SWISS-TOWER 24/07/2023

നിലാവുകാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം; അമ്പിളി ഫാത്തിമയെ അനുസ്മരിച്ച് മഞ്ജു

 


കൊച്ചി: (www.kvartha.com 27.04.2016) അമ്പിളി ഫാത്തിമയുടെ കണ്ണുകള്‍ അവിടെയെങ്ങോ ഇരുന്ന് നമ്മെ നോക്കി ചിരിക്കും. നിലാവുകാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാമെന്ന് മഞ്ജു വാര്യര്‍ അമ്പിളി ഫാത്തിമയെ അനുസ്മരിച്ചു. മരുന്നുകളുടെ മണം മാത്രം നിറഞ്ഞ ജീവിതത്തിനിടയിലും മുല്ലപ്പൂക്കളെ സ്‌നേഹിച്ചവള്‍. തളിരിലയെന്നോണം ഞരമ്പുകള്‍ തെളിഞ്ഞുകിടന്ന കൈകളില്‍ നിറയെ സൂചികുത്തിയ പാടുകളായിരുന്നു. പക്ഷേ അവള്‍ക്ക് വേദനിച്ചില്ല. കാരണം അവള്‍ നക്ഷത്രവെളിച്ചമുള്ള കണ്ണുകള്‍ കൊണ്ട് ലോകത്തെ നോക്കി, പ്രകാശം പരത്തി..അതിനിടയില്‍ അവള്‍ക്ക് വേദനിക്കാന്‍ സമയമുണ്ടായിരുന്നില്ല എന്നതാണ് സത്യമെന്നും മഞ്ജു അനുസമരിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് ആരോഗ്യ നില വഷളായി അമ്പിളി ഫാത്തിമ ഈ ലോകത്തോട് വിടപറഞ്ഞകന്നത്. മൂന്നു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അവര്‍ക്കായി കേരളം പ്രാര്‍ത്ഥനയിലായിരുന്നു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രണ്ടുനക്ഷത്രങ്ങള്‍ ആകാശത്തേക്ക് തിരിച്ചുപോകുന്നു. അമ്പിളി ഫാത്തിമയുടെ കണ്ണുകള്‍ അവിടെയെങ്ങോ ഇരുന്ന് നമ്മെ നോക്കി ചിരിക്കും. നിലാവുകാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം..

ഒരുവര്‍ഷം മുമ്പ് ഒരുപത്രവാര്‍ത്തയിലാണ് ഞാന്‍ ആദ്യമായി അമ്പിളി ഫാത്തിമയെ കണ്ടത്. അന്നുമുതല്‍ സുഷിരം വീണ അവളുടെ ഹൃദയത്തിനും കിതച്ചുതളര്‍ന്ന ശ്വാസകോശത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്ന ലോകത്തെ അനേകരില്‍ ഒരാളായി ഞാനും.

ദൂരെ ഒരാശുപത്രി മുറിയിലിരുന്നുകൊണ്ട് അമ്പിളി നമ്മെ നിശ്ചയദാര്‍ഢ്യമെന്തെന്ന് പഠിപ്പിച്ചു. പാവമായിരുന്നു അവള്‍. ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു പെണ്‍കുട്ടി. മരുന്നുകളുടെ മണം മാത്രം നിറഞ്ഞ ജീവിതത്തിനിടയിലും മുല്ലപ്പൂക്കളെ സ്‌നേഹിച്ചവള്‍. തളിരിലയെന്നോണം ഞരമ്പുകള്‍ തെളിഞ്ഞുകിടന്ന കൈകളില്‍ നിറയെ സൂചികുത്തിയ പാടുകളായിരുന്നു. പക്ഷേ അവള്‍ക്ക് വേദനിച്ചില്ല. കാരണം അവള്‍ നക്ഷത്രവെളിച്ചമുള്ള കണ്ണുകള്‍ കൊണ്ട് ലോകത്തെ നോക്കി, പ്രകാശം പരത്തി..അതിനിടയില്‍ അവള്‍ക്ക് വേദനിക്കാന്‍ സമയമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കപ്പെട്ടപ്പോഴും മനസ്സുമാത്രം മാറ്റിവയ്ക്കാന്‍ അമ്പിളി അനുവദിച്ചില്ല. 85ശതമാനം മാര്‍ക്ക് നേടി പരീക്ഷ ജയിച്ചപ്പോള്‍ തോറ്റുപോയത് മറ്റുപലതുമാണ്. മുല്ലവള്ളിയോളം മാത്രമുള്ള പെണ്‍കുട്ടിക്ക് തുടരെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും അണുബാധകളും അതിജീവിച്ച് ലോകത്തിന് പലതും കാണിച്ചുകൊടുക്കാനായെങ്കില്‍ അവള്‍ക്ക് മുന്നില്‍ മരണവും തോല്‍ക്കും, നിശ്ചയമായും..അതുകൊണ്ട് അമ്പിളി ഫാത്തിമ നമുക്കിടയില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാഞ്ഞുപോയെന്ന് മാത്രം. അവള്‍ നമ്മുടെ കണ്‍വെട്ടത്ത് തന്നെയുണ്ട്...നിലാവായും നക്ഷത്രമായും.
നിലാവുകാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം; അമ്പിളി ഫാത്തിമയെ അനുസ്മരിച്ച് മഞ്ജു
Keywords: Kochi, Kerala, Manju Warrier, Entertainment, Facebook, Ambili Fathima.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia