ആകാംക്ഷയോടെ കാത്തിരുന്ന ബോളിവുഡ് ലോകത്തിന് നിരാശ; ഇനിയും അഴിക്കുള്ളില്‍ തന്നെ; ബോളിവുഡ് സൂപെര്‍താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല

 



മുംബൈ: (www.kvartha.com 20.10.2021) ലഹരിക്കേസില്‍ ബോളിവുഡ് സൂപെര്‍താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അഴിക്കുള്ളില്‍ തന്നെ കഴിയണം. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. 23 കാരനായ ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും. കേസില്‍ അറസ്റ്റിലായ
സുഹൃത്തുക്കളായ അര്‍ബാസ് മര്‍ചന്റിനും മുന്‍ മുന്‍ ധമേചക്കും ജാമ്യമില്ല.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എന്‍ സി ബി വാദിച്ചത്. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍ സി ബി കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അറസ്റ്റിലായ ആര്യന്‍ ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്.

ആകാംക്ഷയോടെ കാത്തിരുന്ന ബോളിവുഡ് ലോകത്തിന് നിരാശ; ഇനിയും അഴിക്കുള്ളില്‍ തന്നെ; ബോളിവുഡ് സൂപെര്‍താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല


മുംബൈയില്‍ ആഡംബര കപ്പലിലെ ലഹരി പാര്‍ടിയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ മൂന്നിന് പുലര്‍ചെയാണ്  ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാനടക്കം 16 പേരെയാണ് എന്‍ സി ബി അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരി പാര്‍ടി നടത്തിയത്. പാര്‍ടിയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ സി ബിയുടെ പരിശോധന.

ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിന്നീട് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്റെ വാട്‌സ് ആപ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാകെറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍ സി ബി വാദിച്ചത്. ഇതോടെയാണ് നേരത്തെ ആര്യന് ജാമ്യം നിഷേധിക്കപ്പെട്ടത്. ആര്യന്റെ സുഹൃത്തുക്കളായ അര്‍ബാസ് സേഥ് മര്‍ചന്റില്‍ നിന്ന് ആറ് ഗ്രാം ചരസും മുണ്‍മുണ്‍ ധമേചയില്‍ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയതായി എന്‍ സി ബി അറിയിച്ചിരുന്നു.

നേരത്തെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയുന്നത് ദസറ അവധി കഴിഞ്ഞുള്ള ഒക്‌ടോബര്‍ 20 ലേക്ക് മാറ്റിയതായിരുന്നു. 14 ന് വിധി പറയാതിരുന്ന ജഡ്ജ് വി വി പാട്ടീല്‍ 20 ന് വിധി പറയാമെന്നറിയിച്ചതായിരുന്നു. വിധി പറയുന്നത് നീട്ടിവച്ച കോടതി നടപടിക്കെതിരെ ബോളിവുഡ് താരങ്ങളടക്കം വിമര്‍ശനമുയര്‍ത്തിയിരുന്നു. 

ബുധനാഴ്ച രാവിലെ മുതല്‍ ആര്യന്റെ ജാമ്യാപേക്ഷയിലെ അന്തിമ തീരുമാനമറിയാന്‍ ബോളിവുഡ് താരങ്ങളടക്കം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഉച്ചക്ക് 2.45 ന് വിധി പറയാമെന്ന് രാവിലെ കോടതി അറിയിച്ചതായിരുന്നു. നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വാദം അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കാന്‍ തയാറായില്ല. 

Keywords:  News, National, India, Mumbai, Entertainment, Bollywood, Drugs, Case, Arrest, Bail, Court, Mumbai Cruise Drugs Case: Aryan Khan's bail plea rejected again, lawyers to move high court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia