Ketaki Chitale Arrested | 'നിങ്ങളെ നരകം കാത്തിരിക്കുന്നു, നിങ്ങള്‍ ബ്രാഹ്മണരെ വെറുക്കുന്നു'; ശരദ് പവാറിനെതിരായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടെന്ന് പരാതി; നടി കേതകി ചിതാലെ അറസ്റ്റില്‍; കുറിപ്പില്‍ അവരെന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി ധാരണയില്ലാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് പവാര്‍
May 15, 2022, 14:33 IST
മുംബൈ: (www.kvartha.com) മറാത്തിയിലും ഹിന്ദിയിലും ടെലിസീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടി കേതകി ചിതാലെ(29) അറസ്റ്റില്‍. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടെന്ന പരാതിയിലാണ് അറസ്റ്റ് നടപടി. പവാറിനെ അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതിന് നടിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.
സ്വപ്നില്‍ നേത്കെ എന്നയാളുടെ പരാതിയില്‍ താനെയിലെ കല്‍വ സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ നവി മുംബൈയില്‍നിന്നാണ് കേതകിയെ അറസ്റ്റ് ചെയ്തത്. മറ്റൊരാള്‍ മറാത്തിയില്‍ എഴുതിയ കുറിപ്പ് നടി പങ്കുവയ്ക്കുകയായിരുന്നു. മുഴുവന്‍ പേരിന് പകരം 80 വയസുകാരനായ പവാര്‍ എന്ന് മാത്രമാണ് പോസ്റ്റിലുള്ളതെന്നാണ് വിവരം.
'നിങ്ങളെ നരകം കാത്തിരിക്കുന്നു, നിങ്ങള്‍ ബ്രാഹ്മണരെ വെറുക്കുന്നു' തുടങ്ങിയ പ്രയോഗങ്ങള്‍ നടിയുടെ കുറിപ്പിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് വിവാദമായതിന് പിന്നാലെ എന്‍സിപി വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കേതകിയുടെ വീടിന് മുന്നില്‍ പ്രതിഷേധപ്രകടനം നടന്നു. പ്രവര്‍ത്തകര്‍ വീടിന് നേര്‍ക്ക് കറുത്ത മഷിയും ചീമുട്ടയും എറിഞ്ഞു. പുനെയിലും നടിക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം, കേതകിയെ തനിക്കറിയില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അവരെന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി ധാരണയില്ലെന്നും പവാര്‍ പ്രതികരിച്ചു. അവരുടെ പരാതിയെന്താണെന്ന് ചോദിച്ച പവാര്‍, നടി എന്താണ് ചെയ്തത് എന്നതറിയാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.