'അമ്മ'യെ നയിക്കാൻ 4 പെണ്ണുങ്ങൾ വരുമ്പോൾ മലയാള സിനിമയിൽ പൂത്തുലയുമോ സ്ത്രീ പുരുഷ-സമത്വം?

 
Four women in leadership roles in AMMA, Malayalam cinema's actors association.
Four women in leadership roles in AMMA, Malayalam cinema's actors association.

Photo Credit: Facebook/ Shwetha Menon, Indian Actress Exclusive Collection, Lakshmi Priya, Ansiba Hassan

● നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ശ്വേതയുടെ നിലപാട് വിമർശിക്കപ്പെട്ടു.
● 'കളിമണ്ണ്' സിനിമയുമായി ബന്ധപ്പെട്ട് ശ്വേത കടുത്ത വിമർശനം നേരിട്ടു.
● പുരുഷാധിപത്യ സിനിമയിൽ വനിതാ നേതൃത്വം ഒരു ശുഭസൂചനയാണ്.

ഭാമനാവത്ത് 

(KVARTHA) നാല് വനിതകൾ മലയാള താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിലേക്ക് വരുമ്പോൾ, അത് ചരിത്രപരമായ വിവേചനങ്ങളെയും അനീതികളെയും തിരുത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ചരിത്രത്തിൽ, ഉയർന്ന പദവികളിലെത്തുന്ന സ്ത്രീകൾ തങ്ങളുടെ അതേ ലിംഗത്തിലുള്ള ഇരകൾക്ക് വലിയ സഹായം ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ല. പലപ്പോഴും ഇതിന് വിപരീതമാണ് നമ്മുടെ അനുഭവം. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ, ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി വിമൻ ഇൻ സിനിമാ കലക്ടീവിനൊപ്പം നിന്ന വ്യക്തിയായിരുന്നില്ല ശ്വേതാ മേനോൻ. 

Aster mims 04/11/2022

അതിനാൽത്തന്നെ വേട്ടക്കാരനും ഇരയ്ക്കും ഇടയിൽ നിന്നുള്ള ഒരു നിലപാടായിരുന്നു അവർക്ക്. എന്നാൽ, സമൂഹത്തിന്റെ പൊതു സദാചാരബോധത്തിൽ ഒതുങ്ങിക്കൂടിയിരുന്ന ഒരു നടിയായിരുന്നില്ല അവർ. മലയാളികളുടെ സദാചാരബോധത്തെ ഏറ്റവുമധികം ചോദ്യം ചെയ്ത നടിമാരിലൊരാളാണ് ശ്വേതാ മേനോൻ.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശ്വേതാ മേനോന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘നോ പറയേണ്ട സമയത്ത് അത് പറയുന്ന ആളാണ് ഞാൻ.’ സിനിമയിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, പോരാടേണ്ട സാഹചര്യങ്ങളിൽ താൻ പോരാടിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഈ പോരാട്ടവീര്യം 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും ശ്വേത തുടർന്നു.

'അമ്മ'യുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇറങ്ങിയ ശ്വേതയ്ക്ക് നേരെ ചില തൽപ്പരകക്ഷികൾ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. വ്യക്തിഹത്യ ചെയ്ത് തളർത്താനും പിന്തിരിപ്പിക്കാനും വേണ്ടിയുള്ള ആ ശ്രമം മലയാളിയുടെ കപടസദാചാരത്തിന്റെ ഒട്ടും നൈതികമല്ലാത്ത നീക്കമായിരുന്നു. 

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടായിരുന്ന ജഗദീഷ് പിന്മാറിയതോടെയാണ് കേട്ടാലറയ്ക്കുന്ന ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചെന്നും, അടുത്തിടപഴകി അഭിനയിച്ച രംഗങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നുവെന്നുമായിരുന്നു അവരുടെ പരാതി. 

എന്നാൽ, അവർ അശ്ലീലമെന്ന് ചൂണ്ടിക്കാട്ടിയ അതേ സിനിമയിലെ അഭിനയത്തിന് ശ്വേതയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട് എന്ന കാര്യം ഈ കപട സദാചാരവാദികളും അവരെ ഇറക്കി കളിച്ചവരും മറന്നുപോയിരുന്നു.

ശ്വേത അഭിനയിച്ച രംഗങ്ങളിൽ അവർ തനിച്ചായിരുന്നില്ല, ഒരു പുരുഷൻകൂടി കൂടെയുണ്ടായിരുന്നെന്ന് അവർ സൗകര്യപൂർവ്വം മറന്നു. ആ പുരുഷന്മാർക്കൊന്നും ഇല്ലാത്ത പ്രശ്നം എന്തുകൊണ്ട് ശ്വേതയ്ക്ക് നേരെ മാത്രം ഉയർന്നു? അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ: നിവർന്നുനിൽക്കാൻ കെൽപ്പുള്ള സ്ത്രീകളെ മാനംകെടുത്തുകയും തളർത്തുകയും പിന്തിരിപ്പിക്കുകയും ചെയ്യുക. അധികാരത്തിലേക്ക് അവർ വെക്കുന്ന ചുവടുകളെ പരമാവധി തടയുക. 

അതിന് പറ്റിയൊരു ഇരയായിരുന്നു എതിരാളികൾക്ക് ശ്വേത. സമൂഹത്തിന്റെ പൊതുസദാചാര മാനദണ്ഡങ്ങളിൽ ഒതുങ്ങിനിൽക്കുന്ന, അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണായിരുന്നില്ല ശ്വേത എന്നതാണ് ഇതിന് കാരണം.

തനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചും, ഗ്ലാമർ വേഷങ്ങളിൽ നായകനൊപ്പം ആടിയും പാടിയും അവർ മുന്നോട്ട് പോയി. നായകനാരെന്ന് നോക്കി സാറ്റ്‌ലൈറ്റ് റേറ്റ് നിശ്ചയിക്കപ്പെടുന്ന, ലൈറ്റ് ബോയ് മുതൽ സംവിധായകൻ വരെയുള്ള ശ്രേണിയിൽ ഭൂരിഭാഗവും പുരുഷന്മാരായ, ആണഹന്തയും മാടമ്പിത്തരവും വേണ്ടുവോളമുള്ള ഒരു പുരുഷകേന്ദ്രീകൃത ഷോ ബിസിനസ്സിൽ ശ്വേതാ മേനോൻ എന്ന പേരിനെ മലയാളികൾ തുടക്കംമുതലേ ഒരു സെക്സ് സിംബലായിട്ടാണ് കണ്ടിരുന്നത്. അവർക്ക് ശ്വേത, കാമസൂത്രയിൽ അഭിനയിച്ച മോഡലും പുളകംകൊള്ളിക്കുന്ന രതിചേച്ചിയും മാത്രമായിരുന്നു.

ഇതിന് ഒരു മാറ്റം വരുന്നത് മിനി സ്‌ക്രീനിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരകയായി അവർ എത്തിയപ്പോഴാണ്. വിവാഹം കഴിഞ്ഞ് സാരിയുടുത്ത് സിന്ദൂരമണിഞ്ഞ് എത്തിയ ശ്വേതയെ സമൂഹം കൈനീട്ടി സ്വീകരിച്ചു. അവർക്ക് വളകാപ്പ് നടത്തി പ്രസവത്തിന് അയച്ചു. 

എന്നാൽ, 'കളിമണ്ണ്' എന്ന സിനിമയ്ക്ക് വേണ്ടി സ്വന്തം പ്രസവം ചിത്രീകരിച്ചെന്ന പേരിൽ സമൂഹം വീണ്ടും അവർക്ക് നേരെ കല്ലെറിഞ്ഞു. പ്രസവം ചിത്രീകരിച്ചതു പോയിട്ട്, ഭർത്താവ് ലേബർ റൂമിൽ കയറിയത് പോലും അന്നത്തെ സമൂഹത്തിന്, സ്ത്രീകളടക്കം, ദഹിക്കുന്നതായിരുന്നില്ല. 

ശ്വേത അവർക്ക് മുന്നിൽ ഒന്നിനും മടിക്കാത്ത ഒരു 'ഒരുമ്പെട്ടവളായി'. വ്യക്തിജീവിതത്തിൽ സ്ലീവ്‌ലെസ് ധരിക്കാൻ പോലും വലിയ താൽപ്പര്യമില്ലെന്ന് പറഞ്ഞ ശ്വേതയെ, അവർ അഭിനയിച്ച വേഷങ്ങളുടെയും ധരിച്ച വസ്ത്രങ്ങളുടെയും പേരിലും മാത്രം അളന്നു.

എന്നാൽ, സൗന്ദര്യത്തിനൊപ്പം ധൈര്യവും വേണ്ടുവോളമുള്ള സ്ത്രീയായിരുന്നു ശ്വേത. 'ഞാൻ പുരുഷന്മാരെ ഫ്ലേർട്ട് ചെയ്യാറുണ്ട്' എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഒരു മടിയും കൂടാതെ തുറന്നു പറയാൻ എത്ര സ്ത്രീകൾക്ക് കഴിയും? ആ തന്റേടത്തിന്റെ പേരാണ് ശ്വേത.

താരസംഘടനയായ 'അമ്മ' രൂപംകൊണ്ടിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. മുരളിക്കും മധുവിനും ഇന്നസെന്റിനും മോഹൻലാലിനും ശേഷം അധ്യക്ഷസ്ഥാനത്തേക്ക് ശ്വേത വരുമ്പോൾ, അവർക്ക് ഇടവും വലവുമായി കരുത്ത് പകരാൻ കുക്കു പരമേശ്വരനും ലക്ഷ്മിപ്രിയയും അൻസിബയും ഒപ്പമുണ്ട്.

ഈ നാല് വനിതകൾ ഇനി മലയാള ചലച്ചിത്ര ലോകത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കും. ഒരു വനിതാ മുഖ്യമന്ത്രിയെ ഇതുവരെ ലഭിക്കാത്ത നാടാണ് കേരളം. പാർട്ടികളുടെ തലപ്പത്തും പ്രധാന പദവികളിലും സ്ത്രീകൾ കുറവാണ്. അങ്ങനെയുള്ളപ്പോൾ, പുരുഷാധിപത്യം കൊടികുത്തിവാഴുന്ന മലയാള സിനിമയിലെ താരസംഘടനയുടെ തലപ്പത്ത് വനിതകൾ വരുന്നത് എന്തുകൊണ്ടും ശുഭസൂചകമായ കാര്യമാണ്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യൂ, ഷെയർ ചെയ്യൂ.

 

Article Summary: The article explores if the rise of four women in 'AMMA' leadership signals a change in Malayalam cinema's patriarchal structure.

#AMMA, #MalayalamCinema, #ShwethaMenon, #WomensLeadership, #Kerala, #EntertainmentNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia