Engagement | നടന്‍ നാഗ ചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷ വാര്‍ത്ത പുറത്തുവിട്ട് പിതാവ് നാഗാര്‍ജുന; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ചെന്നൈ: (KVARTHA) നടന്‍ നാഗ ചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നാഗചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജുനയാണ് ഈ സന്തോഷവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടായേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
'ഞങ്ങളുടെ മകന്‍ നാഗ ചൈതന്യയും ശോഭിത ധുലിപാലയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വിവരം സന്തോഷത്തോടു കൂടി അറിയിക്കുന്നു. വീട്ടില്‍വച്ച് രാവിലെ 9.42നായിരുന്നു ചടങ്ങ് നടന്നത്.
ശോഭിതയെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദമ്പതികള്‍ക്ക് അഭിനന്ദനങ്ങള്‍. അവര്‍ക്ക് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ജീവിതം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ'.
എന്നാണ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന കുറിച്ചത്.
2017ലായിരുന്നു നടി സമാന്തയുമായുള്ള നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ വേര്‍പിരിയാനുള്ള കാരണങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
സായ് പല്ലവിയ്‌ക്കൊപ്പമുള്ള 'തണ്ടേല്‍' എന്ന സിനിമയാണ് നാഗചൈതന്യയുടെ പുതിയ പ്രൊജക്ട്. ദേവ് പട്ടേലിന്റെ 'മങ്കി മാന്‍' എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. കുറുപ്പ്, മൂത്തോന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.