Unity | മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി നടത്തുന്നത് മാത്രമല്ല, പ്രാർത്ഥന സർവചരാചരങ്ങൾക്കും വേണ്ടിയുള്ളതാണ്; അതിരുകൾ ചുരുക്കുന്ന കേരളം വിതയ്ക്കുന്നതെന്ത്?

 
Mohanlal praying at Sabarimala for Mammootty, Kerala religious unity
Mohanlal praying at Sabarimala for Mammootty, Kerala religious unity

Photo Credit: Facebook/ Mammootty, Mohanlal

● മോഹൻലാൽ മമ്മൂട്ടിക്കുവേണ്ടി ശബരിമലയിൽ വഴിപാട് നടത്തി.
● ആറ്റുകാൽ പൊങ്കാലയിൽ മണക്കാട് പള്ളി നോമ്പ് കഞ്ഞി വിതരണം ചെയ്തു.
● വെളിച്ചപ്പാടിനെ പള്ളിയിൽ സ്വീകരിക്കുന്നു 
● ക്ഷേത്രത്തിലേക്ക് പള്ളിയിൽ നിന്ന് ക്ഷണിക്കുന്നു.

ഭാമനാവത്ത്

(KVARTHA) ശബരിമല കവാടത്തിൽ എഴുതി വെച്ചിരിക്കുന്ന വാചകം തത്വമസിയെന്നാണ്. അതു നീ തന്നെയാണതിൻ്റെ അർത്ഥം. എന്നെ തേടി വരുന്ന ഭക്താ ഞാൻ നിൻ്റെ ഉള്ളിലുണ്ടെന്നാണ് തത്വമസിയുടെ പൊരുൾ. കർമ്മങ്ങളിലൂടെ എന്നെ നിനക്ക് കാണാം. ലോകത്തിലെ പരമാണുവിൽ പോലും ദൈവാംശമുണ്ടെന്നാണ് ശബരിമലയിലെ ശ്രീ ധർമ്മശാസ്താവ് വിശ്വാസികളോട് പറയുന്നത്. ഇവിടെ പ്രാർത്ഥന ലോകത്തിലെ സകല ചരാചരങ്ങൾക്കും വേണ്ടിയാണ്, അതിൽ ഭേദങ്ങളില്ല.

ഈയൊരു അർത്ഥത്തിൽ വേണം മലയാളികളുടെ പ്രിയ നടൻ മോഹന്‍ലാല്‍ തന്റെ ഇച്ചാക്കയ്ക്ക്, മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ വഴിപാട് കഴിച്ചത്. മതസൗഹാര്‍ദത്തിന്റെയും ഇരു കലാകാരൻമാർ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും ഊഷ്മളത അനുഭവിച്ചറിഞ്ഞ സാധാരണ മലയാളി സോഷ്യല്‍ മീഡിയയില്‍ അതാഘോഷിക്കുകയും ചെയ്തു. മമ്മൂക്കയ്ക്ക് വേണ്ടി ലാലേട്ടന്‍ നടത്തിയ ഉഷപൂജ മാത്രമല്ല മലയാളി മതസൗഹാര്‍ദത്തിന്റെ പേരില്‍ ആഘോഷിച്ചിട്ടുള്ളത്. 

സമൂഹത്തിൽ വൈവിധ്യങ്ങളെയും നാനാത്വത്തെയും സ്വാശീകരിക്കുന്നതിൻ്റെ നീണ്ട ചരിത്രം തന്നെ കേരളക്കരയ്ക്കുണ്ട്. അറബികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച സാമൂതിരിയെക്കാൾ മുൻപെയുള്ള കാലം വരെ എൻ.പി ശ്രീധരൻ രചിച്ച കേരള ചരിത്രത്തിൽ നമുക്ക് വായിക്കാം. ദിവസങ്ങള്‍ക്ക് മുന്‍പാണ് തലസ്ഥാന നഗരിയില്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ഭക്തരെ നോമ്പ് കഞ്ഞി നല്‍കി തിരുവനന്തപുരത്തെ മണക്കാട് വലിയ പള്ളി സ്വീകരിച്ചത്. അതും ആദ്യതവണയായിരുന്നില്ല. വര്‍ഷങ്ങളായി തുടരുന്ന ആതിഥ്യ മര്യാദയാണത്. 

കുടിവെള്ളവും നോമ്പുകഞ്ഞിയും വിതരണം ചെയ്തും അടിയന്തരസേവനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താവളമായും മണക്കാട് പള്ളി എന്നും പൊങ്കാലയുടെ ഭാഗമായിരുന്നു. അങ്ങു വടക്കേയറ്റത്ത് ഇതേ റമദാനില്‍ പള്ളിവാളുമേന്തി പള്ളിമുറ്റത്തെത്തിയ വെളിച്ചപ്പാടിനെ റമദാനിൽ ജുമുഅ നമസ്‌കാരം കഴിഞ്ഞിറങ്ങിയ മുസ്ലീം വിശ്വാസികള്‍ ആദരവോടെ സ്വീകരിക്കുന്നതും നാം കണ്ടു. ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണിക്കാന്‍ വെളിച്ചപ്പാടും പരിവാരങ്ങളും പള്ളിയില്‍ പോവുകയും പള്ളിയിലെ ഉറൂസിന് ക്ഷണിക്കാന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തില്‍ എത്തുന്നതും അവിടെ സാധാരണമാണ്. 

ഇത്തരം മഹനീയ മാതൃകയുള്ള കേരളക്കരയിൽ വീണ്ടും വിചാരങ്ങളില്ലാത്ത വിടുവായത്തരങ്ങള്‍ നടത്തുന്നവർ കത്തിവയ്ക്കുന്നത് മതേതര കേരളമെന്ന പൊതുബോധ്യത്തിന്റെ കടയ്ക്കലാണെന്ന് ചിന്തിക്കുന്നേയില്ല. ഇത്തരം സങ്കുചിതമനസ്ക്കർ ചോദ്യം ചെയ്യുന്നത് സഹജീവി സ്‌നേഹത്തെയും സാഹോദര്യത്തെയും, അല്പമെങ്കിലും ബാക്കിയായ ഇത്തിരി നന്മയെയുമാണ്. 

ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നു പറഞ്ഞ നാരായണഗുരുവിന്റെ നാടാണ് കേരളം. മതഭ്രാന്തിന് ചങ്ങലയിട്ട നവോത്ഥാന നായകർ ഉഴുതുമറിച്ച സാംസ്കാരിക ഭൂമിയാണിത്. എന്നാൽ മതനിരപേക്ഷത ദുർബലമാകുന്ന ഇടങ്ങളിൽ  തീവ്ര മതാത്മകത വേരോടിത്തുടങ്ങിയിരിക്കുകയാണ്. നീ പള്ളിക്കാരനോ അമ്പലക്കാരനോ എന്ന ബാല്യത്തിലെ ചോദ്യത്തിന്റെ നിഷ്‌കളങ്കത നഷ്ടപ്പെട്ടുകഴിഞ്ഞു. രാഷ്ട്രീയ ചായ്‌വും മതവിശ്വാസവും നോക്കി ബന്ധങ്ങളെ അളക്കാന്‍ കുറച്ചുപേരെങ്കിലും മുതിര്‍ന്നുതുടങ്ങിയിട്ടുമുണ്ട്. 

പക്ഷെ മുനിഞ്ഞുകത്തുന്ന ഹിന്ദുത്വയുടെ മറവില്‍ രാജ്യം വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പോലും ഒരു സെക്യുലര്‍ രാഷ്ട്രീയ അടിത്തറ കാത്തുസൂക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ട്, ഈ മണ്ണ് വിഷലിപ്തമാകില്ലെന്ന് ചങ്കുറപ്പോടെ പറയുന്ന കുറച്ചധികം പേരുണ്ടിവിടെ. പ്രളയത്തിലും ഉരുള്‍പൊട്ടലിലും കൊവിഡ് കാലത്തും നാമത് കണ്ടതാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വിശ്വാസങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും തൽക്കാലം മാറ്റി നിര്‍ത്തി ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്ന ലാലിന്റെ വാക്കുകള്‍ മാത്രം ശ്രവിക്കാം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Mohanlal's prayer at Sabarimala for Mammootty symbolizes Kerala's commitment to religious harmony and unity across different communities.

#Mohanlal #Mammootty #Sabarimala #ReligiousHarmony #KeralaNews #Unity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia