Controversy | ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത് മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെ; പരാതി നല്‍കി മാമുക്കോയയുടെ മകന്‍
കോഴിക്കോട്: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പല മുതിര്‍ന്ന നടന്മാര്‍ക്കെതിരെയും ലൈംഗിക ആരോപണം ഉന്നയിക്കുകയും ഇതുസംബന്ധിച്ച യുവ നടികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ പൊലീസ് ഇരയുടെ മൊഴി എടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതിനിടെ അന്തരിച്ച നടന്‍ മാമുക്കോയയ്ക്കെതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തലില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് മകന്‍ മുഹമ്മദ് നിസാര്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് മുഹമ്മദ് നിസാര്‍ പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തിയതിനു നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
മരിച്ചുപോയ പിതാവിനു മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്. അടുത്തഘട്ടമായി കോടതിയെ സമീപിക്കുമെന്നും നിസാര്‍ പറഞ്ഞു.
നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ ഇടവേള ബാബു നേരത്തെ പരാതി നല്‍കിയിരുന്നു. നടിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തുകയും സുധീഷിനും ഇടവേള ബാബുവിനുമെതിരെ നടക്കാവ് പൊലീസ് കേസെടുക്കുകയും ചെയ്തു. 364 എ പ്രകാരമാണ് കേസെടുത്തത്. ഇതിനുപിന്നാലെയാണ് നടിക്കെതിരെ മാമുക്കോയയുടെ മകന്‍ പരാതിയുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി നിസാര്‍ ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. 'അമ്മയെ മാമയാക്കാന്‍ ശ്രമിക്കുന്നവരോടും ഹേമ കമ്മിറ്റിയുടെ മറവില്‍ കളപറിക്കാന്‍ ഇറങ്ങിയവരോടും എനിക്കും ചിലത് പറയാനുണ്ട്.. PART-1' എന്ന പേരില്‍ സുദീര്‍ഘമായ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.
സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നൊരാളാണ് ഞാന്‍. അമ്പതുവര്‍ഷത്തിലേറെ കാലം എന്റെ ഉമ്മയും ഉപ്പയും ഒരുമിച്ച് ജീവിച്ചതാണ്. ഒരു വഴക്കും ഇക്കാലത്തിനിടയില്‍ ഇവര്‍ തമ്മിലുണ്ടായതായി ഞാന്‍ കേട്ടിട്ടില്ല. കേരളസമൂഹം വാര്‍ത്തയിലൂടെ കണ്ട ഒരുപാട് സ്ത്രീകളുടെ കഥ അറിയാം. ഒരു മാഡം എന്റെ ഉപ്പയേക്കുറിച്ചുപറഞ്ഞ അപവാദത്തിന്റെ പിന്നിലാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. വേട്ടക്കാരന്‍ ശിക്ഷിക്കപ്പെടണം. ഇരയ്ക്ക് മാന്യമായ നീതി ലഭിക്കുകയും വേണം. അത് ആരായാലും ഏത് കേസിലായാലും, നിസാര്‍ പറഞ്ഞു.
#Mamukkoya #Immoral Assault #allegations #defamation #Malayalamcinema #justice