പുഴയെ അറിയാനും തുഴ എറിയാനും ആര്‍ത്തുല്ലസിക്കാനും മുസിരിസ് പാഡിലിന് തുടക്കമായി

 


കൊച്ചി: (www.kvartha.com 05.01.2019) പുഴയെ അറിയാനും തുഴ എറിയാനും ആര്‍ത്തുല്ലസിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് യാത്ര 'മുസിരിസ് പാഡില്‍ 19'ന് ശനിയാഴ്ച കൊടുങ്ങല്ലൂരില്‍ തുടക്കമാവും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് ലിമിറ്റഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. യാത്രയുടെ ഭാഗമായി മുസിരിസ് മേഖലയില്‍ നിന്ന് ബിനാലെ മേഖലയിലേക്കു തുഴഞ്ഞെത്താം. രണ്ടു ദിവസം കൊണ്ട് നാല്‍പ്പത് കിലോ മീറ്റര്‍.

രാജ്യാന്തരതലത്തില്‍ പ്രശസ്തരായ കയാക്കിങ് സ്റ്റാന്‍ഡപ് പാഡ്‌ലിങ് (എസ് യു പി) താരങ്ങളോടൊപ്പം തുടക്കക്കാര്‍ക്കും തുഴയെറിയാം എന്നതാണ് മുസിരിസ് പാഡിലിന്റെ സവിശേഷത. സ്റ്റാന്‍ഡപ് പാഡിലില്‍ ഗംഗാ നദി മുഴുവന്‍ സഞ്ചരിച്ച് ലോക റെക്കോഡ് നേടിയ ശില്‍പ്പിക ഗൗതം (ലണ്ടന്‍), പ്രശസ്ത കയാക്കിങ് താരം ജിം ബുഷ് ( ഓസ്‌ട്രേലിയ) എന്നിവരാണ് തുഴയെറിയാനെത്തുന്നവരില്‍ പ്രമുഖര്‍. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ മുതിര്‍ന്നവര്‍ക്കും ഏഴ് വയസ് മുതലുള്ള കുട്ടികള്‍ക്കും കയാക്കിങ് യാത്രയില്‍ പങ്കെടുക്കാം.

പുഴയെ അറിയാനും തുഴ എറിയാനും ആര്‍ത്തുല്ലസിക്കാനും മുസിരിസ് പാഡിലിന് തുടക്കമായി

ശനിയാഴ്ച രാവിലെ ഏഴുമണിക്ക് കൊടുങ്ങല്ലൂരിന് സമീപമുള്ള കോട്ടപ്പുറം ബോട്ട് ജെട്ടിയില്‍ യാത്രയ്ക്ക് തുടക്കമായി. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ യാത്ര ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അധ്യക്ഷത വഹിച്ചു. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക്ക് കോടിത്തൊടിക, മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ പിഎം നൗഷാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോട്ടപ്പുറം, പള്ളിപ്പുറം, കെടാമംഗലം, വൈപ്പിന്‍ പ്രദേശങ്ങള്‍ താണ്ടി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ബോള്‍ഗാട്ടിയില്‍ യാത്ര സമാപിക്കും. ആദ്യ ദിനം 20 കിലോ മീറ്റര്‍ യാത്ര ചെയ്യും. വിദേശ ടൂറിസ്റ്റുകളെയും സാഹസിക തല്‍പ്പരരായ തദ്ദേശീയരെയും ലക്ഷ്യമിട്ടുള്ള പരിപാടിക്ക് മാറ്റു കൂട്ടാന്‍ രാത്രി ക്യാമ്പും ഉണ്ടാകും.

നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക, പുഴയുമായുള്ള ബന്ധം പുനസ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, നദികളില്‍ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മുസിരിസ് പാഡില്‍ സംഘടിപ്പിക്കുന്നതെന്ന് ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക്ക് കോടിത്തൊടിക പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി നൂറ്റി അന്‍പതോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ പിഎം നൗഷാദ് പറഞ്ഞു. പല തരം കയാക്കുകളിലൂടെ സാഹസികമായി നടത്തുന്ന ബോധവല്‍ക്കരണ യാത്ര രണ്ടാം തവണയാണ് നടത്തുന്നത്.

കയാക്കിങ് യാത്രയുടെ ഭാഗമായി സഞ്ചാരികള്‍ പുഴയില്‍ നിന്നും മാലിന്യം ശേഖരിക്കും. മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും. മാലിന്യം പിന്നീട് പുന:ചംക്രമണത്തിന് അയക്കും. കോട്ടപ്പുറം മുതല്‍ ബോള്‍ഗാട്ടി വരെയുള്ള പ്രദേശങ്ങളിലെ വിവിധ സ്‌ക്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും നടത്തും.

വിവിധ തരം ജല കായിക വിനോദങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. വാട്ടര്‍ സ്‌പോര്‍ട്‌സ് രംഗത്ത് വിദഗ്ധരായ ഗൈഡുകളും പ്രൊഫഷനലുകളും അടങ്ങുന്ന ടീമാണ് യാത്ര നിയന്ത്രിക്കുന്നത്. യാത്രാ സംഘത്തോടൊപ്പം ഒരു പാരാമെഡിക്കല്‍ ടീമും ഉണ്ടാവും. ഇതിന് പുറമെ യാത്രയില്‍ പങ്കെടുക്കുന്നവരെ ഓണ്‍ലൈന്‍ ട്രാക്കിങ് സംവിധാനത്തിലൂടെ നിരീക്ഷിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  'Muziris Paddle 2019' explores the oldest spice route of Kerala begins, Kochi, News, Entertainment, Kozhikode, Boats, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia