Movie Review | 'നടന്ന സംഭവം' ശരിക്കും ഒരു സംഭവം തന്നെ


ഡാനിയ ജോസ്
(KVARTHA) ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണൻ ഒരുക്കിയ 'നടന്ന സംഭവം' റിലീസ് ആയിരിക്കുകയാണ്. ശരിക്കും ഈ സിനിമയെ ഫാമിലി ഫൺ ഡ്രാമയെന്ന് വിശേഷിപ്പിക്കാം. കൃത്യമായി പറഞ്ഞാൽ കുടുംബം ആയിട്ടൊക്കെ പോയി കണ്ട് ചിരിച്ച് ഉല്ലസിക്കാൻ പറ്റിയ പടം. വല്ലപ്പോഴും മാത്രം മലയാളത്തിൽ സംഭവിക്കുന്ന ഒന്നാണ് ഇതുപോലെ ക്വാളിറ്റി ഉള്ള കോമഡി എന്റെർറ്റൈനേഴ്സ്. അതിനൊത്ത വിജയവും പടത്തിന് കിട്ടിയിരിക്കും തീർച്ച. ഇന്നത്തെ കുടുംബ പ്രശ്നങ്ങളെ വളരെ റിയലിസ്റ്റിക് ആയി അതി ഭാവുകത്വം ഇല്ലാതെ സിനിമ പറയുന്നു.
ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും സിനിമയിലുടനീളം നിറഞ്ഞാടിയിട്ടുണ്ട്. തലവനിൽ സീരിയസ് റോളിലായിരുന്നു ബിജുമേനോനെങ്കിൽ ഇതിൽ കോമഡി റോൾ ആണ് കൈകാര്യം ചെയ്യുന്നത്. വളരെ കിടു ആയിട്ടാണ് പുള്ളി ഇതിലെ റോൾ കൈകാര്യം ചെയ്തിരിക്കുന്നത്. സുരാജും കുടുംബവും താമസിക്കുന്ന വില്ലയിലേക്ക് ബിജു മേനോൻ വരുന്നതും അവിടെ ഉള്ള ആളുകളിൽ ഒന്നാവുന്നതും അയൽവാസികളായ ഇരുവർക്കും ഇടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും തർക്കവുമൊക്കെയാണ് പടം പറയുന്നത്.
ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു. ഇന്നത്തെ സമകാലിക സംഭവ ബഹുലങ്ങളും പടത്തിൽ ചേർത്തിട്ടുണ്ട്. ബിജുമേനോൻ - സുരാജ് കോമ്പോ കൂടാതെ ലിജോ മോൾ സീനും കൊള്ളാമായിരുന്നു. നടന്ന സംഭവത്തെ, നടക്കാൻ പോകുന്ന സംഭവത്തെ നടന്ന സംഭവമായി ചിത്രീകരിച്ചിരിക്കുകയാണ് ഡയറക്ടർ. പക്ഷെ ചെറിയ തമാശകൾ ഉണ്ടെങ്കിലും, ഇതൊരു കോമഡി ചിത്രം മാത്രമാകുന്നില്ല എന്ന് സത്യസത്യന്ധമായി പറയേണ്ടി വരും.
ഒരു ഹൗസിങ് കോളനിയിലേക്ക് പുതുതായി ബിജു മേനോനും കുടുംബവും താമസിക്കാൻ വരുന്നതും തുടർന്ന് നടക്കുന്ന പ്രശനങ്ങളുമാണ് സിനിമ എങ്കിൽ സദാചാരം, ഭാര്യ- ഭർത്താവ് ഇവർക്കിടയിലെ കാര്യങ്ങളൊക്കെ സംസാരിക്കുന്ന സിനിമ കൂടിയാണിത്. നല്ലൊരു സന്ദേശം തരാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. പടം ലക്ഷ്യം വെക്കുന്നത് സ്ത്രീ പ്രേക്ഷകരെയാണെന്ന് തോന്നും ഈ സിനിമ കണ്ടാൽ. സ്ത്രീകൾ വെറും പോസ്റ്റ് അല്ലാത്ത കാമ്പുള്ള സിനിമ. മറഡോണയ്ക്ക് ശേഷം തൻ്റെ രണ്ടാം സിനിമയിൽ എത്തുമ്പോൾ സംവിധായകൻ ഒരുപാട് മുന്നോട്ടു പോയ കാഴ്ച കൂടിയാണ് നടന്ന സംഭവം.
