Review | കുണ്ഡലപുരാണം: കാസർകോടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കൊച്ചു സൂപ്പർ സിനിമ; ഇന്ദ്രൻസ് തകർത്തു


ഡോണൽ മുവാറ്റുപുഴ
(KVARTHA) ഇന്ദ്രൻസ് നായകനായ 'കുണ്ഡലപുരാണം' എന്ന സിനിമ തീയേറ്ററിൽ റിലീസ് ആയിരിക്കുകയാണ്. കാസർകോടിന്റെ ഭാഷ സൗന്ദര്യത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് പുതുക്കുന്ന് ആണ്. മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇന്ദ്രന്‍സ് എന്ന നടന്‍റെ കരിയറിലെ മികച്ചൊരു ചിത്രമായി മാറും എന്നതിൽ തർക്കം വേണ്ട. കഥ, തിരക്കഥ വി സുധീഷ് കുമാറിൻ്റേത് ആണ്. പേരിലും പ്രമേയത്തിലും പുതുമകളുമായി എത്തിയിരിക്കുന്ന കുണ്ഡലപുരാണം ഒരുപറ്റം ജനങ്ങളുടെ അതിജീവനത്തിന്റെ കഥയാണ്.
വേനലിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം പറയുന്നത്. ഒരു നാട്ടിന്‍പുറത്തേക്ക് ക്യാമറ തിരിച്ചുവച്ചാല്‍ എങ്ങനെയിരിക്കുമെന്ന പോലെ അത്രത്തോളം റിയലിസ്റ്റിക് ആയിരുന്നു ചിത്രം. നാടിന്‍റെ ഒരുമയും ഐക്യവും അതിനിടയിലെ സ്വാര്‍ത്ഥതയും അച്ഛന്‍ മകള്‍ ബന്ധവും ഒക്കെയായി ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെടുന്ന രീതിയില്‍ വളരെ ലളിതമായ ആഖ്യാനത്തോടെയാണ് ചിത്രം കഥ പറയുന്നത്.
ഇന്ദ്രൻസിനൊപ്പം ഒരു 'കിണറും' മുഖ്യകഥാപാത്രമാകുന്ന കുണ്ഡല പുരാണം ഗ്രാമീണ ജനതയുടെ നിഷ്‌കളങ്കതയാണ് വരച്ചു കാട്ടുന്നത്. വലിയ താരനിരയോ വലിയ ബജറ്റോ ഒന്നുമില്ലാതെ ആദ്യാവസാനം എന്‍ഗേജ് ചെയ്യിപ്പിച്ച് ഒരു നല്ലൊരു സിനിമ ഉണ്ടാക്കാമെന്ന് സംവിധായകന്‍ സന്തോഷ് പുതുക്കുന്ന് തെളിയിച്ചിരിക്കുന്നു ഈ സിനിമയിലൂടെ. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി അവാർഡ് നേടിയ മോപ്പല എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെയാണ് സന്തോഷ് പുതുക്കുന്ന് ശ്രദ്ധേയനായത്.
ഏപ്രിൽ മാസത്തിൽ വറ്റിപ്പോകുന്ന ഒരു ഗ്രാമത്തിൻ്റെയും വറ്റാത്ത നീരുറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് നിരവധി കുടുംബങ്ങൾ ജീവിക്കുന്നതിൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കാസർകോടും പരിസരപ്രദേശങ്ങളിലുമാണ് നടന്നത്. ഇന്ദ്രൻസിനെക്കുടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രന്‍സ് മാത്രമല്ല അഭിനേതക്കളായി വന്ന എല്ലാവരും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതില്‍ തന്നെ മറിമായത്തിലൂടെ നമുക്ക് പരിചിതമായ ഉണ്ണിരാജയുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്.
സിനിമയിലെ മായാതെൻ താരമേ എന്നാരംഭിക്കുന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിരിക്കുകയാണ്. ഈ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ബ്ലെസണ്‍ തോമസിന്‍റേതാണ് സംഗീതം. നജിം അര്‍ഷാദ് ആണ് പാടിയിരിക്കുന്നത്. ഐഡിയാ സ്റ്റാർ സിംഗറിലൂടെ പേരെടുത്ത ഗായകൻ ആണ് നജിം അര്‍ഷാദ്. ശരണ്‍ ശശിധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ശ്യാം അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രജില്‍ കെയ്സി, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരവിന്ദന്‍ കണ്ണൂര്‍, സൗണ്ട് ഡിസൈന്‍ രഞ്ജുരാജ് മാത്യു, കല സി മോന്‍ വയനാട്, സംഘട്ടം ബ്രൂസ് ലൂ രാജേഷ്, ചമയം രജീഷ് പൊതാവൂര്‍.
ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ സുജില്‍ സായ്, പിആര്‍ഒ മഞ്ജു ഗോപിനാഥ്, പരസ്യകല കുതിരവട്ടം ഡിസൈന്‍സ്. ചിത്രത്തിലെ കോമഡിയും ഇമോഷണല്‍ സീനുകളും എല്ലാം ആസ്വാദകരമായിരുന്നു. കൽക്കി, മഹാരാജ തുടങ്ങി വമ്പൻ ബാനറിൽ ഒരുങ്ങിയ വൻ സിനിമകൾ തീയേറ്ററുകൾ ഭരിക്കുമ്പോൾ ഇങ്ങു കേരളത്തിന്റെ വടക്കേ അറ്റത് നിന്നും ഒരുപാട് പേരുടെ പ്രതീക്ഷകളുമായി എത്തിയ ഒരു കൊച്ചു സിനിമ കുണ്ഡലപുരാണം വിജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ആയതിനാൽ കുണ്ഡലപുരാണം എല്ലാരും കുടുംബ സമേതം തീയേറ്ററിൽ പോയി തന്നെ സിനിമ കാണണം, വിജയിപ്പിക്കണം.