

● നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവം.
● രാഘവൻ മാസ്റ്റർ താളബോധത്തെ പ്രശംസിച്ചു.
● മലയാളികൾക്ക് കുടുംബാംഗത്തെപ്പോലെ പ്രിയങ്കരൻ.
● അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞു.
● 1960 മെയ് 21ന് പത്തനംതിട്ടയിൽ ജനനം.
● 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.
● ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ 400 ചിത്രങ്ങളിൽ അഭിനയിച്ചു.
നവോദിത്ത് ബാബു
(KVARTHA) മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിന് ഇന്ന് (മെയ് 21) 65 വയസ് പൂർത്തിയാകുന്നു. താൻ ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും ഗ്ലാമർ ആയ ഒരു രംഗത്ത് നാലര പതിറ്റാണ്ട് സൂര്യ ശോഭയോടെ പരിലസിക്കുകയെന്ന അപൂർവ്വ ഭാഗ്യം നേടിയ നടനാണ് മോഹൻലാൽ.
മലയാളമെന്ന ഒരു ചെറിയ ഭാഷയിലെ ലോകത്തിൽ നിന്നും ഉയർന്ന് തന്റെ കാലഘട്ടത്തിലെ ഇന്ത്യയിലെ തന്നെ അമിതാബച്ചൻ, രജനികാന്ത്, കമലഹാസൻ തുടങ്ങി എല്ലാ മഹാനടന്മാരുമായി മത്സരിച്ച് അഭിനയിച്ച് തന്റെതായ വ്യക്തിമുദ്ര തെളിയിച്ച അതുല്യ നടനാണ് മോഹൻലാൽ.
മോഹൻലാലിനെ പറ്റി പലരും പല രൂപത്തിൽ പല ഭാവത്തിൽ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും അത്യൽഭുതം എന്ന് തോന്നുന്നത് യശ ശരീരനായ സംഗീത സംവിധായകൻ രാഘവൻ മാസ്റ്റർ മോഹൻലാലിനെ പറ്റി പറഞ്ഞതാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. സത്യനെശൻ നാടാർ എന്ന സത്യൻ മാഷ് മുതൽ തന്റെ മരണം വരെയുള്ള കാലഘട്ടത്തിലെ മുഴുവൻ അഭിനേതാക്കളെയും നേരിട്ടറിഞ്ഞ രാഘവൻ മാസ്റ്റർ മോഹൻലാലിനെ പറ്റി പറഞ്ഞത് മോഹൻലാലിനെ പോലെ താളബോധമുള്ള ഒരു നടനെ ഞാൻ കണ്ടിട്ടില്ല എന്നാണ്. അത് ആ പ്രതിഭയോടുള്ള അങ്ങേയറ്റത്തെ ആദരവാണ്.
കഴിഞ്ഞ 45 വർഷത്തോളമായി തലമുറ ഭേദമില്ലാതെ മലയാളികളെ അവരുടെ കുടുംബത്തിൽ ഒരാളായി തോന്നത്തക്ക വിധം അനാദൃശമായ അഭിനയ സിദ്ധി കൊണ്ടും പെരുമാറ്റ വൈശിഷ്ട്യം കൊണ്ടും എല്ലാ മലയാളികൾക്കും സ്വകാര്യ അഹങ്കാരമാണ് അവരുടെ ലാലേട്ടൻ. സിനിമക്കപ്പുറം കേരള സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഒരു ജനതയെ പ്രബുദ്ധരാക്കാനുള്ള വശ്യത മോഹൻലാലിന്റെ സംഭാഷണങ്ങളിൽ വ്യക്തമാണ്.
ആത്മാവിന്റെ അന്തരാളങ്ങളിൽ നിന്ന് വരുന്ന വാക്കുകൾക്ക് പലപ്പോഴും ഒരു ആചാര്യഭാവം കൈവന്നിട്ടുണ്ട് എന്ന് മോഹൻലാലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാവും. കാരുണ്യവും നന്മയും സ്നേഹവും സാഹോദര്യവും അന്യം നിന്നു പോകുന്നു എന്നു തോന്നുന്ന ഈ ഒരു കാലഘട്ടത്തിലും അതിനെയൊക്കെ ചേർത്തുപിടിച്ചുകൊണ്ടുള്ള ലാലിന്റെ സംഭാഷണങ്ങൾ നിരന്തരം നന്മയെക്കുറിച്ച് മാത്രം സംസാരിക്കുന്ന രീതികൾ എല്ലാവരിലും അത്ഭുതമുളവാക്കുന്നതാണ്.
വൃദ്ധ മാതാക്കളെ പെരുവഴിയിലും അനാഥശാലകളിലും ഉപേക്ഷിക്കുന്ന മക്കൾ വളർന്നുവരുന്ന ഈ കാലഘട്ടത്തിൽ അമ്മ എന്നത് കേവലം രണ്ട് അക്ഷരമല്ല എന്നും നമ്മെ നാമാക്കിയ ആത്മചൈതന്യമാണ് എന്നും ഓർമ്മിപ്പിക്കുന്ന മോഹൻലാലിന്റെ വാക്കുകൾ മതി ആ ഹൃദയത്തിന്റെ ആഴം മനസ്സിലാക്കാൻ.
ഇന്ത്യൻ സിനിമയിലെ മഹാരഥനായ അമിതാബ് ബച്ചനൊപ്പം അഭിനയിച്ചതിനെപ്പറ്റി മോഹൻലാൽ ഒരിക്കൽ പറയുകയുണ്ടായി. മേജർ രവിയുടെ കാണ്ഡഹാറിൽ അഭിനയിച്ചതിനെ പറ്റി ചോദിച്ചപ്പോൾ ഇന്ത്യൻ സ്ക്രീനിനെ തന്റെ ഗാംഭീര്യമുള്ള ശബ്ദവും രൂപവും കൊണ്ട് പിടിച്ചു കുലുക്കിയ ഒരു മനുഷ്യന്റെ മുമ്പിൽ ഞാൻ വെറും ഒരു ശിശു മാത്രമെന്ന് പറഞ്ഞത് കേട്ടപ്പോൾ ആ ഹൃദയത്തിന്റെ എളിമ എത്രയാണ് എന്ന് ഏതൊരാൾക്കും മനസ്സിലാകും.
1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരിൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടു മക്കളിൽ ഒരാൾ അയിട്ടായിരുന്നു ലാലിന്റെ ജനനം. അഭിനയ ജീവിതം എന്നും ഹൃദയത്തോട് ചേർത്തുനിർത്തിയിരുന്ന ലാൽ കോളേജ് വിദ്യാഭ്യാസ കാലത്തെ തന്റെ കളിക്കൂട്ടുകാരായ പ്രിയദർശൻ, സുരേഷ് തുടങ്ങിയവരോടൊപ്പം ചേർന്ന് തിരനോട്ടം എന്ന സിനിമ ചെയ്യുകയുണ്ടായി.
ശക്തമായ ജയൻ തരംഗം നിന്നിരുന്ന 80 കാലഘട്ടത്തിൽ തികച്ചും പുതുമുഖങ്ങളുമായി ഒരു ചിത്രം നിർമ്മിക്കുക എന്ന ലക്ഷ്യവുമായി നവോദയ അപ്പച്ചൻ ഫാസിൽ എന്ന യുവ സംവിധായകനെ ഏൽപ്പിച്ചപ്പോൾ, ആ കൂട്ടുകെട്ട് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന അത്ഭുത ചിത്രം ഉണ്ടാക്കിയപ്പോൾ, പ്രേക്ഷകർക്ക് അറുപ്പും വെറുപ്പും തോന്നുന്ന നരേന്ദ്രൻ എന്ന വില്ലനായി പകർന്നടിയ മോഹൻലാൽ എന്ന 20 കാരൻ, പിന്നീട് മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു.
ശങ്കർ, പൂർണിമ ജയറാം, എന്നിവർ നായിക നായകന്മാരും ജെറി അമൽദേവ് എന്ന പുതുമുഖ സംഗീതസംവിധായകനും ചിത്രത്തിന്റെ ഭാഗമായിരുന്നു. ഏറെക്കാലം ശങ്കർ നായകനും മോഹൻലാൽ വില്ലനുമായി സിനിമ തുടർന്നപ്പോൾ കാലത്തിന്റെ കുത്തൊഴുക്കിൽ മോഹൻലാൽ നായകനും ശങ്കർ വില്ലനും ആയി എന്നത് ആ അഭിനയ സിദ്ധി അറിയുന്ന ആർക്കും അത്ഭുതമായി തോന്നില്ല.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പുതുമുഖ താരങ്ങളെ ഇന്റർവ്യൂ ബോർഡ് പരിശോധിച്ചപ്പോൾ ഭൂരിപക്ഷം പേരും മോഹൻലാലിന് നൂറിൽ പത്തിൽ താഴെ മാർക്ക് ആണ് നൽകിയത് എന്നും സംവിധായകൻ ഫാസിലും നിർമ്മാതാവ് ജിജോയും 95 ലേറെ മാർക്ക് നൽകി തന്നെ കടാക്ഷിക്കുകയായിരുന്നു എന്നും ഒരു അഭിമുഖ സംഭാഷണത്തിൽ ലാൽ പറഞ്ഞിട്ടുണ്ട്. പിന്നിടുള്ള അവസ്ഥ വച്ച് ചിന്തിക്കുമ്പോൾ ഫാസിലിന്റെയും ജിജോയുടെയും അപാര വൈഭവത്തിന്, മലയാള സിനിമ ലോകത്തിന് ഒരു മണിമുത്തിനെ നൽകിയതിന് സിനിമാലോകം എന്നും കടപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.
മലയാളം തമിഴ് ഹിന്ദി തെലുങ്ക് കന്നട ഭാഷകളിലായി 400 ന് അടുത്ത് ചിത്രങ്ങളിൽ ലാൽ അഭിനയിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച നടനുള്ള ദേശീയ അവാർഡും ഒരുതവണ ദേശീയ സ്പെഷ്യൽ ജുറി പുരസ്കാരവും ലാൽ നേടിയിട്ടുണ്ട്. നിരവധി തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പത്മശ്രീ, പത്മഭൂഷൻ, ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ ബഹുമതിക്കും ലാൽ അർഹനായിട്ടുണ്ട്. സംസ്കൃതം വായിക്കാൻ പോലും അറിയാത്ത മോഹൻലാൽ കാവലത്തിന്റെ കർണ്ണഭാരം എന്ന സംസ്കൃത നാടകത്തിൽ ആടി തകർത്തത് എന്റെ കഴിവൊന്നുമല്ല ദൈവത്തിന്റെ നിയോഗമാണ് എന്നാണ് വിശേഷിപ്പിക്കുകയുണ്ടായത്.
അതുപോലെ കഥകളിയുടെ എബിസിഡി അറിയാത്ത ലാൽ വാനപ്രസ്ഥം എന്ന സിനിമയിലെ കഥകളി നടനിലൂടെ ജീവിച്ചത് കണ്ടപ്പോൾ മലയാളി പ്രേക്ഷകർ മുഴുവൻ ആ അസാധ്യ കഴിവിനു മുമ്പിൽ നമ്ര ശിരസ്കരായി. മലയാള മനോരമയുടെ നേതൃത്വത്തിൽ നടന്ന കഥയാട്ടത്തിൽ മലയാള സാഹിത്യത്തിലെ 10 പ്രമുഖ കഥാപാത്രങ്ങളെ വേദിയിൽ പകർന്നടിയത് പ്രേക്ഷകർക്ക് അത്ഭുതത്തോടുകൂടി മാത്രമേ ഓർക്കാൻ പറ്റൂ.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വഴി വില്ലൻ വേഷങ്ങളിൽ പകർന്നാട്ടം തുടങ്ങിയ മോഹൻലാൽ പിന്നീട് സഞ്ചാരി, അഹിംസ, ഊതിക്കാച്ചിയ പൊന്ന്, അട്ടിമറി, ഹലോ മദ്രാസ് ഗേൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തു. ഇതിൽനിന്നും മാറ്റം വരാൻ തുടങ്ങി മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന നായക നിരയിലേക്ക് ഉയർന്നത് അപ്പുണ്ണി, അതിരാത്രം, ഒന്നാണ് നമ്മൾ, ഇവിടെ തുടങ്ങുന്നു, പുച്ചക്ക് ഒരു മൂക്കുത്തി തുടങ്ങിയ ചിത്രങ്ങൾ വഴിയാണ് പിന്നീട് ഉണ്ടായത് ചരിത്രം. മോഹൻലാൽ പ്രിയദർശൻ സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം മലയാള സിനിമ പ്രേക്ഷകരുടെ കണ്ണും കരളുമായി മാറി.
നായകൻ എന്നതിൽ നിന്ന് സൂപ്പർസ്റ്റാർ മെഗാസ്റ്റാർ തുടങ്ങി വിശേഷണങ്ങൾക്ക് അതീതനായി. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലൂടെ മലയാളത്തിലെ സൂപ്പർസ്റ്റാറായി. വിൻസൺ ഗോമസ് എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ സിനിമ പ്രേക്ഷകരുടെ ചുണ്ടിൽ ഇന്നും കത്തിക്കളിക്കുന്നു. ഷാജി കൈലാസ് തന്റെ ചിത്രങ്ങളിലൂടെ മോഹൻലാലിനെ അമാനുഷിക മനുഷ്യനായും വളർത്തിയെടുത്തു. ആ ഗംഗാപ്രവാഹം ഇന്നും ഒഴുകുകയാണ്. മലയാളികളുടെ മകനായി സഹോദരനായി അച്ഛനായി.. എല്ലാവരുടെയും ഇഷ്ടക്കാരനായി.
2025ൽ ഇറങ്ങിയ തരുൺ മൂർത്തിയുടെ തുടരും എന്ന് ചിത്രത്തിന്റെ പേര് പോലെ മോഹൻലാൽ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നും തുടരട്ടെ.. പ്രേക്ഷകരുടെ ഹൃദയ വികാരത്തിന്റെ ബാക്കിപത്രമായി. അവരുടെയെന്നും ഓമനത്തമുള്ള ലാലേട്ടനായി മാറുകയായിരുന്നു.
മലയാളത്തിൻ്റെ അഭിമാനമായ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഈ ലേഖനം പങ്കുവെക്കുക.
Summary: Malayalam superstar Mohanlal turns 65 today (May 21). This article celebrates his illustrious four-and-a-half-decade career, his versatility as an actor, and his enduring connection with the audience, making him a beloved figure in Indian cinema.
#Mohanlal65, #HappyBirthdayMohanlal, #Lalettan, #MalayalamCinema, #Superstar, #IndianActor