Review | കിഷ്കിന്ധാ കാണ്ഡം: പ്രതീക്ഷകളെ മറികടന്ന സിനിമ; ആസിഫ് അലിയും വിജയരാഘവനും ഞെട്ടിക്കുന്നു
● പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്ന ഒരു സിനിമയാണ്.
● വിജയരാഘവന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് അപ്പുപിള്ള.
അർണവ് അനിത
(KVARTHA) 'സങ്കല്‍പ്പത്തേക്കാള്‍ ഭീകരമാണ് യാഥാര്‍ത്ഥ്യം' എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ വരികളാണ് കിഷ‍്കിന്ധാ കാണ്ഡം എന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസിലേക്ക് ഓടിവരുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിലും ചിന്തിക്കുന്നതിനും അപ്പുറമാണ് ഈ സിനിമ നമ്മെ കൊണ്ടെത്തിക്കുന്നത്. ജീവിതം എത്രമേല്‍ മധുരിതമാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ എല്ലാം കൈവിട്ടുപോകും. അങ്ങനെയൊരു പോക്കും അതിന്റെ നിഗൂഢതകളുമാണ് ദിന്‍ജിത്ത് അയ്യത്താന്‍ എന്ന സംവിധായകന്‍ പറയുന്നത്.
കഥപറയുന്നതിലും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും തിരക്കഥാകൃത്ത് ബാഹുല്‍ രമേഷ് കാണിച്ച പുതുമ അടുത്തകാലത്തെങ്ങും മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല. ആട്ടത്തിന് ശേഷമുള്ള മികച്ച തിരക്കഥയും പ്രമേയവുമാണ് കിഷ‍്കിന്ധാ കാണ്ഡത്തിലുള്ളത്. എഴുത്തിന്റെ മാസ‍്മരികതയും കയ്യടക്കവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. താരകേന്ദ്രീകൃതമായ മലയാളസിനിമയില്‍ കഥയും കഥാപാത്രങ്ങളും പ്രമേയവും സംവിധാന മികവും അതിനെ മറികടക്കുന്നു എന്നത് നല്ല സിനിമയുടെ വിജയമാണ്.
അജയ് ചന്ദ്രനും (ആസിഫ് അലി) എക‍്സ് സര്‍വ്വീസ് ജീവനക്കാരനായ പിതാവ് അപ്പുപ്പിള്ളയും (വിജയരാഘവന്‍) തിരുനെല്ലിയില്‍ സംരക്ഷിത വനമേഖലയ‍്ക്ക് അടുത്താണ് താമസിക്കുന്നത്. നിറയെ കുരങ്ങുകളുള്ള പ്രദേശം. ഫോറസ്റ്റ് ഓഫീസറായ അജയ് ചന്ദ്രനും പിതാവും പരസ്പരം അങ്ങനെ സംസാരിക്കാറു പോലുമില്ല. തനി മുരടനാണ് അപ്പുപിള്ള. അയാളില്‍ ഒരുപാട് രഹസ്യങ്ങള്‍ ഉറഞ്ഞുകൂടി കിടപ്പുണ്ട്. അതില്‍ പലതും അയാള്‍ മനസിന്റെ ഞെരിപ്പോടിനുള്ളില്‍ കത്തിച്ചുകളയാന്‍ ശ്രമിക്കുന്നവയാണ്.
അവയില്‍ ചിലത് അയാളെ വല്ലാതെ വേട്ടയാടും. അങ്ങനെയിരിക്കുന്ന അവസരത്തിലാണ് കഥ തുടങ്ങുന്നത്.
ഈ സമയത്താണ് അജയ് ചന്ദ്രന്റെ വിവാഹവും. മരുമകള്‍ അപര്‍ണ (അപര്‍ണ ബാലമുരളി) വീട്ടിലേക്ക് കയറിവരുന്നതോടെ പ്രശ‍്നങ്ങള്‍ക്ക് ചെറിയ രീതിയിലെങ്കിലും പരിഹാരമാകുമെന്ന് അടുത്തബന്ധുക്കളും സുഹൃത്തുക്കളും കരുതുന്നു. എന്നാല്‍ ജീവിതത്തിന്റെ സങ്കീര്‍ണതകളുടെ ആഴം കൂടുകമാത്രമാണുണ്ടായത്.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അപ്പുപുള്ളയുടെ തോക്ക് സറണ്ടര്‍ ചെയ്യേണ്ടിവരുന്നു. എന്നാലത് കാണാനില്ല. പട്ടാളത്തില്‍ ചേരുന്നതിന് മുമ്പ് അപ്പുപിള്ളയ‍്ക്ക് നക‍്സലേറ്റ് ബന്ധമുണ്ടായിരുന്നു. ഇങ്ങിനെ സങ്കീര്‍ണമായ ജീവിതം അതിസങ്കീര്‍ണതകളിലേക്ക് വഴിമാറുന്നു. എന്നാല്‍ ഓരോ തവണയും പ്രേക്ഷകന്റെ ചിന്തകളെ തകിടംമറിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന സംഭവങ്ങളിലേക്കാണ് സംവിധായകന്‍ കൂട്ടിക്കൊണ്ട് പോകുന്നത്.
ചില സത്യങ്ങള്‍ മറച്ചുവയ‍്ക്കാന്‍ പലപ്പോഴും മനുഷ്യന് അഭിനയിക്കേണ്ടിവരും. നിരന്തരമായ അഭിനയത്തില്‍ ചിലര്‍ക്ക് സംശയം തോന്നും, അവരതിനെ പിന്തുടരും ചിലതൊക്കെ കണ്ടെത്തിയെന്നുമിരിക്കും അത് തിരിച്ചറിയുമ്പോള്‍ അഭിനേതാവ് സ്വാഭാവികമായി ക്ഷുഭിതനാകും. നമ്മള്‍ അയാളെ കൂടുതല്‍ സംശയിക്കും. എന്നാല്‍ അയാളുടെ നടനവും വേദനയും എന്തിനായിരുന്നു എന്നറിയുന്ന നിമിഷം ആയാളേക്കാള്‍ തകരുന്നത് സംശയം ദുരൂഹരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരായിരിക്കും.
ഇത്തരത്തിലുള്ള സങ്കീര്‍ണതകള്‍ പറയുന്നത് വളരെ ലളിതമായാണെങ്കിലോ, അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ആ സുഖം ഈ സിനിമ കാണുമ്പോള്‍ ലഭിക്കും. അതിവൈകാരികമായ തലത്തിലേക്ക് ഏത് നിമിഷവും ചാടിവീഴാവുന്ന കഥയാണിത്. എന്നാല്‍ അതൊന്നുമില്ലാതെ, വലിച്ചുനീട്ടലുകളില്ലാതെ കയ്യടക്കത്തോടെ കഥ പറയുന്നു. ആ പറച്ചിലാണ് ഈ സിനിമയിലെ രാജാവ്. ആ രാജാവാണ് ഇതിനന്റെ മുക്കം മൂലയും കോണും അരികും എല്ലാം നിയന്ത്രിക്കുന്നത്.
വിജയരാഘവന്റെ അഭിനയന ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് അപ്പുപിള്ള. പൂക്കാലത്തില്‍ അദ്ദേഹം ചെയ‍്ത തൊണ്ണൂറുവയസുകാരനും മകളിലൂടെ അപ്പുപിള്ള സഞ്ചരിക്കുന്നു. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ അയാളുടെ തോളിലാണീ കാണ്ഡം. ആസിഫ് അലി അജയ് ചന്ദ്രന്‍ എന്ന സാധാരണ മനുഷ്യനായി ഭംഗിയായി പെരുമാറി. ജഗദീഷിന്റെ സുമദത്തന്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷമാണ്. സംഭാഷണങ്ങള്‍ അധികമില്ലാത്ത, തമാശയില്ലാത്ത കഥാപാത്രം.
അങ്ങനെ എല്ലാം കൊണ്ടും വഴി മാറി സഞ്ചരിക്കുന്ന കാണ്ഡമാണ് കിഷ‍്കിന്ദ. അതുകൊണ്ട് തന്നെ മികച്ച അഭിപ്രായം ആദ്യദിനം തന്നെ നേടാനായി. സിനിമ ഒരേസമയും വിനോദവും വാണിജ്യവമാണ്. എന്നാല്‍ അതിനൊപ്പം കലയുടെ മാസ‍്മരികത കൂടി ചേരുമ്പോഴാണ് മികച്ച ചലച്ചിത്രമായി മാറുന്നത്. അത്തരത്തിലുള്ള കാഴ‍്ചയാണ് ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയിരിക്കുന്നത്.
#KishkindhaKandam #MalayalamCinema #IndianCinema #MovieReview #AsifAli #VijayRaghavan #DinjithAyyathan #PsychologicalThriller #FamilyDrama