Investigation | വീണ്ടും ലഹരി കുരുക്കിൽ മലയാള സിനിമാ ലോകം; പൊലീസ് അന്വേഷണത്തിൽ കൂടുതൽ താരങ്ങൾ കുടുങ്ങും?


● ഓംപ്രകാശിനെതിരായ ലഹരി കേസിൽ സിനിമാ താരങ്ങളുടെ പേരുകൾ
● കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
● പൊലീസ് നടത്തുന്ന അന്വേഷണത്തിൽ നിരവധി പുതിയ തെളിവുകൾ ലഭിച്ചു.
കനവ് കണ്ണൂർ
കൊച്ചി: (KVARTHA) വീണ്ടും ലഹരി കുരുക്കിൽ മലയാള ചലച്ചിത്രലോകം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ അലയൊലികൾ അവസാനിക്കുന്നതിനിടെയാണ് ലഹരി വിവാദവും ഉയരുന്നത്. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസിൽ അന്വേഷണം മലയാളത്തിലെ സിനിമാതാരങ്ങളിലേക്കെത്തിയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇതിനെതിരെ സിനിമാ സംഘടനകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുകളുള്ളത്. കൊച്ചി മരടിൽ ഓംപ്രകാശ് താമസിച്ച ആഡംബര ഹോട്ടലിലെ മുറിയിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർക്ക് പുറമേ 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയതായാണ് പൊലിസ് പുറത്തുവിടുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിനെയും സുഹൃത്തായ കൊല്ലം സ്വദേശി ഷിഹാസിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും കൂടുതൽ അളവിലുള്ള മദ്യവും ലഹരി വസ്തുക്കളും പിടികൂടിയത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. ഓം പ്രകാശിന്റെ മുറിയിലെത്തിയ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷക സംഘത്തിന്റെ നീക്കം നടത്തുന്നത്.
നേരത്തെ ഷെയ്ൻ നിഗം വിവാദം ഉയർന്നപ്പോൾ ലഹരി ഉപയോഗിക്കുന്നവരെ ഷൂട്ടിങ് സെറ്റിൽ നിന്നും വിലയ്ക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.. പൊലിസും എക്സൈസും ന്യു ജനറേഷൻ സിനിമാ സെറ്റുകളിൽ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ആരെയും പിടികൂടാൻ കഴിത്തിരുന്നില്ല എന്നാൽ ഇത്തവണ പഴുതുകൾ അടച്ച അന്വേഷണമാണ് പൊലിസ് നടത്തിവരുന്നത്.
ഗുണ്ടാ നേതാവ് ഓംപ്രകാശ് താമസിച്ച ആഡംബരഹോട്ടലിലെ സിസിടിവി അടക്കം പരിശോധിക്കുന്നുണ്ട്. വിദേശത്ത് നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതികളെന്നാണ് കരുതുന്നത്. മൂന്ന് മുറികളാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. ഇവിടെയും അന്വേഷണം പുരോഗമിക്കുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സിനിമാതാരങ്ങളെത്തിയതായി കണ്ടെത്തിയത്.
മുത്തുറ്റ് പോൾ ജോർജ് വധക്കേസുൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. ഇരുവരെയും കോടതി ജാമ്യത്തിൽ വിട്ടു. ഇവർ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് അറിയാനായി രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷമാകും മറ്റ് നടപടികളിലേക്ക് പൊലീസ് കുടുതൽ അന്വേഷണത്തിലേക്ക് എത്തുകയെന്നാണ് വിവരം.
#MalayalamFilmIndustry #DrugScandal #Bollywood #IndianCinema #DrugAbuse #CelebrityNews #Investigation