Legal Notice |'ഫൂട്ടേജ്' സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റു; 5.75 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യര്‍ക്ക് നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി
കൊച്ചി: (KVARTHA) ആരാധകര്‍ കാത്തിരുന്ന മഞ്ജു വാര്യര്‍ ചിത്രം 'ഫൂട്ടേജ്' വെള്ളിയാഴ്ച റീലീസായിരിക്കയാണ്. അതിനിടെ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടി ശീതള്‍ തമ്പി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ മഞ്ജു വാര്യര്‍ക്ക് നോട്ടീസ് അയച്ച വാര്‍ത്ത ചര്‍ചയായിരിക്കയാണ്. ഒരു മാസത്തിനുള്ളില്‍ 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് അഭിഭാഷകന്‍ മുഖേന അയച്ച നോട്ടിസില്‍ ശീതള്‍ പറഞ്ഞിരിക്കുന്നത്.
താന്‍ നേരിട്ട വിഷമങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മഞ്ജു വാര്യര്‍ ഉള്‍പ്പെടെ ഉറപ്പു തന്നിരുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷനല്‍ പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാല്‍ പണം നല്‍കുന്ന കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയാണെന്നാണ് ശീതളിന്റെ ആരോപണം. അതിനാല്‍ 30 ദിവസത്തിനുള്ളില്‍ 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് അഭിഭാഷകന്‍ വഴി അയച്ച നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്. നായാട്ട്, തിരികെ, ഇരട്ട തുടങ്ങിയ സിനിമകളില്‍ ശീതള്‍ തമ്പി അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശീതളിന്റെ കാലിന് മാരകമായി പരുക്കേറ്റിരുന്നു. മഞ്ജു വാര്യര്‍ക്ക് പങ്കാളിത്തമുള്ള മൂവീ ബക്കറ്റ് എന്ന നിര്‍മാണ കമ്പനിയാണ് സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍. അതുകൊണ്ടാണ് മഞ്ജുവിന് നോട്ടീസ് നല്‍കിയത്. ചിത്രം ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് 23ലേക്ക് മാറ്റുകയായിരുന്നു. സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതും മഞ്ജു വാര്യരാണ്.
അപകടത്തെ കുറിച്ച് ശീതളിന്റെ വിശദീകരണം:
2023 മേയ് 20 മുതല്‍ 19 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആവശ്യപ്പെട്ടിരുന്നത്. ചിത്രത്തില്‍ അഞ്ചടി താഴ്ചയിലേക്ക് ചാടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജൂണ്‍ ഒമ്പതിനായിരുന്നു ചിമ്മിനി വനത്തില്‍ ഇതിന്റെ ചിത്രീകരണം.
ചാടി വീഴുന്ന ഭാഗത്തായി ഒരു ഫോം ബെഡ്ഡാണ് വിരിച്ചിരുന്നത്. ആദ്യ ചാട്ടത്തില്‍ തന്നെ ബെഡ് സുരക്ഷിതമല്ലെന്ന് ക്രൂവിനെ അറിയിച്ചിരുന്നു. മൂന്നു നാലു തവണ ചാടിയിട്ടും വീണ്ടും ചാടണമെന്ന് ആവശ്യപ്പെട്ടതോടെ ചാടി. എന്നാല്‍ ഈ സമയത്ത് ബെഡ് ഒരു വശത്തക്ക് നീങ്ങിപ്പോവുകയും അതിനു താഴെയുണ്ടായിരുന്ന കല്ലിനിടയില്‍ തന്റെ കാല്‍ കുടുങ്ങിപ്പോവുകയുമായിരുന്നുവെന്ന് ശീതള്‍ പറയുന്നു.
തുടര്‍ന്ന് തന്നെയുമെടുത്ത് സിനിമാ പ്രവര്‍ത്തകര്‍ ഓടിയപ്പോള്‍ കാല്‍ അനക്കാതെ വയ്ക്കാന്‍ പോലുമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ശീതളിന്റെ ആരോപണം. സംഘട്ടന രംഗമാണ് ചിത്രീകരിച്ചിരുന്നത്. പക്ഷേ ഒരു ആംബുലന്‍സ് പോലും അവിടെ ഇല്ലായിരുന്നു എന്നും ശീതള്‍ ചൂണ്ടിക്കാട്ടുന്നു. ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ യാതൊരു സുരക്ഷയും ഒരുക്കാതെയായിരുന്നു ചിത്രീകരണമെന്നും അതിന്റെ ഫലമാണ് തന്റെ കാലിനുണ്ടായ പരുക്കെന്നും ശീതള്‍ പറയുന്നു.
കണങ്കാലിന് ഗുരുതരമായി പരുക്കേറ്റതിനാല്‍ ആദ്യം സമീപിച്ച രണ്ട് ആശുപത്രികളും പ്രവേശിപ്പിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഒരാശുപത്രിയിലും പിന്നീട് എറണാകുളത്തെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു ശസ്ത്രക്രിയ വേണ്ടി വന്നു. അപകടമുണ്ടായി ഒരു മാസത്തിനു ശേഷം, ജൂലൈ എട്ടിനാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രി ബില്ലായ 8.13 ലക്ഷം രൂപ നിര്‍മാണ കമ്പനിയാണ് അടച്ചത്.
ഇതിനു ശേഷം 2023 നവംബര്‍ വരെ 1.80 ലക്ഷം രൂപ തുടര്‍ ചികിത്സക്കായി നല്‍കി. തനിക്ക് ഇപ്പോഴും കാല്‍ കുത്തി നടക്കാന്‍ സാധിക്കുന്നില്ല. കാലില്‍ ആങ്കിള്‍ ബ്രേസ് എല്ലാ സമയത്തും ധരിക്കണം. ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട വിധത്തില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചു നേരം പോലും നിന്നുകൊണ്ടുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നില്ല.
കാലിന് സമയാ സമയങ്ങളില്‍ ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചലച്ചിത്ര നടിയാകാന്‍ ആഗ്രഹിച്ചിരുന്ന തനിക്ക് ഇന്ന് അത്തരമൊരു കരിയര്‍ തന്നെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ്. ഇപ്പോള്‍ കാനഡയില്‍, ഇരുന്നു കൊണ്ടു ചെയ്യാവുന്ന ഒരു അഡ്മിനിസ്‌ട്രേറ്റീവ് ജോലി ചെയ്യുകയാണ് താനെന്നും ശീതള്‍ പറയുന്നു.
#ManjuWarrier #LegalNotice #FootageMovie #MalayalamCinema #SheetalThampi #InjuryClaim