Review | മെയ്യഴകൻ: ചെറുകഥ പോലെ തോന്നുന്ന അതിസുന്ദരമായൊരു സിനിമ

 
Meiyazhagan Movie Review: A Nostalgic Journey Through Memories
Meiyazhagan Movie Review: A Nostalgic Journey Through Memories

Photo Credit: Facebook/ Hollywood to Netflix

● മെയ്യഴകൻ ഓർമ്മകളിലൂടെയുള്ള ഒരു യാത്രയാണ്.
● കാർത്തിയും അരവിന്ദ് സ്വാമിയും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.
● 96 സിനിമയുടെ സംവിധായകൻ സി പ്രേംകുമാറിന്റെ മറ്റൊരു മികച്ച സൃഷ്ടി.

ഡോണൽ മൂവാറ്റുപുഴ 

(KVARTHA) അതിസുന്ദരമായൊരു സിനിമ. ഒരു ചെറുകഥ പോലെ തോന്നുന്ന മെയ്യഴകൻ. കാര്‍ത്തിയാണ് മെയ്യഴകനില്‍ നായകനായി വേഷമിട്ടത്. അരവിന്ദ് സ്വാമിയും കാര്‍ത്തിക്കൊപ്പം നിര്‍ണായക കഥാപാത്രമായി ഉണ്ട്. ഈ സിനിമ കാണുന്ന ആർക്കും തൻ്റെ ഓർമ്മകളിൽ ബാല്യവും വീടും നാട്ടിൻപുറവും ബന്ധുക്കളുടെ മുഖങ്ങളുമൊക്കെ തെളിഞ്ഞു വന്നാൽ അത് ഒരു അത്ഭുതമാകില്ല. അത്രകണ്ട് മനോഹരമാണ് ഈ സിനിമ. 96 സമ്മാനിച്ച സി പ്രേംകുമാറിൻ്റെ മറ്റൊരു നൊസ്റ്റാൾജിക്ക് അനുഭവം. 

അരവിന്ദ് സാമി, കാർത്തി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മെയ്യഴകൻ റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും വലിയ വിജയമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഓർമ്മകളുടെ സിനിമയാണ് മെയ്യഴകൻ പ്രിയതാരങ്ങളായ കാർത്തിയും അരവിന്ദ് സ്വാമിയും മികച്ച അഭിനയം പകർന്ന അനുഭവം. മെയ്യഴകനിൽ 'മാസ്' സീനുകളോ, 'തഗ്' ഡയലോഗുകളോ ഇല്ല. ഹൃദയത്തെ തൊടുന്ന രംഗങ്ങളും ആളുകളും സംസാരവും ആണുള്ളത്. ഒരു പക്ഷേ, അരവിന്ദ് സാമിയുടെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് ചോദിച്ചാൽ ഇനി ഒരുപക്ഷേ  മറുപടി മെയ്യഴകൻ എന്നായിരിക്കും. 

നഗരത്തിൽ ജീവിക്കുന്ന അരുൾ മൊഴി (അരവിന്ദ് സ്വാമി), തഞ്ചാവൂർ ഗ്രാമത്തിൽ തനിക്ക് നഷ്ടപ്പെട്ട വീടിൻ്റെ ഓർമ്മകളിലും ഗ്രാമത്തിൻ്റെ ചിന്തകളിലുമാണ്. എവിടെ നിന്നോ പറന്നു വരുന്ന പച്ച പനംതത്തകൾക്ക് അയാൾ എല്ലാ ദിവസവും വിരുന്നൊരുക്കാറുണ്ട്. ചെന്നൈയിലെ വാടക വീടിൻ്റെ  ടെറസിൽ അവ പറന്നു വരുമ്പോൾ തത്തകളോട് യാത്ര പറഞ്ഞ് അയാൾ ഗ്രാമത്തിലേക്ക് കല്യാണം കൂടാൻ പോവുകയാണ്. ഒരു കസിൻ്റെ കല്യാണത്തിനെത്തുമ്പോൾ താൻ മറന്ന കസിൻ മെയ്യഴകൻ (കാർത്തി) അയാളെ ഓർമ്മകളിലേക്ക് കൂട്ടി നടത്തുന്നു. രണ്ടാൾക്കും പറയാനും ഓർക്കാനും ഒരുപാടുണ്ട്. ഇതാണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. 

ഒന്നാമത്തെ പകുതി ഒരു കവിത പോലെ മനോഹരം. നിങ്ങളുടെ ഉള്ളിൽ ഗൃഹാതുരതകളെ ഇഷ്ടപ്പെടുന്ന, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ ഇഷ്ടപ്പെടുന്ന, സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന ഒരാൾ ഉണ്ടെങ്കിൽ നിങ്ങളെ സന്തോഷിപ്പിക്കാൻ ഒന്നാം പകുതി തന്നെ ധാരാളം. രണ്ടാം പകുതിയിൽ ചിലയിടങ്ങൾ ചെറിയ ലാഗ് ഉണ്ടെങ്കിലും ജോൺസൻ മാഷിന്റെ പാട്ടും കട്ടൻ ചായയും ചെറിയ മഴയും ഒക്കെ ഇഷ്ടപ്പെടുന്നവരെങ്കിൽ നിങ്ങൾക്കിഷ്ടപ്പെടും. 96 റാമിന്റെയും ജാനുവിന്റെയും പ്രണയമാണ് പറഞ്ഞതെങ്കിൽ, മെയ്യഴകൻ പറയുന്നത് ഗൃഹാതുരതയെ കുറിച്ചാണ്.

വലുതായപ്പോൾ, നഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ, നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തെ ഇഷ്ടങ്ങളെ കുറിച്ചും അവിടെ നിങ്ങളേയും കാത്തിരിക്കുന്ന മെയ്യഴകനെയും അയാളുടെ ഹൃദയത്തിലെ  മഴവില്ലുകളെയും കുറിച്ചാണ്. കണ്ണും മനസ്സും ഒരേപോലെ നിറക്കുന്ന ചില സിനിമകളുണ്ട്. മെയ്യഴകനും അത്തരത്തിലുള്ളൊരു സിനിമയാണ്. ചില സന്ദർഭങ്ങളുണ്ടാവാറുണ്ട്. നമ്മൾ പുതിയ മനുഷ്യരെ കാണും, അവരുമായി അടുക്കും, സംസാരിക്കും, പ്രിയ്യപ്പെട്ടവരാകും. പക്ഷെ കുറച്ച് കഴിഞ്ഞ് അവരുടെ ഫോൺ നമ്പർ സേവ് ചെയ്യാനോ മറ്റോ ശ്രമിക്കുമ്പോൾ നമുക്കവരുടെ പേര് ഓർമ്മകാണില്ല. എന്നാ പേര് ചോദിക്കാൻ മനസ്സ് അനുവദിക്കുകയുമില്ല. 

അത്യാവശ്യം അടുത്തിടപഴകികൊണ്ടിരിക്കുന്നയാളുടെ പേരെന്ത് എന്ന് ചോദിക്കാൻ ഒരു മടി വരും. ആ ഒരു നിമിഷത്തെ ഇമോഷൻ്റെ എക്ട്രീം ആണ് മെയ്യഴകൻ. നൊസ്റ്റാൾജിക് മൊമൻ്റുകളുടെ മനസ് കൊളുത്തിപിടിക്കും വിധമുള്ള കഥാസന്ദർഭത്തേയും കഥാപാത്രങ്ങളേയും എത്ര ഭംഗിയോടെയാണ് അരവിന്ദ് സ്വാമി അവതരിപ്പിച്ചിരിക്കുന്നത്. ലിറ്ററലി അയാൾ കരയുന്ന മൊമെൻ്റുകളിലെല്ലാം ആരുടെയും  കണ്ണും നിറഞ്ഞിരിക്കും. ഇന്ത്യയില്‍ മെയ്യഴകന് മൂന്ന് കോടിയാണ് കളക്ഷൻ റിലീസിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്.  സി പ്രേം കുമാര്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചപ്പോള്‍ ശ്രീ ദിവ്യ, സ്വാതി, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്‍ജിനി, കരുണാകരൻ, ഇളവരശ് എന്നിവരും ഉണ്ട്. ഛായാഗാഹ്രണം മഹീന്ദ്രിരൻ ജയരാജു ആണ്. 

'എവിടെ നായകൻ്റെ പേര് കാണിക്കുന്ന ഇൻട്രോ, എവിടെ ആളുകളെ ത്രസിപ്പിക്കാറുള്ള തമിഴ് മ്യൂസിക്ക് ഡയറക്ടർമാരുടെ ബീജിഎമ്മുകൾ, എവിടെ കൈയ്യടിപ്പിക്കുന്ന ശരീര സൗന്ദര്യവും ഊര ആട്ടങ്ങളും ഉള്ള പ്രമുഖ നടിയുടെ ഐറ്റം നമ്പർ, എവിടെ നായകനും നായികയും ചേർന്നുള്ള ഹിറ്റ് പാട്ട്, എവിടെ നായകൻ അമാനുഷികൻ ആകുന്ന നായകൻ്റെ സംഘട്ടനങ്ങൾ, ഇതൊന്നുമില്ലാത്ത ഒരു ചെറുകഥ വായിക്കുന്ന അനുഭവത്തോടെ ഒരു തമിഴ് സിനിമയെ കാണണോ. കാശ് കൊടുത്ത് തിയ്യേറ്ററിൻ്റെ കതകിൽ തട്ടുക. സിനിമ കഴിഞ്ഞു  തിയേറ്ററിൽ നിന്നും ഇറങ്ങിയപ്പോൾ ഉള്ള ഒരു ഫീൽ, അതെനിക്ക് വാക്കുകളാൽ പറയാൻ കഴിയില്ല. അതാണെനിക്ക് മെയ്യഴകൻ', ഈ സിനിമയെ പുകഴ്ത്തി ഒരാൾ ഇട്ട കമൻ്റാണ്.  

എന്തായാലും നല്ലൊരു സിനിമ തന്നെ മെയ്യഴകൻ. എല്ലാവരും തീയേറ്ററിൽ പോയി ടിക്കറ്റ് എടുത്ത് ഈ സിനിമ കാണാൻ ശ്രദ്ധിക്കുക. അത് നല്ലൊരു അനുഭവം പ്രധാനം ചെയ്യും തീർച്ച.

#Meiyazhagan #TamilCinema #Karthi #ArvindSwami #Nostalgia #MovieReview #TamilMovie #96Movie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia