'കൂമൻ', 'ട്വെൽത്ത് മാൻ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ് 'നുണക്കുഴി'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
കൊച്ചി: (KVARTHA) ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തിയ 'നുണക്കുഴി' ഒടിടിയിലേക്ക്. ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം സെപ്റ്റംബർ 13ന് സീ ഫൈവ് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകർക്ക് ലഭ്യമാകും.
ത്രില്ലർ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജീത്തു ജോസഫ് ഒരുക്കിയ ഈ ചിത്രം ഒരു കോമഡി ഡ്രാമയാണ്. നിഖില വിമൽ, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
'കൂമൻ', 'ട്വെൽത്ത് മാൻ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ് 'നുണക്കുഴി'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിനായക് വി എസ് ആണ് ചിത്രസംയോജനം. സരിഗമ, ബെഡ്ടൈം സ്റ്റോറീസ്, യൂഡ്ലീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേർന്ന് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു.