SWISS-TOWER 24/07/2023

മുഹമ്മദ് റാഫി: അനശ്വരമായ പാട്ടുകൾ, മായാത്ത ഓർമ്മകൾ

 
Portrait of legendary Indian playback singer Mohammed Rafi.
Portrait of legendary Indian playback singer Mohammed Rafi.

Image Creadit: X/ Bollywood Hungama

● ഹിന്ദിയിലും ഉറുദുവിലുമുള്ള ഗാനങ്ങളിലൂടെ ആരാധക മനസ്സിൽ നിറഞ്ഞു.
● ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡും നേടി.
● രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
● ബോംബെയിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം.

ഭാമനാവത്ത്

(KVARTHA) സിനിമാ സംഗീതപ്രേമികളുടെ മനസ്സിൽ ഒരിക്കലും നിലയ്ക്കാത്ത നാദധാരയായ സംഗീതത്തിന്റെ ഉടമയായ മുഹമ്മദ് റാഫിക്ക് ഇത് ജന്മശതാബ്ദി വർഷം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തനും ജനപ്രിയനും പ്രതിഭാശാലിയും മികച്ച സ്വാധീനവുമുള്ള ഗായകരിൽ ഒരാളായി അദ്ദേഹത്തെ എന്നും പരിഗണിക്കുന്നു.

Aster mims 04/11/2022

ഇന്ത്യൻ ചലച്ചിത്ര സംഗീതശാഖയ്ക്ക് ഐതിഹാസികമായ സംഭാവനകൾ നൽകിയ റാഫി, തന്റെ പ്രശസ്തിയുടെ മൂർദ്ധന്യത്തിൽ നിൽക്കവേ 55-ാമത്തെ വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് (ജൂലൈ 31) 45 വർഷം തികയുന്നു.

ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ ഇതിഹാസമായ പിന്നണിഗായകനായിരുന്നു മുഹമ്മദ് റാഫി. ഇന്ത്യക്കകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അപാര സംഗീതസൗന്ദര്യത്തിന്റെ ഉടമ. കാലമെത്ര കടന്നുപോയാലും മുഹമ്മദ് റാഫി എന്ന ഇതിഹാസത്തെ ഒരു ദിവസം പോലും ഓർക്കാതെ ഒരു സംഗീതപ്രേമികൾക്കും മുന്നോട്ടുപോകാനാവില്ല എന്ന കാര്യം ഏതൊരാൾക്കും അറിയാവുന്നതാണ്. 

ഹിന്ദി, മറാത്തി, തെലുങ്ക്, ഉറുദു തുടങ്ങി അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഹിന്ദിയിലും ഉറുദുവിലും പാടിയ ഗാനങ്ങളിലൂടെയാണ് റാഫി ആരാധക മനസ്സിൽ മായാത്ത സ്ഥാനം പിടിച്ചുപറ്റിയത്. ഓർമ്മകളിലേക്ക് കടന്നുപോയെങ്കിലും ഇന്നും കാലം മൂളി നടക്കുന്ന ഈണമാണ് മുഹമ്മദ് റാഫി. കാലാതീതമായി കുടിയിരിക്കുന്ന ഈണം. 

വിടപറഞ്ഞ് 45 വർഷമായപ്പോഴും മുഹമ്മദ് റാഫി ഇപ്പോഴും പാടിക്കൊണ്ടിരിക്കുകയാണ്. ഗ്രാമഫോണുകളിൽ, ഗ്രാമങ്ങളിലെ ചായക്കടകളിൽ, തുടങ്ങി അത്യന്താധുനിക കാലഘട്ടത്തിൽ ചെവികളിൽ തിരുകിയിരിക്കുന്ന ചിപ്പുകളിലും റാഫി പാടിക്കൊണ്ടേയിരിക്കുന്നു. 

35 വർഷം നീണ്ടുനിന്ന സംഗീതയാത്രയിൽ ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡും റാഫി കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചിട്ടുമുണ്ട്. എണ്ണിയാൽ തീരാത്ത ഗാനങ്ങൾ പാടി അനശ്വരമാക്കിയ റാഫിയുടെ ശബ്ദത്തെ അമാനുഷികം എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. 

മുകേഷ്, കിഷോർകുമാർ എന്നീ ഗായകർക്കൊപ്പം മത്സരിച്ച് 1950 മുതൽ 70 വരെയുള്ള കാലഘട്ടത്തിൽ ഈ മേഖലയിലെ മുടിചൂടാമന്നനായി റാഫി ജീവിക്കുകയുണ്ടായി. 

പഞ്ചാബിലെ അമൃത്സർ ജില്ലയിലെ സുൽത്താൻ സിംഗ് എന്ന ഗ്രാമത്തിലായിരുന്നു റാഫിയുടെ ജനനം. ഇസ്ലാമിൽ ദൈവത്തിന്റെ വിശേഷണങ്ങളിൽ ഒന്നായ റാഫി എന്ന പേര് സ്വന്തം പുത്രന് ആ പിതാവ് നൽകിയത് ആ മകൻ വളർന്നുകഴിഞ്ഞ് സംഗീതത്തിന്റെ പ്രത്യക്ഷ ദൈവമായി ആരാധക മനസ്സിൽ കുടിയിരിക്കും എന്ന് മുൻകൂട്ടി കണ്ടതാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. 

