* സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചിട്ടുണ്ട്
ദക്ഷാ മനു
(KVARTHA) മലയാള സിനിമ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. നാല് പതിറ്റാണ്ടിലേറെയായി ഇന്‍ഡസ്ട്രിയില്‍ സജീവവും ചലച്ചിത്രമേഖലയുടെ നട്ടെല്ലുമായ മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരെ യാതൊരു പ്രതികരണത്തിനും തയ്യാറായിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരാഴ്ച മുമ്പ് പനി പിടിച്ച മോഹന്‍ലാല്‍, പതിവില്ലാതെ തന്‍ ആശുപത്രിയിലാണെന്ന വിവരം അധികൃതരെ കൊണ്ട് വാര്‍ത്താകുറുപ്പിറക്കി നാട്ടുകാരെ അറിയിച്ചു. അസുഖത്തിനിടയിലും അമ്മയുടെ സ്റ്റേജ് ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. അതിന് ശേഷം നേരെ ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങി.
കോവിഡ് കാലത്ത് ഷഷ്ഠിപൂര്‍ത്തിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചാനലുകള്‍ക്ക് മുന്നില്‍ എത്തിയ മോഹന്‍ലാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് ഇത്രയും ദിവസമായിട്ടും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം താരസംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്താന്‍ ജയന്‍ ചേര്‍ത്തല അടക്കം മോഹന്‍ലാലില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിഷയം താമസിയാതെ കെട്ടടങ്ങും എന്നാണ് മോഹന്‍ലാലും സിദ്ധിഖും അടക്കം കരുതിയിരുന്നത്. എന്നാല്‍ ജഗദീഷ് അടക്കം ഇതിനോട് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
റിപ്പോര്‍ട്ട് പുറത്താകുമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള ഉന്നതര്‍ക്ക് അറിയാമായിരുന്നു. സര്‍ക്കാരുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് രണ്ട് പേരും. മമ്മൂട്ടി സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാനാണെങ്കില്‍ മോഹന്‍ലാല്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മാത്രമല്ല, കേരളീയം പോലുള്ള പരിപാടികളില്‍ ഇരുവരുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇക്കൊല്ലവും കേരളീയം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിന് പങ്കുളളതായി താരസംഘടനയിലെ പ്രമുഖര്‍ക്ക് അറിയാമായിരുന്നു. അന്നത്തെ ജനറല്‍ ബോഡിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മുകേഷും ഗണേഷും കയര്‍ത്തപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടാതിരുന്നത് ഇത് കൊണ്ടാണെന്ന് സിനിമയിലുള്ള ചിലര്‍ പറയുന്നു. സിനിമയിലെ സംഭവങ്ങള്‍ കൂടുതല്‍ വഷളാകുന്നെന്ന് മനസിലാക്കിയാണ് മമ്മൂട്ടി താരസംഘടനയുടെ പദവികള്‍ ഒഴിഞ്ഞത്. വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മമ്മൂട്ടി അറിയിച്ചെങ്കിലും നേതൃസ്ഥാനത്ത് ഇടവേളബാബു എത്താനുള്ള നീക്കത്തെ മമ്മൂട്ടി ശക്തമായി എതിര്‍ത്തിരുന്നതായും ചില നടന്മാര്‍ പറഞ്ഞു.
ഇടവേള ബാബുവിനെ കുറിച്ച് പലതരത്തിലുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു. അങ്ങനെയൊരാള്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയാല്‍ അപകടമാണെന്ന് മമ്മൂട്ടി കരുതിക്കാണുമെന്നും ഇവര്‍ പറയുന്നു. പൊളിറ്റിക്കല്‍ കറക്ട്‌നെസ് ശക്തമായ ശേഷം, അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലെ സംഭാഷണങ്ങള്‍ മോശമായാല്‍ പോലും മമ്മൂട്ടി ഇടപെടും. ഉദയകൃഷ്ണ തിരക്കഥയെഴുതിയ ബി ഉണ്ണികൃഷ്ണന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ സിനിമയിലെ അശ്ലീല, ദ്വൈയാര്‍ത്ഥ സംഭാഷണങ്ങള്‍ മാറ്റണമെന്ന് മമ്മൂട്ടി ശക്തമായി ആവശ്യപ്പെട്ടു. ഉദയകൃഷ്ണ മുമ്പ് എഴുതിയ സിനിമകളിലുള്ള തരത്തിലുള്ള സംഭാഷണങ്ങളൊന്നും ക്രിസ്റ്റഫറില്‍ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഇത്തരത്തില്‍ ശക്തമായ നിലപാടെടുത്ത മമ്മൂട്ടി പക്ഷെ, ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് പൊതുസമൂഹം ചോദിക്കുന്നു. നടന്‍ തിലകനെ സിനിമയില്‍ നിന്ന് പുറത്താക്കുന്നതില്‍ മമ്മൂട്ടിക്ക് പങ്കുണ്ടെന്ന് മരിക്കും മുമ്പ് തിലകന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2005ല്‍ ഇറങ്ങിയ സിബിഐ പതിപ്പില്‍ തിലകനെ അഭിനയിക്കാന്‍ മമ്മൂട്ടിയാണ് നേരിട്ട് വിളിച്ചതെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി അടുത്തിടെ പറഞ്ഞിരുന്നു. അതുകൊണ്ട് ചില കാര്യങ്ങള്‍ക്ക് മമ്മൂട്ടി മറുപടി പറയേണ്ടിവരും.
അടുത്തിടെ പുഴു എന്ന സിനിമയുടെ സംവിധായികയുടെ ഭര്‍ത്താവും മമ്മൂട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. അതുപോലെ സിനിമയെ നിയന്ത്രിക്കുന്ന ചില മാഫിയാ ശക്തികള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അത്തരത്തിലുള്ള ഒരാള്‍ പുഴുവിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണെന്നും അയാളെ കുറിച്ചുള്ള വിവരങ്ങള്‍ മമ്മൂട്ടിയെ അറിയിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ ജോര്‍ജ് ആണ് പുഴു സിനിമ നിര്‍മിച്ചത്.
ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഒളിച്ചോടാതെ, മുന്നില്‍ നിന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൊഴിലിടങ്ങളില്‍ സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും സിനിമയിലുള്ളവരും മറ്റും ചൂണ്ടിക്കാണിക്കുന്നു. ഇരുവരും മുന്നോട്ട് വരുമ്പോള്‍ മറ്റുള്ളവര്‍ക്കും ആത്മവിശ്വാസം ലഭിക്കുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
അതുപോലെ ആരോപണ വിധേയരായ സംവിധായകര്‍, നടന്മാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നിവരെ തല്‍ക്കാലം സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നു. ആരോപണവിധേയനായ ആരോമ മോഹന്‍ മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയുടെ പുതിയ സിനിമ ചെയ്യുന്നുണ്ട്. അതുപോലെ സിദ്ധിഖ്, മുകേഷ് തുടങ്ങി നിരവധി പേരും. ഇത്തരത്തിലുള്ള നടപടികളുണ്ടായേലെ സിനിമയില്‍ സൗഹൃദപരമായ അന്തരീക്ഷം ഉണ്ടാകൂ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
#MalayalamCinema #Mammootty #Mohanlal #filmindustry #Kerala