അഭിനേതാക്കളുടെ നല്ല പ്രകടനത്തോടൊപ്പം ഗംഭീര മേക്കിങ് കൂടി ഈ സിനിമയെ നല്ലൊരു അനുഭവമാക്കാൻ കാരണമാണ്. ചിരിപ്പിക്കുന്ന തമാശകളും ബോറടിപ്പിക്കാത്ത ആഖ്യാനവും നല്ല പാട്ടുകളും സിനിമയുടെ ആകെ തുകയെ നല്ല രീതിയിൽ ലിഫ്റ്റ് ചെയ്തെടുക്കുന്നുണ്ട്. സുരാജും ബിജുമേനോനും ജോണി ആന്റണിയും ഓരോ കഥാപാത്രങ്ങളും അത്രമാത്രം ആപ്റ്റ് ആണ്. ബിജു മേനോൻ ഗംഭീരമായി നിറഞ്ഞപ്പോൾ സുരാജ് കട്ടക്ക് നിന്നു. ശരിക്കും സ്കോർ ചെയ്തത് ജോണി ആന്റണിയുടെ എസ്ഐ യും ലിജോ മോളും. ഒരു കൃത്യമായ കാസ്റ്റ് ആയി തോന്നി.
ജയ് ഭീമിന് ശേഷം ലിജോ മോൾ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് നടന്ന സംഭവത്തിലെ ധന്യ. ഇവരെക്കൂടാതെ ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ലാലു അലക്സ് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. രണ്ടാം പകുതിയിൽ വരുന്ന പോലീസ് സ്റ്റേഷനിൽ, പ്രധാന കഥയ്ക്ക് പുറമെ, പോലീസ് സ്റ്റേഷനിൽ വരുന്ന കഥാപാത്രങ്ങളും സിറ്റുവേഷനും വളരെ ബോറായിരുന്നു. അതാണ് ഈ പടത്തിലെ നെഗറ്റീവ് ആയിട്ട് തോന്നിയത്. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥനാണ്. മാനുവൽ ക്രൂസ് ഡാർവിനാണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനേഷ് മാധവൻ. സംഗീതം അങ്കിത് മേനോൻ.
മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്ക്, അവൻറെ ജീവിതത്തിലേക്ക് കടന്നുകയറി എത്തിനോക്കുന്ന ഇക്കാലത്തെ മനുഷ്യ കണ്ണുകളെ കണക്കറ്റ് വിമർശിക്കാനും പുരോഗമന ചിന്തകളെ മുന്നോട്ടുവെക്കാനും സിനിമയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇവയെല്ലാം പറഞ്ഞു വെക്കുന്നത് ഒരു പെർഫെക്ട് എന്റർടൈനർ പാക്കേജിൽ ആയതുകൊണ്ട് തന്നെ നടന്ന സംഭവം സിനിമ കാഴ്ചയിൽ ഉടനീളം കാണേണ്ടുന്ന സിനിമയാകുന്നുണ്ട്. മൊത്തത്തിൽ 2.30 മണിക്കൂർ തീയേറ്ററിൽ ഇരുന്ന് എൻജോയ് ചെയ്ത് കാണാൻ പറ്റിയ പടം. ഒരു പക്കാ എന്റർടൈനർ പടം കാണാൻ താല്പര്യമുള്ളവരെ നടന്ന സംഭവം നിരാശരാക്കില്ല എന്ന് ഉറപ്പ്. മൊത്തത്തിൽ നല്ലൊരു ഫീൽ ഗുഡ് ചിത്രമായി തോന്നി