Movie Review | എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ 'മെമ്മറി പ്ലസ്'; വലിയ സന്ദേശം നൽകുന്ന മനോഹര ചിത്രം
അന്നു ആൻറണി, അനീഷ് ജി മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
ഹൃദയസ്പർശിയായ കഥയാണ് സിനിമയുടെ മുഖ്യ ആകർഷണം.
കെ ആർ ജോസഫ്
(KVARTHA) കെ ടി മൻസൂർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത മെമ്മറി പ്ലസ് എന്ന സിനിമ തീയേറ്ററിൽ റിലീസ് ആയിരിക്കുകയാണ്. സ്നേഹത്തിന്റെ നീരുറവ തേടുന്ന മനുഷ്യന്റെ കഥ പറയുന്ന മനോഹരമായ ഒരു ചിത്രമാണ് മെമ്മറി പ്ലസ്. മനസ്സിൽ ഊറി തെളിഞ്ഞ സ്നേഹവാത്സല്യത്തിന്റെ തെളിനീരൊഴുക്കിയ ഹൃദ്യമായ ഒരു കുടുംബ ചിത്രം എന്ന് വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. എന്താണ് പാലിയേറ്റീവ് പ്രവർത്തനം, എങ്ങനെയായിരിക്കണം നഴ്സും വളണ്ടിയറുമെന്നും, കൂടാതെ നമ്മെ നമ്മളാക്കിയ പ്രവാസിയുടെയും വയോജനങ്ങളുടെയും ഒറ്റപ്പെടലുകളും വരച്ചു കാട്ടുകയാണ് കഥാകാരനും സംവിധായകനുമായ കെടി മൻസൂർ.
വലിയ സിനിമകൾക്കിടയിൽപ്പെട്ട് ഈ നല്ല സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഈ അവസരത്തിൽ ഈ സിനിമയെക്കുറിച്ച് റസാഖ് വഴിയോരം എഴുതിയ ഒരു റിവ്യു ആണ് ശ്രദ്ധയാകർഷിക്കുന്നത്. 'ഇതാ കുറേ ജീവിതങ്ങൾ. ചുറ്റുമുള്ളവരെ കാണാം. ആ കാഴ്ചക്കിടയിൽ നിങ്ങളെയും കണ്ടെന്നിരിക്കും', എന്നു തുടങ്ങുന്നതാണ് ഈ റിവ്യൂ. ന
അതിൽ പറയുന്നത് ഇങ്ങനെയാണ്: 'ചിലർ പതിയെപ്പതിയെ വാർദ്ധക്യത്തിന്റെ അവശതകളിലേക്ക് നടന്നടുക്കുമ്പോൾ, മറ്റുചിലർ സ്വന്തമായി ജോലിചെയ്ത് ജീവിക്കാൻ കഴിയാതെയാവുമ്പോൾ അവരെല്ലാം അനുഭവിക്കുന്ന വല്ലാത്തൊരു നിസ്സഹായവസ്ഥയുണ്ട്. അല്ലലില്ലാതെ ജീവിതം സുഖമായി മുന്നോട്ട് നീങ്ങുമ്പോൾ നമുക്കത് മനസ്സിലാവണമെന്നില്ല. ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ നമ്മെ അല്പനേരം തടഞ്ഞുനിർത്തി, ഇതാ നിങ്ങൾക്ക് ചുറ്റും ഇങ്ങനെ കുറെ ജീവിതങ്ങളുണ്ടെന്നും, നിങ്ങളും അവരിലൊരാളാവാൻ അധികം സമയമൊന്നും വേണ്ടെന്നും നമ്മെ ഓർമ്മപ്പെടുത്തുകയാണ് കെ ടി മൻസൂർ സംവിധാനം ചെയ്ത 'മെമ്മറി പ്ലസ്' എന്ന സിനിമ.
കല മനസ്സിനെ ശുദ്ധീകരിക്കാനും കൂടിയുള്ളതാണെങ്കിൽ ഈ സിനിമ നിങ്ങളുടെ മനസ്സിനെ വിമലീകരിക്കും. 'ഞാനും എന്റേതും' എന്ന മിഥ്യയായ ഉടമാവകാശബോധത്തിന്റെ ഭാരം മനസ്സിൽ നിന്നൊഴിഞ്ഞ് നമുക്ക് വല്ലാത്തൊരു സമാധാനം അനുഭവപ്പെടും. 'മെമ്മറി പ്ലസ്' വെറുമൊരു സിനിമയല്ല. അനേകം കഥാമുഹൂർത്തങ്ങളെ അതിമനോഹരമായി അടുക്കിവെച്ചൊരു മികച്ച കലാസൃഷ്ടിയാണ്. ഒട്ടും വിരസമാവാതെ ഈ ചിത്രം അണിയിച്ചൊരുക്കുന്നതിൽ സംവിധായകൻ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. 'മൈനസു'കളെ അപ്രസക്തമാക്കുന്ന അനേകം 'പ്ലസു'കൾ ഈ സിനിമ ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ സിനിമയെ പ്രേക്ഷകർ ഇതിനകം ഹൃദയത്തിലേറ്റുവാങ്ങിയിരിക്കുന്നതും.
'മെമ്മറി പ്ലസ്' നമ്മളോരോരുത്തരും കാണേണ്ട സിനിമയാണ്, കുടുംബത്തിനും മക്കൾക്കും കാണിച്ചുകൊടുക്കേണ്ട സിനിമയാണ്. ഒരു സിനിമ ഏറെ നാളത്തെ അദ്ധ്വാനമാവശ്യപ്പെടുന്നുണ്ടെങ്കിലും പല തലങ്ങളിലുള്ള ആസ്വാദകരെ ഒരുപേലെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ നിർമിച്ച് പ്രേക്ഷകരുടെ മുമ്പിലെത്തിക്കാൻ കഴിയണമെങ്കിൽ കഠിനാദ്ധ്വാനത്തോടൊപ്പം മഹാഭാഗ്യവും കൂടിയുണ്ടാവണം. സംവിധായകൻ കെ ടി മൻസൂറിന് അങ്ങനെയൊരു ഭാഗ്യം കൂടി ലഭിച്ചിരിക്കുന്നു. സിനിമ ഒരാളുടെ മാത്രമല്ല, അനേകം പേരുടെ നീണ്ട കാലത്തെ അദ്ധ്വാനവും സ്വപ്നവുമാണ്. അവർക്കെല്ലാവർക്കും പ്രചോദനമാകേണ്ടത് നാമോരുത്തരുമാണ്. എല്ലാവിധ വിജയാശംസകളും'.
ഹൃദയസ്പർശിയായ കഥയിലൂടെ പ്രേക്ഷകരുടെ മനസിൽ ചിരിയും ചിന്തയും വിളിച്ചോതുന്നു എന്ന് ഈ റിവ്യൂവിലൂടെ പറയുന്നു. ഹൃദയത്തിലെ മായ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അന്നു ആൻറണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മെമ്മറി പ്ലസിൽ ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ അളിയൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അനീഷ് ജി മേനോൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പഴയ കാല നടി ചാർമിളയും മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു എന്നത് പ്രത്യേകതയാണ്. ചിത്രം എഴുതി സംവിധാനം ചെയ്തിട്ടുള്ളത് കെ ടി മൻസൂർ ആണ്. ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് വണ്ടൂർ ആണ്. ഫീൽഗുഡ് ഫാമിലി ഡ്രാമ കാറ്റഗറിയിൽ പെടുന്ന സിനിമ തന്നെയാണ് മെമ്മറി പ്ലസ്സ് . തീയേറ്ററിൽ തന്നെ പോയി കണ്ട് ഈ മനോഹര ചിത്രത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
#MemoryPlus #MalayalamMovie #KTMansoor #MalayalamCinema #IndianCinema #MalayalamFilms #MalayalamActors