പിതാവ് ലാഹോറിലേക്ക് താമസം മാറ്റിയപ്പോൾ റാഫിയുടെ സംഗീത പഠനവും ലാഹോർ കേന്ദ്രീകരിച്ചായി. സംഗീതം എന്ന തന്റെ ലോകത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ബോളിവുഡ് ആസ്ഥാനമായ ബോംബെയാണ് നല്ലത് എന്ന ചിന്ത കടന്നുവന്നതിനാൽ 1944-ൽ റാഫി ബോംബെയിലേക്ക് താമസം മാറ്റി. ലാഹോർ വിട്ട് ബോംബെയിലേക്ക് തന്റെ കൂടെ വരാൻ വിസമ്മതിച്ച ഭാര്യയെ സംഗീതത്തിനുവേണ്ടി ഉപേക്ഷിക്കേണ്ടി വന്ന ചരിത്രത്തിനും ഉടമയാണ് റാഫി.

പ്രശസ്ത സംഗീതസംവിധായകൻ നൗഷാദുമായുള്ള അടുപ്പം റാഫിയുടെ ജീവിതം മാറ്റിമറിക്കുന്നതിനാണ് പിന്നെ ലോകം സാക്ഷ്യം വഹിച്ചത്. ആദ്യകാലഘട്ടങ്ങളിൽ നൗഷാദിനൊപ്പം നിരവധി കോറസ് ഗാനങ്ങളിലാണ് റാഫി പാടിയിരുന്നത്. 

1947-ൽ പുറത്തിറങ്ങിയ 'ജുഗ്നു' എന്ന ചിത്രത്തിലെ ‘യഹാൻ ബാദ് ലാ വഫാക്ക’ എന്ന ഗാനം റാഫിയുടെ ജീവിതത്തിലെ കരിയർ ബ്രേക്ക് ആയി എന്ന് പറയുന്നു. 'ഹം കിസീ സേ കം നഹി' എന്ന ചിത്രത്തിൽ പാടിയ ‘ക്യാ ഹുവാ തേരെ വാദ’ എന്ന ഗാനത്തിന് ദേശീയ അവാർഡും ലഭിക്കുകയുണ്ടായി.

1948-ൽ മഹാത്മാജിയുടെ രക്തസാക്ഷിത്വത്തെ തുടർന്ന് രാജേന്ദ്ര കിഷൻ എഴുതിയ ’സുനു സുനു ഓ ദുനിയാ വാലോ ബാപ്പുജി’ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. നിരവധി ഭാഷകളിൽ റാഫി പാടിയിട്ടുണ്ടെങ്കിലും മലയാളം വാക്കുകൾ തനിക്ക് വഴങ്ങില്ല എന്ന് മനസ്സിലാക്കിയ റാഫി മലയാളത്തിലേക്കുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ച കഥയും പറഞ്ഞുകേൾക്കുന്നുണ്ട്. പക്ഷേ, തന്റെ ആരാധകനായ റാഫിയെക്കൊണ്ട് തന്റെ സിനിമയിൽ ഒരു പാട്ടു പാടിക്കണമെന്ന് നിർബന്ധം പിടിച്ച 'തളിരിട്ട കിനാക്കൾ' എന്ന സിനിമയുടെ സംവിധായകന്റെ നിർബന്ധത്തിനു വഴങ്ങി ആ സിനിമയിൽ റാഫി ഒരു ഹിന്ദി ഗാനം ആലപിക്കുന്നുണ്ട്.

1980 ജൂലൈ 31-ന് ഹൃദയാഘാതം മൂലം മുഹമ്മദ് റാഫി മരണപ്പെട്ട ദിവസം ബോംബെയിൽ കനത്ത മഴ പെയ്തിരുന്നു. പ്രകൃതി പോലും ആ സംഗീതോപാസകന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകുകയാണോ എന്ന് സംശയം തോന്നിച്ചുകൊണ്ട്.

എത്ര വർഷം കഴിഞ്ഞാലും എത്ര തലമുറ കഴിഞ്ഞാലും മുഹമ്മദ് റാഫി എന്ന സംഗീതസാമ്രാട്ടിനെ സംഗീതാരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. സംഗീതമുള്ളിടത്തോളം കാലം ആസ്വാദകരുടെ മനസ്സിൽ റാഫിയുടെ പാട്ടുകൾ എന്നും മൂളിക്കൊണ്ടിരിക്കും, റാഫി എന്നും ആരാധക മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

 

ഈ അനശ്വരഗായകനെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Article Summary: Remembering Mohammed Rafi: His immortal songs and lasting legacy 45 years after his passing.

#MohammedRafi #IndianMusic #PlaybackSinger #BollywoodClassics #MusicLegend #Rafi45

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia