Kireedam| കിരീടം: മലയാളികൾ ഏറെ ആഘോഷിച്ച സിനിമ; സേതുമാധവനെയും അച്യുതൻ നായരെയും മറക്കാനാകില്ല!

 
Kireedam Movie
Kireedam Movie

Facebook / Malayalam Movie & Music DataBase

വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും കിരീടത്തിലെ മോഹൻലാലിന്റെയും തിലകന്റെയും പ്രകടനത്തോട് കിട പിടിക്കാൻ ഇതരഭാഷ നടൻമാർക്കായില്ല എന്നതാണ് യാഥാർത്ഥ്യം

മിൻ്റാ മരിയ ജോസഫ്

(KVARTHA) മലയാളികൾ ഏറെ ആഘോഷിച്ച സിനിമയായിരുന്നു സിബി മലയിൽ (Sibi Malayil)  - ലോഹിത ദാസ് (A K Lohithadas) - മോഹൻലാൽ (Mohanlal) കൂട്ടുകെട്ടിൽ പിറന്ന കിരീടം (Kireedam). ഇന്നും കിരീടം പോലെ മലയാളികൾ ആവേശം കൊള്ളുന്ന മറ്റൊരു സിനിമ (Cinema) ഉണ്ടോ എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്ക് മലയാളികളെ മനസ്സിൽ പതിഞ്ഞ ഒരു സിനിമ എന്നു തന്നെ കിരിടത്തെ വിശേഷിപ്പിക്കാം. കൃപ ഫിലിംസിന്റെ ബാനറിൽ കിരീടം  ഉണ്ണിയും  ദിനേശ് പണിക്കരും ചേർന്ന് നിർമ്മിച്ച കിരീടം എന്ന സൂപ്പർഹിറ്റ് മലയാള സിനിമ പിറന്നിട്ട് 35 വർഷം പിന്നിടുന്നു.

മലയാളിയുടെ മനസ്സിൽ ഒരു നൊമ്പരമായി മോഹൻലാൽ അവതരിപ്പിച്ച  സേതുമാധവൻ എന്ന കഥാപാത്രം ഇന്നും നിലനിൽക്കുന്നെങ്കിൽ അത്രകണ്ട് മലയാളികൾ ഈ സിനിമയെ സ്നേഹിച്ചിരുന്നു എന്ന് വേണം പറയാൻ. ലോഹിതദാസിന്റെ രചനയിൽ മോഹൻലാൽ ആദ്യമായിട്ടഭിനയിക്കുന്നത് കിരീടത്തിലായിരുന്നു. ലോഹിയുടെ കരിയറിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചിത്രം (Super Hit) കിരീടമായിരുന്നു. ഈ ചിത്രം സംവിധാനം (Director) ചെയ്തത് സിബി മലയിൽ ആയിരുന്നു. ഇതിനുശേഷം ഒട്ടനവധി ചിത്രങ്ങൾ സിബിമലയിൽ - ലോഹിതദാസ് - മോഹൻലാൽ ത്രയത്തിൽ നിന്നും മലയാളി പ്രേക്ഷകന് ലഭിക്കുകയുണ്ടായി. 

Kireedam Movie

ശ്രീനിവാസന്റ രചനയിൽ 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്ന ചിത്രത്തിലൂടെയാണ് സിബി മലയിൽ - മോഹൻലാൽ കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നത്. എന്നാൽ തനിയാവർത്തനത്തിലൂടെയാണ് സിബി മലയിൽ - ലോഹിതദാസ് കൂട്ടുകെട്ട് ആരംഭിക്കുന്നത്. ദശരഥം, ഹിസ് ഹൈനസ് അബ്ദുല്ല, ഭരതം, കമലദളം, ചെങ്കോൽ തുടങ്ങിയ നിരൂപക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം തുടക്കം കിരീടത്തിലൂടെയായിരുന്നു എന്നതായിരുന്നു ഈ സംഗമത്തിന്റെ പ്രത്യേകത. 

മികച്ച താര നിരയിൽ ഒരുങ്ങിയ കിരീടത്തിലെ നായിക വേഷം പാർവതിക്കായിരുന്നു. ഫിസിക്കൽ അപ്പിയറൻസ് കൊണ്ട് അക്കാലത്ത് മോഹൻലാലിനേറ്റവും ഇണങ്ങുന്ന നായിക പാർവതിയായിരുന്നു. താൻ മനസാ വരിച്ച സേതുമാധവനെ വിധി വൈപരീത്യത്താൽ പിരിയേണ്ടി വന്ന ദേവിയുടെ ദുഖത്തെ വരച്ച് കാട്ടുന്നതിൻ പാർവതി വിജയിക്കുകയുണ്ടായി. കിരീടത്തിൽ അഭിനയിച്ച എല്ലാവരും തങ്ങളുടെ ഭാഗം മികച്ചതാക്കി. മോഹൻലാൽ അവതരിപ്പിക്കുന്ന സേതുമാധവന്റെ അച്ഛൻ കഥാപാത്രമായ കോൺസ്റ്റബിൾ അച്യുതൻ നായരുടെ വേഷം തിലകനായിരുന്നു. തിലകന്റെ ഏറ്റവുമധികം ജനപ്രീതി നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. മകൻ തന്റെ മേലധികാരിയായി വരുന്നതും, മകന് സല്യൂട്ട് നൽകുന്നതും സ്വപ്നം കണ്ട് ജീവിക്കുന്ന ഒരച്ഛന്, വിധി തന്റെ സ്വപ്നങ്ങളെ കശക്കിയെറിയുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ആ അച്ഛന്റെ നൊമ്പരവും സംഘർഷങ്ങളും പ്രതിഫലിക്കാൻ തിലകനോളം പോന്ന മറ്റാരാണുള്ളത്. സേതുമാധവനെ മറക്കാത്ത മലയാളിക്ക് അച്യുതൻ നായരെയും മറക്കാനാകില്ല. 

