Court Ruling | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹര്‍ജികള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജ് ഉള്‍പ്പെട്ട ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്
കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജ് ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതിയുടെ തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിര്‍മാതാവായ സജിമോന്‍ പറയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവര്‍ വിശാല ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്. അഞ്ചംഗങ്ങളാകും ബെഞ്ചില്‍ ഉണ്ടാകുക.
ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പ്രമുഖ നടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണങ്ങളുമായി ജൂനിയര്‍ നടിമാര്‍ രംഗത്തുവന്നിരുന്നു. മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജികള്‍ കോടതിക്ക് മുന്‍പാകെ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിശാല ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ പത്തിന് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോര്‍ട്ട് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക.
ഓഗസ്റ്റ് 22-നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ ഒമ്പതിന് മുമ്പ് തന്നെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നാണ് അറിയുന്നത്. മുദ്രവെച്ച കവറില്‍ പൂര്‍ണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചത്.
റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ സജിമോന്‍ പറയില്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് വി.ജി.അരുണ്‍ തള്ളിയിരുന്നു. പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍, ഈ കേസ് പരിഗണിക്കുന്നതിനു മുന്‍പു തന്നെ റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു.
#HemaCommittee #KeralaHighCourt #SpecialBench #WomenJudges #MalayalamCinema # Immoral Assault #JusticeForSurvivors