Allegation | അതികായകൻമാരെ വരെ അരിഞ്ഞു വീഴ്ത്തി മലയാള സിനിമയിൽ നിന്നും പടിക്ക് പുറത്തായവരിൽ അപൂർവ പ്രതിഭകളും; വീണ്ടും തിരിച്ചു വരുന്നു തിലകൻ്റെ ഓർമകൾ
അമ്മയുമായി ഇടഞ്ഞ തിലകന് തൻ്റെ അഭിനയ ജീവിതത്തിലെ വിലയേറിയ അവസാന വർഷങ്ങളാണ് നഷ്ടമായത്
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ഉൾപ്പെടെയുള്ള പവർ ഗ്രൂപ്പുകളുടെ മാഫിയ പ്രവർത്തനങ്ങൾക്ക് ബലിയാടായത് നടിമാർ മാത്രമല്ല മുതിർന്ന നടൻമാരും സംവിധായകരും ലൈറ്റ് ബോയ് വരെയുണ്ട്. എതിർക്കുന്നവരെ ഒതുക്കുകയും പാരവെച്ചു പുറത്താക്കപ്പെടുകയും ചെയ്തവരാണ് ഇതിൽ കൂടുതൽ. മലയാള സിനിമയിലെ മഹാരഥനായ നടൻ തിലകനാണ് ഇതിൽ പ്രമുഖൻ. അമ്മയുമായി ഇടഞ്ഞ തിലകന് തൻ്റെ അഭിനയ ജീവിതത്തിലെ വിലയേറിയ അവസാന വർഷങ്ങളാണ് നഷ്ടമായത്. വിനയൻ ചിത്രത്തിൽ അഭിനയിച്ചതാണ് മൂന്ന് പതിറ്റാണ്ടിലേറെ സിനിമയിൽ നിറഞ്ഞുനിന്ന തിലകന് വിനയായത്.
അവസാന കാലത്ത് അമേച്ചർ നാടകങ്ങൾ മാത്രമായിരുന്നു തിലകന് തുണയായത്. അഞ്ജലി മേനോൻ്റെ സ്ക്രിപ്റ്റിൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിലൂടെയായിരുന്നു തിലകൻ്റെ തിരിച്ചു വരവ്. ഇതിനു ശേഷം രഞ്ജിത്ത് ചിത്രങ്ങൾ ഉൾപ്പെടെ തിലകനെ തേടിയെത്തിയെങ്കിലും പിന്നീട് ഏറെക്കാലമൊന്നും അദ്ദേഹം ജീവിച്ചില്ല. ദിലീപിനോട് ഏറ്റുമുട്ടിയ സംവിധായകൻ വിനയൻ, തുളസീദാസ്, ബൈജു കൊട്ടാരക്കര തുടങ്ങിയവരും മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെട്ടു. വിനയൻ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ചിത്രങ്ങൾ എടുത്തിരുന്നുവെങ്കിലും മറ്റുള്ളവർക്ക് അതു കഴിഞ്ഞില്ല.
പലപ്പോഴായി അമ്മയെ വിമർശിച്ചതിന് ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, പൃഥിരാജ് സുകുമാരൻ തുടങ്ങി പ്രമുഖ നടൻമാർക്കെതിരെയും സൈഡ് ലൈൻ നീക്കമുണ്ടായി. പൃഥിരാജ് പിന്നീട് മോഹൻലാലുമായി കൂടുതൽ അടുക്കുകയും അദ്ദേഹത്തെ നായകനാക്കി രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. സെറ്റിൽ സൂപ്പർ സ്റ്റാറിനെ കണ്ടു എഴുന്നേറ്റു നിൽക്കാത്ത ലൈറ്റ് ബോയിയെ ഇറക്കിവിട്ട സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. സെറ്റിൽ പത്രം വായിച്ചു കൊണ്ടിരിക്കെ കടന്നുവന്ന മെഗാ സ്റ്റാറിനെ മൈൻഡ് ചെയ്തില്ലെന്ന കുറ്റത്തിത് മുതിർന്ന നടനായ രാജൻ പി ദേവ് നേരിടേണ്ടി വന്ന വിലക്കുകൾ ചെറുതല്ല.
മെഗാസ്റ്റാറിനോട് ഈ രീതിയിൽ ഷോട്ടു ചെയ്താൽ മതിയെന്നു പറഞ്ഞ പുതുമുഖ സംവിധായകന് തൻ്റെ ആദ്യ ചിത്രത്തോടുകൂടി പണി മതിയാക്കേണ്ടിവന്നു. നേരത്തെ പറഞ്ഞുറപ്പിച്ചു വെച്ച പ്രതിഫലം അവസാന ഘട്ടത്തിൽ ഇരട്ടിയാക്കി പറയുകയെന്നത് ശീലമാക്കിയ ഒരു മുൻനിര നടൻ മലയാളത്തിലുണ്ട്. ഇല്ലെങ്കിൽ ഡബ്ബിങിനോ പ്രമോഷനോ ഇയാൾ വരില്ല. ഇതു കാരണം എല്ലാം നഷ്ടപ്പെടുകയും തെരുവിൽ കഴിയുകയും ചെയ്യേണ്ടി വന്ന നിർമ്മാതാക്കൾ നിരവധിയാണ്.
മലയാളം കണ്ട മികച്ച ക്രാഫ്റ്റ് മാനും മുൻനിര സംവിധായകനുമായ കെ ജി ജോർജിനോട് അദ്ദേഹത്തിൻ്റെ ചിത്രങ്ങളിലുടെ സൂപ്പർ സ്റ്റാറായ ഒരു നടൻ കാണിച്ച നന്ദികേടിനെ കുറിച്ചു അദ്ദേഹം തന്നെ സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട്. അഭിനയത്തിൻ്റെ അവസാന വാക്കായ ഭരത് ഗോപിയെ വരെ പുറത്തു നിർത്തിയ താരാ മേധാവിത്വമാണ് മലയാള സിനിമയിൽ നടമടയായിരുന്നത്. അതുല്യ പ്രതിഭയായ ലോഹിതദാസ് അകാലത്തിൽ വിട പറഞ്ഞതിനും കാരണം മറ്റൊന്നല്ലെന്നും ആരോപണമുണ്ട്.
#malayalamcinema, #powerstruggle, #filmindustry, #controversy, #allegations, #mollywood