Review | പാലും പഴവും: മീരാ ജാസ്മിൻ്റെ ശക്തമായ തിരിച്ചുവരവ്;  സുമി തകർത്തു

 
Movie poster of Palum Pazhum Released

Image Credit: Facebook/ Palum Pazhavum-Movie

മീരാ ജാസ്മിൻ പഴയ എനർജിയിലും ഭംഗിയിലും കാണാൻ പറ്റിയെന്നതാണ് സിനിമയുടെ എടുത്തുപറയത്തക്ക പ്രത്യേകത.

ഡോണൽ, മൂവാറ്റുപുഴ 

(KVARTHA) വി.കെ പ്രകാശിന്റെ സംവിധാനത്തിൽ അശ്വിൻ ജോസ് നായകനും മീര ജാസ്മിൻ നായികയുമാകുന്ന പാലും പഴവും  എന്ന സിനിമ റിലീസ് ആയിരിക്കുകയാണ്. മീരാ ജാസ്മിനെ പഴയ എനർജിയിലും ഭംഗിയിലും കാണാൻ പറ്റിയെന്നതാണ് സിനിമയുടെ എടുത്തുപറയത്തക്ക പ്രത്യേകത. കോമഡിക്ക് കോമഡി, ഇമോഷൻസിന് ഇമോഷൻ, പ്രണയത്തിന് പ്രണയം അങ്ങനെ എല്ലാ ചേരുവകളും അടങ്ങിയ ഒരു കൊച്ചു സിനിമയാണ് പാലും പഴവും. 

മീരാജാസ്മിൻ,  അശ്വിൻ ജോസ്  രണ്ട് പേരും ഒന്നിനൊന്ന് കിടുവായിരുന്നു പടത്തിൽ. തന്നെക്കാൾ വയസുള്ള പെണ്ണിനെ പ്രേമിക്കുന്ന നായകൻ, ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്ന സുമി തന്റെ ആഗ്രഹ സഫലീകരണത്തിന്റെ വക്കിലെത്തിയെങ്കിലും നാല് ചുവരുകൾക്കുള്ളിൽ തളക്കപ്പെടാനായിരുന്നു അവളുടെ വിധി. മറ്റൊരു വശത്ത് വയസ് 23 ആയെങ്കിലും ഒരിടത്തും എത്താതെ പഠിത്തത്തിലെല്ലാം തോറ്റു തുന്നമ്പാടി നിക്കുന്ന സുനിൽ എന്ന യുവാവും.

ഇരുവരുടെയും പ്രണയത്തിന്റെയും വിവാഹ കഥ നർമത്തിൽ കലർത്തി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. 30 വയസുകാരിയായ നായികയും 23 വയസുകാരനായ നായകനും സോഷ്യൽ മീഡിയ വഴി പരിചയപെടുന്നതും, പ്രണയത്തിൽ ആവുന്നതും  പിന്നീട് അവർ തമ്മിൽ കല്യാണം കഴിക്കുന്നതും, അവരുടെ പിന്നീട് അങ്ങോട്ടുള്ള ജീവിതവും, ഇതാണ് സിനിമയിൽ കൂടി പറയുന്നത്. 

നല്ല രസകരമായ പ്ലോട്ടിനെ നന്നായി തന്നെ വി.കെ. പ്രകാശ് എടുത്ത് വെച്ചിട്ടുണ്ട്. തിരക്കഥയിലെ ക്വാളിറ്റി കൊണ്ടും കഥ പറഞ്ഞിരിക്കുന്ന രീതി കൊണ്ടും പാലും പഴവും നൽകുന്നത് രണ്ടര മണിക്കൂർ ചിരിച്ച് രസിച്ച് കാണാവുന്ന ഒരു സിനിമാനുഭവമാണ്. മലയാളികൾ നെഞ്ചിലേറ്റിയ മീരാ ജാസ്മിൻ എന്ന നടിയെ നമ്മൾ എങ്ങനെ കാണാൻ ആഗ്രഹിച്ചോ അങ്ങനെ നമ്മുടെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് വി കെ പ്രകാശ് എന്ന സംവിധായകൻ. മീര ജാസ്മിനിൽ നിന്നും ഒരിടവേളക്ക് ശേഷം ഒരു വലിയ ഹിറ്റാവാൻ പോകുന്ന പടമായിരിക്കും പാലും പഴവും. പടത്തിലെ നായികയായ സുമി എന്ന കഥാപാത്രം അവതരിപ്പിക്കാൻ മീര ജാസ്മിനെക്കാൾ ബെറ്റർ ഓപ്ഷൻ ഇന്ന് മലയാള  സിനിമയിൽ മറ്റാരുമുണ്ടെന്നു തോന്നുന്നില്ല.  

മീരയേയും അശ്വിനെയും കൂടാതെ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ,  രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ്  തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇതിൽ എടുത്തുപറയേണ്ടത് അശോകൻ അവതരിപ്പിച്ച കഥാപാത്രമാണ്. കോട്ടയം റൂറൽ ബാങ്കിന്റെ മാനേജരായ രാഘവൻ സാറായി അശോകൻ ചേട്ടന്റെ അഴിഞ്ഞാട്ടമായിരുന്നു പാലും പഴവും സിനിമയിൽ കണ്ടത്. 

പുള്ളിക്കാരന്റെ ഒരു പ്രത്യേകചിരിയും കോഴി സ്വഭാവവുമൊക്കെ എത്ര കിടിലനായിട്ടാണ് ചെയ്ത് ഫലിപ്പിച്ചിരിക്കുന്നത്. യവനികയിലെ ആ മാസ് തഗ് ലൈഫ് ഡയലോഗിനെ ഓർമിപ്പിക്കുന്ന ഒരു ഡയലോഗും ഈ പടത്തിലുണ്ട്. ആ സീനിലൊക്കെ തീയറ്ററിൽ ചിരിപ്പൂരം ആയിരുന്നു. ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ രഞ്ജിത്ത് മണമ്പ്രക്കാട്ട്. 

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ.  സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ,   സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം ആദിത്യ നാനു. കൊറിയോഗ്രഫി  അയ്യപ്പദാസ് വി പി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ.  അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. 

കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. എ പി ഇന്റർനാഷണൽ ആണ് കേരളത്തിന് പുറത്ത് ചിത്രം വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്. പടത്തെ കുറിച്ച് മൊത്തത്തിൽ പറയുകയാണെങ്കിലും ആദ്യാവസാനം ചിരിക്കാൻ പറ്റുന്ന നല്ലൊരു ഫൺ എന്റർടൈനറാണ്. മീരാജാസ്മിൻ, അശ്വിൻ ജോസ് കോമ്പോയും നന്നായി വർക്ക്ഔട്ട് ആയി. ഫാമിലിയോടൊപ്പം നല്ലൊരു പടം തീയറ്ററിൽ കാണണമെന്ന് ആഗ്രഹമുണ്ടെൽ വേറെ ഒന്നും നോക്കണ്ട. പാലും പഴവും നിങ്ങളെ നിരാശപെടുത്തില്ല.

#PalumPazhum #MeeraJasmine #MalayalamMovie #MalayalamCinema #IndianCinema #MovieReview

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia