'ഒറ്റക്കൊമ്പൻ്റെ' തേരോട്ടം തുടരുന്നു; സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ


● ജൂൺ അവസാനം വരെ തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം ഉണ്ടാകും.
● മലേഷ്യയിലും മക്കൗവിലുമായി സിനിമയുടെ മറ്റു ഭാഗങ്ങൾ ചിത്രീകരിക്കും.
● ബോളിവുഡിൽ നിന്നുള്ള താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
● വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന മാസ് ചിത്രമാണ് ഒറ്റക്കൊമ്പൻ.
(KVARTHA) ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ഏപ്രിൽ 21 തിങ്കളാഴ്ച തൊടുപുഴയിൽ ആരംഭിച്ചു.
അറക്കുളം ശ്രീധർമ്മശാസ്താ ശ്രീമഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ, രാജ് മോഹൻ എന്നിവരും നിരവധി ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചു തുടങ്ങിയത്.
ജനുവരിയിൽ തിരുവനന്തപുരത്ത് പൂർത്തിയാക്കിയ ആദ്യഘട്ട ചിത്രീകരണത്തിനു ശേഷം, കേന്ദ്രമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കുകളും വിഷു-ഈസ്റ്റർ ആഘോഷങ്ങളും കഴിഞ്ഞാണ് സുരേഷ് ഗോപി രണ്ടാംഘട്ട ചിത്രീകരണത്തിനായി എത്തിയത്. ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി ചാർട്ടു ചെയ്തിരിക്കുന്നത്.
തുടർന്ന് മലേഷ്യയിലും മക്കൗവിലുമായി സിനിമയുടെ ചിത്രീകരണം നടക്കും. സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന തീയതികളനുസരിച്ച് എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അറിയിച്ചു.
മീനച്ചിൽ താലൂക്കിൽ ബിസിനസ്, സാമൂഹ്യ, ആധ്യാത്മിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന 'ഒറ്റക്കൊമ്പന്റെ' ജീവിതമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഷത്തിലും രൂപത്തിലുമെല്ലാം ഈ പുതുമ നിലനിർത്തിയിട്ടുണ്ട്. മധ്യതിരുവിതാംകൂറിന്റെ സാമൂഹിക, രാഷ്ട്രീയ, കച്ചവട രംഗങ്ങളുടെ നേർക്കാഴ്ചയും ഈ ചിത്രത്തിലൂടെ കാണാനാകും.
സുരേഷ് ഗോപി കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുമ്പോൾ ബോളിവുഡിൽ നിന്നുള്ള വലിയൊരു സംഘം അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇന്ദ്രജിത്ത് സുകുമാരൻ, ചെമ്പൻ വിനോദ്, ലാലു അലക്സ്, വിജയരാഘവൻ, ജോണി ആന്റണി, ബിജു പപ്പൻ, മേഘനാ രാജ്, പുന്നപ്ര അപ്പച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർക്കോ ഫെയിം കബീർ ദുഹാൻ സിംഗ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എഴുപതിലധികം അഭിനേതാക്കൾ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബോളിവുഡിലെ പ്രശസ്തയായ ഒരു നടിയാണ് നായികയായി എത്തുന്നത്. വലിയ മുതൽമുടക്കിൽ വലിയ ജനപങ്കാളിത്തത്തോടെ ഒരു മാസ് ചിത്രമായിട്ടാണ് 'ഒറ്റക്കൊമ്പൻ' പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് ഹർഷവർദ്ധൻ രാമേശ്വർ സംഗീതം നൽകുന്നു. ഷാജികുമാർ ഛായാഗ്രഹണവും ഷഫീഖ് വി.ബി. എഡിറ്റിംഗും നിർവഹിക്കുന്നു. ഗോകുൽ ദാസ് കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും അനീഷ് തൊടുപുഴ, അക്ഷയ പ്രേംനാഥ് (സുരേഷ് ഗോപി) എന്നിവർ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.
സുധീർ മാഡിസൺ ക്രിയേറ്റീവ് ഡയറക്ടറും ബിനോയ് നമ്പാല കാസ്റ്റിംഗ് ഡയറക്ടറുമാണ്. കെ.ജെ. വിനയൻ, ദീപക് നാരായണൻ എന്നിവർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർമാരായും വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവർ കോ-പ്രൊഡ്യൂസർമാരായും കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമാണ്. വാഴൂർ ജോസാണ് പി.ആർ.ഒ.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: The second phase of filming for the Suresh Gopi starrer 'Ottakkomban' has commenced in Thodupuzha. The film, directed by Mathews Thomas, will continue shooting in various locations, including Malaysia and Macau, after completing the current schedule.
#Ottakkomban, #SureshGopi, #MalayalamMovie, #FilmingBegins, #MovieUpdate, #KeralaCinema