Onam celebration | തൃശൂരിന്റെ ആകാശത്ത് ഓണനിലാവ് പെയ്യിച്ച് പാട്ടുകള്‍, നൃത്തച്ചുവടുകള്‍; തോരാതെ പെയ്ത മഴയ്ക്കും ചോര്‍ത്താനാവാത്ത ആവേശത്തില്‍ മൂന്നാംരാവും ആഘോഷത്തിമര്‍പ്പില്‍
Sep 9, 2022, 21:58 IST
തൃശൂര്‍: (www.kvartha.com) തോരാതെ പെയ്ത മഴയ്ക്കും ചോര്‍ത്താനാവാത്ത ആവേശത്തില്‍ ഓണാഘോഷങ്ങളുടെ മൂന്നാം ദിനത്തിലും ജനം തേക്കിന്‍കാട്ടിലേക്ക് ഒഴുകിയെത്തി. രണ്ടുവര്‍ഷത്തിലേറെയായി ആഘോഷങ്ങള്‍ അന്യമായ പൂരനഗരി ഓണക്കാലത്തിന്റെ ആവേശം വാരിപ്പുണര്‍ന്നു. കൊച്ചിന്‍ ഹീറോസിന്റെ പാട്ടിനും നൃത്തത്തിനുമൊപ്പം നഗരവും ചുവടുവെച്ചു. ജയരാജ് വാരിയരും സംഘവും ഓണപ്പാട്ടുകള്‍ കോര്‍ത്തിണക്കിയ മ്യൂസിക് നൈറ്റുമായെത്തിയതോടെ മഴ മൂടിക്കെട്ടിയ തൃശ്ശൂരിന്റെ ആകാശത്ത് ഓണനിലാവ് പെയ്തു.
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ മൂന്നാം ദിനത്തിലും ആയിരങ്ങളാണ് നഗരത്തിലെത്തിയത്. മഴ തോരാതെ നിന്നപ്പോഴും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മടിച്ചില്ല. ഇരിപ്പിടങ്ങളും കടന്ന് പുറത്ത് കുടചൂടി നിന്നും പരിപാടികള്‍ കാണാന്‍ നിന്ന കാണികള്‍ കൗതുകമായി.
കൊച്ചിന്‍ ഹീറോസിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച മെഗാഷോ വൈവിധ്യം കൊണ്ട് ഹൃദയം കവര്‍ന്നു. ഗാനങ്ങള്‍ക്കും നൃത്തത്തിനുമൊപ്പം കാണികളും ചുവടുവെച്ചു. കലാകാരന്‍മാര്‍ ഇറങ്ങിവന്ന് സദസ്സിനോപ്പം ചേര്‍ന്നതോടെ ആഘോഷങ്ങളുടെ അതിരുകള്‍ മാഞ്ഞു. കലാഭവന്‍ സതീഷ് 10 മിനിറ്റില്‍ 102 ശബ്ദങ്ങള്‍ അനുകരിച്ച് അത്ഭുതം തീര്‍ത്തു.
തുടര്‍ന്ന് പാട്ടും ചിന്തയും കോര്‍ത്തിണക്കി തൃശ്ശൂരിന്റെ ജയരാജ് വാരിയരുമെത്തി. ചാറിനിന്ന മഴ വകഞ്ഞ് ഓണപ്പാട്ടിന്റെ, ഓണസ്മരണകളുടെ വര്‍ണക്കുടകള്‍ വിടര്‍ന്നു. ഓണപ്പാട്ടുകളും ചലച്ചിത്ര ഗാനങ്ങളും ഒപ്പം കവിതയും ഓര്‍മകളും നിറഞ്ഞ ജയരാജ് വാരിയരുടെ അവതരണവും ചേര്‍ന്ന് കാണികളെ പിടിച്ചിരുത്തിയ ഒന്നര മണിക്കൂര്‍ പരിപാടിയോടെ മൂന്നാം നാള്‍ ഓണാഘോഷത്തിന് തിരശീല വീണു.
നാലാം നാള്‍ സെപ്റ്റംബര്‍ 10ന് വൈകിട്ട് 5.30ന് തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവയുണ്ടാകും.
സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് ഏറെക്കാലത്തിനുശേഷം നഗരത്തില്‍ പുലികളിറങ്ങും. ഉച്ചയ്ക്ക് ശേഷം വിവിധ സംഘങ്ങളുടെ പുലിക്കളി ടീമുകള്‍ നഗരം കീഴടക്കും. ഇതോടെ അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് വരണാഭമായ സമാപനമാകും.
11ന് വൈകീട്ട് 6ന് സമാപനസമ്മേളനം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. 7.30 ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റ്, തുടര്‍ന്ന് മികച്ച പുലിക്കളി ടീമുകള്‍ക്കുള്ള പുരസ്‌കാരവിതരണം എന്നിവ നടക്കും.
Keywords: Latest-News, Kerala, Thrissur, Top-Headlines, Onam, Celeb-Onam, Onam-Gallery, Celebration, Festival, Government, Programme, Entertainment, Onam songs and dance: Third night of festival. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.