Birthday | അഭിനയകല കൊണ്ട് വിസ്മയം തീർത്ത മധുവിന് 91-ാം പിറന്നാള്‍
● മധുവിനെ തേടിയെത്തിയത് നിരവധി ബഹുമതികൾ.
● ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രം ഇന്നും ശ്രദ്ധേയമാണ്.
കൊച്ചി: (KVARTHA) അഭിനയകല കൊണ്ട് വിസ്മയം തീർത്ത മധുവിന് 91-ാം പിറന്നാള്‍. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായ മധു ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയെ സമ്പന്നമാക്കിയിട്ടുണ്ട്.
ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രം മുതൽ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ മധു, നായകനായും സഹനടനായും വില്ലനായും വ്യത്യസ്ത വേഷങ്ങൾ അനായാസം കൈകാര്യം ചെയ്തു. ജോൺ എബ്രഹാം, അടൂർ ഗോപാലകൃഷ്ണൻ, പി.എൻ. മേനോൻ തുടങ്ങിയ സംവിധായകരുടെ കൂടെ മധു അഭിനച്ചു. ചെമ്മീൻ, ഭാർഗ്ഗവീനിലയം, ഓളവും തീരവും, സ്വയംവരം, പടയോട്ടം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ മധു ഒരു അധ്യായമായി മാറി.
കോളേജ് അധ്യാപനം ഉപേക്ഷിച്ച് നാടക ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു മാധവൻ നായർ എന്ന മധു. നസീറും സത്യനും മലയാള സിനിമ അടക്കിഭരിച്ചിരുന്ന കാലത്ത് വേറിട്ട അഭിനയശൈലിയുമായായിരുന്നു മധുവിന്റെ പ്രവേശനം. അമിതാഭ് ബച്ചന്റെ അരങ്ങേറ്റ ചിത്രം സാത്ത് ഹിന്ദുസ്ഥാനിയിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു.
നീണ്ട കലാജീവിതത്തിൽ മധുവിനെ തേടിയെത്തിയത് നിരവധി ബഹുമതികൾ. മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്ന് മധുവിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഒരു വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ ഈ വെബ്‌സൈറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മലയാള സിനിമയുടെ അഭിനയ സാമ്രാട്ടിന് പിറന്നാൾ ആശംസകൾ.
#Madhu91, #MalayalamActor, #Legend, #Birthday, #Cinema, #Film, #Kerala, #India, #MalayalamFilmIndustry, #Movie