കാട്ടിക്കൂട്ടലാവുമോ സിനിമാ കോൺക്ലേവ്?

 
Malayalam cinema industry facing severe crisis
Malayalam cinema industry facing severe crisis

Representational Image Generated by Grok

● 2024-ൽ റിലീസ് ചെയ്ത 250 സിനിമകളിൽ 40 എണ്ണത്തിൽ താഴെ മാത്രമാണ് മുടക്കുമുതൽ തിരിച്ചുപിടിച്ചത്.
● വേതന അസമത്വം, ലഹരി ഉപയോഗം, സുരക്ഷാ പ്രശ്‌നങ്ങൾ തുടങ്ങിയവ കോൺക്ലേവ് ചർച്ച ചെയ്യും.
● ഹേമ കമ്മിറ്റി റിപ്പോർട്ടും അടൂർ ഗോപാലകൃഷ്ണൻ റിപ്പോർട്ടും കോൺക്ലേവിൽ പരിഗണിക്കും.
● കോൺക്ലേവ് പ്രഖ്യാപിച്ച ശേഷം നടന്ന ചില സംഭവങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

നവോദിത്ത് ബാബു

(KVARTHA) മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച സിനിമാ കോൺക്ലേവ് അടുത്ത മാസം നടക്കുമെന്ന പ്രഖ്യാപനം വന്നിരിക്കെ, സിനിമാ മേഖലയിലുള്ളവരും പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്.

വലിയൊരു ശുദ്ധീകരണത്തിന് സർക്കാർ തുനിഞ്ഞിറങ്ങുമോ, പുതിയ ചലച്ചിത്ര നയപ്രഖ്യാപനം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മലയാളത്തിൽ ഇറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ നിലം തൊടാതെ പൊട്ടുന്നതും, ചെറുകിട ചിത്രങ്ങൾ ആളനക്കമില്ലാതെ തിയേറ്ററുകൾ വിടുന്നതും വമ്പൻ പ്രതിസന്ധിയിലേക്കാണ് മലയാള സിനിമാ വ്യവസായത്തെ എത്തിച്ചിരിക്കുന്നത്.

ഇതിനിടെയാണ് തെന്നിന്ത്യയിൽ നിന്നും 'പാൻ ഇന്ത്യ' എന്ന പേരിൽ തട്ടുപൊളിപ്പൻ സിനിമകൾ ഇറങ്ങി പണം വാരി പോകുന്നത്. 2024-ൽ കേരളത്തിലെ തിയേറ്ററുകളിൽ ഇറങ്ങിയ 250 സിനിമകളിൽ 40 എണ്ണത്തിൽ താഴെയാണ് മുടക്കുമുതൽ തിരിച്ചുപിടിച്ചത്. ഇതിൽ ഹിറ്റുകളുടെ എണ്ണം പത്തിൽ താഴെയാണ്. ബാക്കിയുള്ളതൊക്കെ മുടക്കുമുതൽ തിരിച്ചുപിടിച്ച് രക്ഷപ്പെട്ടു എന്ന് മാത്രം.

സംസ്ഥാനത്ത് ഒരു ചലച്ചിത്ര നയം രൂപീകരിക്കുന്നതിനും സിനിമാ മേഖലയിലെ വിവിധ വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമാ കോൺക്ലേവ് എന്നാണ് സർക്കാർ പറയുന്നത്. വേതന, സേവന മേഖലയിലെ അസമത്വങ്ങളും, സിനിമാ പ്രവർത്തകരുടെ സുരക്ഷിതത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് കോൺക്ലേവിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നത്.

സിനിമാ കോൺക്ലേവ് ഓഗസ്റ്റ് 2, 3 തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് നടക്കുക. താരങ്ങളുടെ കോടികൾ വരുന്ന പ്രതിഫലം, നിർമ്മാണ ചെലവ്, സെറ്റുകളിലെ ലഹരി ഉപയോഗം, നടിമാർക്കെതിരെയുള്ള ലൈംഗിക ചൂഷണം എന്നിങ്ങനെ ഒട്ടേറെ നീറുന്ന വിഷയങ്ങൾ ഇപ്പോഴും മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ട്.

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മ മുഖ്യമന്ത്രിയെ കണ്ട് സിനിമാ മേഖലയിലെ അസമത്വങ്ങളും അനീതിയും സ്ത്രീകൾക്കുനേരെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ അവതരിപ്പിച്ചതിനെ തുടർന്നായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത്.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായാണ് മുൻ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അധ്യക്ഷയായുള്ള കമ്മിറ്റി രൂപീകരിച്ചത്. വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന ലൈംഗികാതിക്രമം, മിനിമം വേതനം പോലും നൽകാതിരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് ഹേമ കമ്മിറ്റിക്കുമുന്നിൽ ലഭിച്ച മൊഴികളും പരാതികളും ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു.

എ.കെ. ബാലൻ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരിക്കെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതെങ്കിലും അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് ഭാഗികമായി സർക്കാർ പുറത്തുവിടാൻ തയ്യാറായത്.
ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ സർക്കാർ ഒരു കോൺക്ലേവ് സംഘടിപ്പിച്ച് ചർച്ച ചെയ്യണം എന്നായിരുന്നു. മലയാള സിനിമാ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടും കോൺക്ലേവിൽ ചർച്ച ചെയ്യുമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ, 2024 നവംബറിൽ കൊച്ചിയിൽ നടത്തുമെന്ന് പ്രഖ്യാപിച്ച കോൺക്ലേവ് പല കാരണങ്ങളാൽ തീയതികൾ മാറിക്കൊണ്ടേയിരുന്നു. ഒടുവിൽ കോൺക്ലേവ് യാഥാർത്ഥ്യമാവുകയാണ്. വിവിധ സിനിമാ സംഘടനകൾ, സിനിമാ പ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരടങ്ങുന്ന സമിതിയാണ് കോൺക്ലേവിൽ ചർച്ചകൾ നയിക്കുന്നത്.

ആരോപണ വിധേയരായവരെ ഒഴിവാക്കണമെന്ന ആവശ്യങ്ങൾ പരിഗണിച്ച്, നടൻ മുകേഷ് എം.എൽ.എ.യെ സമിതിയിൽ നിന്നും ഒഴിവാക്കിയതും, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സമിതിയിൽ നിന്നും രാജിവെച്ചതും വിവാദങ്ങൾക്ക് വഴിയൊരുക്കി. സമിതി ചെയർമാൻ ഷാജി എൻ. കരുൺ മാസങ്ങൾക്ക് മുമ്പ് മരണമടഞ്ഞത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

കോൺക്ലേവ് പ്രഖ്യാപിച്ചതിനാൽ ഏറെ പ്രതിസന്ധികൾക്കിടയിലും നടത്താൻ നിർബന്ധിതരായെന്ന മട്ടിലാണ് സാംസ്കാരിക വകുപ്പിന്റെ അഴകൊഴമ്പൻ നിലപാട്. ഇച്ഛാശക്തിയില്ലാതെ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഇറങ്ങിയാൽ കോൺക്ലേവിലെടുത്ത തീരുമാനങ്ങൾ ചാപിള്ളയായി മാറുമോയെന്ന ആശങ്ക ചലച്ചിത്ര മേഖലയിലുള്ളവർ തന്നെ പങ്കുവെക്കുന്നുണ്ട്. ഇത്തരം 'കാട്ടിക്കൂട്ടലുകൾ' മലയാള ചലച്ചിത്ര രംഗത്തെ രക്ഷിക്കാൻ കഴിയുമോയെന്നതാണ് ഉയരുന്ന ചോദ്യം.

മലയാള സിനിമയുടെ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

 

Article Summary: Malayalam cinema faces crisis; government conclave offers hope.

#MalayalamCinema #FilmConclave #KeralaFilm #CinemaCrisis #HemaCommittee #FilmIndustry

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia