മാതംഗി ഫിലിംസിൻ്റെ ബാനറിൽ നടി ലക്ഷ്മി പ്രിയ നിർമിക്കുന്ന 'ക്രോസ്സ് വിൻഡ്സ്' എന്ന ചിത്രത്തിൻ്റെ വ്യത്യസ്തമായ കാസ്റ്റിംഗ് കാൾ ശ്രദ്ധ നേടുന്നു
ADVERTISEMENT
● ബഷീർ പൊന്നാനിയാണ് ചിത്രത്തിൻ്റെ സംവിധായകൻ
● കടലിൻ്റെ മക്കളുടെ കഥയാണ് ചിത്രം പറയുന്നത്
● മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകും
● ചിത്രത്തിൻ്റെ ആദ്യ ഓഡിഷൻ പൊന്നാനി ഗസ്റ്റ് ഹൗസിൽ നടക്കും
കൊച്ചി: (KVARTHA) ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ച് നടി ലക്ഷ്മി പ്രിയ. മാതംഗി ഫിലിംസിൻ്റെ ബാനറിൽ താൻ ആദ്യമായി ഒരു സിനിമ നിർമിക്കാൻ പോകുന്നുവെന്നാണ് താരം അറിയിച്ചിരിക്കുന്നത്. 'ക്രോസ്സ് വിൻഡ്സ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
കടലിൻ്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിലേക്കായി കാസ്റ്റിംഗ് കാളും ലക്ഷ്മി പ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നടന്മാരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നതെന്നും ഇവർക്കൊപ്പം മലയാള സിനിമയിലെ മികച്ച നടീനടന്മാരും ഉണ്ടാകുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
വ്യത്യസ്തമായ കാസ്റ്റിംഗ് കാൾ
തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിലേക്കുള്ള താരങ്ങളെ തേടിയുള്ള കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്രായം 18 മുതൽ 50 വരെ കൊള്ളാനും കൊടുക്കാനും മടിയില്ലാത്ത ഘടാഘടിയന്മാരായ ജിമ്മന്മാർ, മുതലും പലിശയും ചേർത്ത് കൊടുക്കാൻ തയ്യാറെടുത്ത തലയെടുപ്പുള്ളവർ എന്നിവരെയാണ് സിനിമയിലേക്ക് ആവശ്യമുള്ളത്.
18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള, എന്താടീന്ന് ചോദിച്ചാൽ പോടാന്ന് പറയാനും വേണേൽ ഒന്ന് പൊട്ടിക്കാനും കെൽപ്പുള്ള നായികയെയും ആവശ്യമുണ്ട്. നാക്കിന് നല്ല ആരോഗ്യമുള്ള അമ്മമാരാണ് മറ്റൊരാവശ്യം. ഇവർക്ക് പ്രായപരിധിയില്ല. പത്രവാർത്തകളോടൊപ്പം പരദൂഷണം ജീവിതചര്യയാക്കിയ ചേട്ടന്മാർ, ഡയലോഗടിച്ച് കിളി പറത്തുന്ന 8 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ എന്നിവരെയും ചിത്രത്തിലേക്ക് ആവശ്യമുണ്ട്.
ഓഡിഷൻ വിവരങ്ങൾ
ചിത്രത്തിൻ്റെ ആദ്യ ഓഡിഷൻ പൊന്നാനി ഗസ്റ്റ് ഹൗസിൽ വെച്ചാണ് നടക്കുന്നത്. ബഷീർ പൊന്നാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ നാലാമത്തെ ചിത്രമാണിത്. താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും ചെറിയ പെർഫോമൻസ് വീഡിയോയും വാട്സ്ആപ്പ് ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. ഏവരുടെയും പ്രാർഥനയും അനുഗ്രഹവും പ്രതീക്ഷിക്കുന്നതായും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Actress Lakshmipriya has announced her debut as a film producer under the banner Mathangi Films. The movie, titled 'Crosswinds', is directed by Basheer Ponnani and revolves around the lives of coastal communities.
#LakshmiPriya #CrosswindsMovie #MathangiFilms #MalayalamCinema #CastingCall #BasheerPonnani #MollywoodNews #AmmuNews
