Passport Cancelled | ലൈംഗികപീഡനക്കേസില്‍ പ്രതിയായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട് കേന്ദ്രസര്‍കാര്‍ റദ്ദാക്കി; ഇന്റര്‍പോള്‍ വഴി വിവരം യുഎഇയെ അറിയിക്കും; മറ്റു രാജ്യങ്ങള്‍ക്കും ഈ വിവരം കൈമാറും
May 20, 2022, 09:01 IST
കൊച്ചി: (www.kvartha.com) ലൈംഗികപീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട് കേന്ദ്രസര്‍കാര്‍ റദ്ദാക്കി. കൊച്ചി പൊലീസിന്റെ ആവശ്യ പ്രകാരമാണ് നടപടി. ഇക്കാര്യം ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും. യുഎഇയ്ക്ക് പുറത്ത് വിജയ് ബാബു പോകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്കും ഈ വിവരം കൈമാറും
അതിനിടെ വിജയ് ബാബുവിനെതിരെ റെഡ് കോര്‍നര്‍ നോടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടുള്ള അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. വിജയ് ബാബു യുഎഇയില്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
യുഎഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്റര്‍പോള്‍ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോര്‍നര്‍ നോടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഇന്റര്‍പോള്‍ വഴി റെഡ് കോര്‍നര്‍ നോടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്റാണ് യുഎഇ പൊലീസിന് കൈമാറിയത്.
താന്‍ ബിസിനസ് ആവശ്യാര്‍ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് ഹൈകോടതിയില്‍ അപേക്ഷ നല്‍കിയ ഇയാള്‍ അപേക്ഷ ഹൈകോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു. എന്നാല്‍ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇത്രയും ദിവസം വിജയ് ബാബുവിന് വേണ്ടി കാത്തിരിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്റര്‍പോള്‍ വഴി നീക്കങ്ങള്‍ ശക്തമാക്കിയത്.
കഴിഞ്ഞ മാര്‍ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്‌ലാറ്റിലും ആഢംബര ഹോടെലിലും പാര്‍പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവനടിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ബാലാത്സംഗം, ദേഹോപദ്രവം ഏല്‍പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.