ സിനിമയുടെ തിരക്കഥാകൃത്തിനെയാണ്. അത്രയ്ക്ക് മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. ഇതുവരെ മലയാള സിനിമയിൽ കാണാത്ത ഒരു പുതിയ ആശയം ഈ സിനിമ പരീക്ഷിക്കുന്നു. ഫാന്റസിയും കോമഡിയും ഒന്നിക്കുമ്പോൾ 'പടക്കളം' ശരിക്കും ഒരു പുതിയ അനുഭവം നൽകുന്നു. സുരാജും ഷറഫുദ്ദീനും മത്സരിച്ചുള്ള പ്രകടനമാണ് കാഴ്ചവെച്ചത്.
പിന്നെ ആ നാല് ചെറുപ്പക്കാർ... അവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്ന കോമഡി രംഗങ്ങൾ സിനിമയിലുണ്ട്. ഒരിടത്ത് പോലും ബോറടിപ്പിക്കാതെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും സിനിമ നമ്മെ പിടിച്ചിരുത്തും. നല്ല സിനിമയാണ്, തീർച്ചയായും തീയേറ്ററിൽ പോയി കാണുക. നൽകുന്ന പണത്തിന് ഇരട്ടി ചിരി സമ്മാനിക്കുന്ന ഒരു ഫൺ വൈബ് ചിത്രമാണ് 'പടക്കളം'.
സുരാജും ഷറഫുദ്ദീനും തകർത്തഭിനയിച്ച 'പടക്കള'ത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
Summary: 'Padakkalam', directed by Manu Swaraj starring Suraj Venjaramoodu and Sharafudheen, is a comedy thriller with a fresh storyline set in a college. The lead actors' performances and the blend of fantasy and comedy are highlights.
#Padakkalam, #SurajVenjaramoodu, #Sharafudheen, #MalayalamMovie, #ComedyThriller, #ManuSwaraj