നായക കഥാപാത്രത്തിന് ഒപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രമായിരുന്നു മോഹൻ രാജ് അവതരിപ്പിച്ച 'കീരിക്കാടൻ ജോസ്' എന്ന വേഷം. കിരീടമാണ് മോഹൻ രാജിന് കരിയർ ബ്രേക്കായത്. അദ്ദേഹം  കീരിക്കാടൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത് എന്നത് ആ കഥാപാത്രത്തിന്റെ വിജയത്തെ എടുത്ത് കാണിക്കുന്നു. കിരീടത്തിന്റെ വിജയത്തിന് ശേഷം തുടർന്നങ്ങോട്ട് മലയാള സിനിമയിൽ സജീവ സാനിധ്യമായി മാറി മോഹൻ രാജ്. കഥാപാത്രത്തിനിണങ്ങിയ രൂപവും ഭാവവും നൽകുന്നതിൽ പൂർണ വിജയമായിരുന്നു മോഹൻ രാജിന്റേത്.  

പ്രധാന താരങ്ങളുടെ പ്രകടനത്തോടൊപ്പം എടുത്ത് പറയേണ്ട പെർഫോമൻസായിരുന്നു കൊച്ചിൻ ഹനീഫയുടേത്. ഹൈദ്രോസ് എന്ന ഭീരുവായ  ചട്ടമ്പിയായി കൊച്ചിൻ ഹനീഫ തിളങ്ങുകയുണ്ടായി. ലോഹിതദാസ് ജോലി ചെയ്തിരുന്ന നാട്ടിൽ നടന്ന ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു കിരീടം. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം നിരപരാധിയായ ഒരു വ്യക്തിക്ക് തെറ്റുകൾ ചെയ്യേണ്ടി വരികയും തുടർന്ന് സമൂഹം അയാളെ കുറ്റവാളിയായി മുദ്ര കുത്തുകയും ചെയ്യുന്ന സാമൂഹിക സ്ഥിതി വിശേഷത്തെയാണ് ലോഹി ഇവിടെ പ്രതിപാദ്യമാക്കിയത്. താൻ സ്വപ്നം കണ്ട ജീവിതം തന്റെ കൺമുന്നിൽ നഷ്ടപ്പെടുന്നത് നിസഹായനായി  നോക്കി നിൽക്കേണ്ടി വന്ന സേതുമാധവന്റെ ദുരവസ്ഥ മലയാളിയെ എക്കാലവും വേദനിപ്പിക്കുന്ന ഒന്നാണ്. 

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനയിൽ ജോൺസൺ ഈണം നൽകിയ 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി' എന്നു തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാറിന്റെ കരിയർ ബെസ്റ്റ് ആയിരുന്നു. മികച്ച ഗായകനുള്ള ആ വർഷത്തെ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എം ജി ശ്രീകുമാറിന് നേടിക്കൊടുക്കാൻ ഈ ഗാനത്തിനായി. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും കിരീടത്തിലെ മോഹൻലാലിന്റെയും തിലകന്റെയും പ്രകടനത്തോട് കിടപിടിക്കാൻ ഇതര ഭാഷാ നടൻമാർക്കായില്ല എന്നതാണ് യാഥാർത്ഥ്യം. സിബി മലയിലിനെ സംബന്ധിച്ചിടത്തോളം ആഗസ്റ്റ് ഒന്ന് എന്ന സൂപ്പർ ഹിറ്റ് ഉണ്ടെങ്കിലും അത് അദ്ദേഹത്തിന്റെ തനത് ശൈലിയിൽ ഉള്ള ഒരു ചിത്രമായിരുന്നില്ല. അക്കാലത്ത്  മോഹൻലാലിന്റെ കലാമൂല്യമുള്ള ചിത്രങ്ങൾ പലതും വൻ വിജയം നേടിയിരുന്നില്ല. പാദമുദ്രയും തൂവാനത്തുമ്പികളുമെല്ലാം ഇന്ന് കൾട്ട് ക്ലാസിക്കുകൾ ആയി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും അവ റിലീസായ കാലയളവിൽ വൻ വിജയം കൈവരിച്ചിരുന്നില്ല. 

ആ അർത്ഥത്തിൽ കിരീടം, സിബി മലയിൽ - ലോഹിതദാസ് - മോഹൻലാൽ കൂട്ടുകെട്ടിന്റെ കരിയർ ബ്രേക്കാണ്. എന്തായാലും ഈ സിനിമ ഇന്നും മലയാളികളുടെ മനസ്സിൽ പച്ചയായി തന്നെ നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഈ സിനിമ ഫോർ കെ സംവിധാനത്തിൽ ഒരിക്കൽ കൂടി തിയേറ്ററുകളിൽ റിലീസ് ആയാൽ പോലും അത് കാണുവാൻ ആളുകൾ ഉണ്ടാവുമെന്നത് തീർച്ചയാണ്. ഒരിക്കൽ കൂടി ഈ മനോഹരചിത്രത്തെ ഓർമ്മപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia