Allegation | പറഞ്ഞുവരുമ്പോൾ നിരപരാധി ദിലീപ് മാത്രമാണെന്ന് വരുമോ? മോഹൻലാലിന് പ്രസിഡൻ്റായതിനാൽ അധികം ഒളിച്ചിരിക്കാനും പറ്റില്ല
* നിരവധി നടന്മാർക്കെതിരെ ലൈംഗിക ചൂഷണ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
* സിനിമയിലെ സ്ത്രീകൾ അപകടത്തിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കെ ആർ ജോസഫ്
(KVARTHA) വിളവ് തിന്നുന്ന വേലികള്‍, വിളവ് സംരക്ഷിക്കാത്ത പരിപാലകര്‍, വെളിവ് ഇല്ലാത്ത കൃഷിക്കാരന്‍, സ്ത്രീ സ്വാതന്ത്ര്യം വാനോളം. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ നമ്മുടെ മലയാള സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങൾ ഇതാണെന്നാണ് മനസിലാക്കേണ്ടത്. പണം, പ്രശസ്തി, ആഡംബര ജീവിതം, സെലിബ്രിറ്റി സ്റ്റാറ്റസ്, കള്ള്, മയക്കുമരുന്ന്, കള്ളപ്പണം, വർഷങ്ങളായി മലയാള സിനിമ നൽകിയ സുഖഭോഗങ്ങളിൽ രമിച്ച് മദിക്കുമ്പോഴും ഒന്നും മതിയാകുന്നില്ല ഇവർക്ക്. അതിനാണ് ആവോളം ഭോഗിക്കാൻ നഗ്ന സ്ത്രീ ശരീരങ്ങളും പലരുടെയും ഭ്രാന്തായി മാറുന്നത്.
സിനിമാ മോഹങ്ങളുമായി നിഷ്കളങ്കരായ പെൺകുട്ടികൾ ദിവസമെന്നോണം കടന്ന് വരുന്ന ഒരു മേഖലയാണ് സിനിമ. ഇത് സിനിമയിലെ കാമഭ്രാന്തന്മാർക്ക് നന്നായി അറിയുകയും ചെയ്യാം. അപ്പോൾ അവർക്ക് ദിവസവും ഭോഗിക്കണം. മാത്രമല്ല, എന്നും പുതിയത് കിട്ടണം. ഇവരുടെ ഉള്ളിലെ മനുഷ്യത്വം ഒക്കെ എന്നോ എങ്ങോട്ടോ ഓടിയൊളിച്ചിരിക്കുന്നു. ദ്രംഷ്ടകൾ ഒളിപ്പിച്ച് വഷളൻ ചിരിയും ഫിറ്റ് ചെയ്ത്, മലയാള സിനിമാ ലോകത്തിലേക്കുള്ള വാതിലുകളിൽ ഇരകളെ കാത്ത് ഇവറ്റകൾ താവളം അടിച്ചിരിക്കുകയാണ്. 'പേരക്കുട്ടിയുടെ പ്രായമുള്ള പെൺകുട്ടികളെ' 'കയറി വാ മോളേ' എന്ന് തേനിൽ പുരട്ടിയ കാമത്തിന്റെ ദുർഗന്ധം പുരണ്ട വാക്കുകളുമായി.
ഇവരെ ഒരെണ്ണത്തിനെയും വിടാതെ ഓരോന്നിനെയും പുറത്ത് ചാടിപ്പിക്കേണ്ട സമയവും കാലവും ഇതാണ്. ഓരോ സ്ത്രീകളും പെൺകുട്ടികളും പുറത്തു വന്ന് ഇവരുടെ പേര് വിളിച്ച് പറയണം. ഒരാളും നിങ്ങളെ തൊടുകയില്ല, ഒരാളും നിങ്ങളെ പരിഹസിക്കുകയില്ല. ഇനി നിങ്ങളുടെ സമയമാണ്. കേരളീയ സമൂഹം ഒന്നടങ്കം നിങ്ങളുടെ പിന്നിൽ ഉണ്ട്. ഇതാണ് ഇപ്പോൾ പൊതുസമൂഹത്തിൽ ഇന്ന് ഉയർന്നു വരുന്ന വാക്കുകൾ.. സിനിമാ മേഖലയിലെ പീഡന ആരോപണങ്ങൾ ശരിയാണെന്ന് മലയാളികൾക്കറിയാം. ഭൂരിപക്ഷം നടന്മാരും നടിമാരും അവരുടെ പെൺകുട്ടികളെ സിനിമയിൽ അഭിനയിക്കാൻ വിടില്ലാത്തതിൻ്റെ കാരണവും ഇത് തന്നെയെന്ന് മനസ്സിലാക്കണം.
ഇനി ഏതെങ്കിലും നടൻ ഒരു നടിയെ വിവാഹം കഴിച്ചാൽ പോലും പിന്നീട് ആ നടിയെ അഭിനയിക്കാൻ വിടില്ല എന്നതാണ് യാഥാർത്ഥ്യം. സിനിമാ മേഖലയിൽ വരുന്ന പെൺകുട്ടികളുടെ മാംസം മോഹിച്ച് പറന്ന് നടക്കുന്ന കഴുകന്മാരാണ് ഭൂരിപക്ഷം നടന്മാരും. അപൂർവം ചില നടന്മാർ മാത്രമാണ് ഇതിൽ നിന്നും വിഭിന്നരായുള്ളത് എന്നാണ് ഹേമാ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ട റിപ്പോർട്ടിലൂടെ മനസ്സിലാക്കേണ്ടത്. ഈ അവസരത്തിൽ നടൻ ദിലീപിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
കുറിപ്പിൽ പറയുന്നത്: 'പറഞ്ഞുവരുമ്പോൾ നിരപരാധി ദിലീപ് മാത്രമാണെന്ന് വരുമോ? ശരിക്കും പ്രതിയായ ഒരു ക്രിമിനൽ നൽകിയ മൊഴി മാത്രമാണ് ദിലീപിന് എതിരെ ഉള്ളത്, ബാക്കിയെല്ലാം ഓരോരുത്തർ മെനഞ്ഞെടുത്ത കഥകൾ മാത്രമാണ് എന്നോർക്കണം. ദിലീപിനെ ന്യായീകരിക്കുകയല്ല, നടിയെ ആക്രമിച്ച കേസിനെ അടിസ്ഥാനമാക്കി മാത്രമാണ് ഞാൻ ഈ അഭിപ്രായം പറയുന്നത്. ദിലീപ് മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതും പുറത്തുവരട്ടെ. പൃഥ്വിരാജിനെപ്പോലുള്ളവർ ആയിരുന്നു ദിലീപിനെതിരെ ശക്തമായി പ്രതികരിച്ചത്. ആ പൃഥ്വിരാജും സ്വന്തം വീട്ടിൽ ഉള്ള സ്ത്രീകളെ ഒഴികെ ബാക്കിയുള്ള സ്ത്രീകളെ എങ്ങനെ വെറും ഭോഗവസ്തുക്കളായി കാണുന്നു എന്ന് മനസ്സിലാക്കാൻ ലൂസിഫർ എന്ന സിനിമ കണ്ടാൽ മാത്രം മതി.
സ്ത്രീകളെ പലവിധത്തിൽ അപമാനിച്ചിട്ട് അതെല്ലാം സിനിമയിലെ സിറ്റുവേഷൻ ഡിമാൻഡ് ചെയ്തിട്ടാണെന്നുള്ള ന്യായീകരണവും! അമ്മ സംഘടനയുടെ പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ തോന്നിയ നിമിഷത്തെ മോഹൻലാൽ ഇപ്പോൾ ശപിക്കുന്നുണ്ടാകും! ഇപ്പോൾ പ്രസിഡന്റ് എന്ന നിലയിൽ വന്ന് എന്തെങ്കിലും പ്രസ്താവന ഇറക്കിയാൽ സിദ്ദിഖിൻറെ സ്ഥിതി വരാം. പ്രസിഡന്റ് ആയതിനാൽ അധികം ഒളിച്ചിരിക്കാനും പറ്റില്ല! ഇനി പദവി രാജി വയ്ക്കാം എന്ന് വച്ചാൽ അതതിലും വലിയ സംശയത്തിന് ഇടനൽകും! ഇപ്പോൾ ആർത്തലച്ച ഒരു ചിരി ഞാൻ കേൾക്കുന്നുണ്ട്, അത് ചെകുത്താന്റേത് ആണ്!! സിനിമയിലെ പൊയ്മുഖങ്ങൾ ഒന്നൊന്നായി അഴിഞ്ഞുവീഴുന്നു'.
ഇതാണ് ആ പോസ്റ്റ്. ഇതിൽ ചെകുത്താൻ എന്ന യൂട്യൂബറെ പോലും ന്യായീകരിക്കുന്നുണ്ട്. മോഹൻ ലാലിനെ അധിക്ഷേപിച്ചു എന്ന് നടൻ സിദ്ദീഖ് നൽകിയ പരാതിയിൽ അറസ്റ്റിലായ വ്യക്തിയാണ് ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ. അറസ്റ്റിലായി അധികം സമയം എടുത്തില്ല, പിന്നാലെ നടന്മാർ എല്ലാം വിവാദത്തിൽപ്പെടുകയായിരുന്നു. മുമ്പ് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതുപോലെ ഇനി എത്രപേർ പുറത്താകും എന്നാണ് നോക്കി കാണേണ്ടത്. ഇപ്പോൾ ഈ അവസരത്തിൽ ഇതെല്ലാം കണ്ട് വെളുക്കെ ചിരിക്കുന്നത് നടൻ ദിലീപ് തന്നെയാകും.
#MalayalamCinemaScandal #HemaCommission #MalayalamFilmIndustry #KeralaNews