Movie Review | സേനാപതിയുടെ രണ്ടാം വരവ്: 'ഇന്ത്യൻ 2' തൃപ്തിപ്പെടുത്തിയോ, ഇനി ഒരു മൂന്നാം ഭാഗത്തിന് സാധ്യതയുണ്ടോ?


ഡോണൽ മൂവാറ്റുപുഴ
(KVARTHA) കമല്‍ ഹാസനെ (Kamal Haasan) നായകനാക്കി ശങ്കര്‍ (Shankar) സംവിധാനം ചെയ്ത ‘ഇന്ത്യന്‍ 2’ (Indian 2) തിയേറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. മലയാളത്തിൻ്റെ സ്വന്തം നെടുമുടി വേണു (Nedumudi Venu) അവസാനമായി ചെയ്ത സിനിമകളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ 2 എന്നതും ഒരു പ്രത്യേകതയാണ്. കമല്‍ഹാസന്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു എന്ന് തന്നെ പറയാം. എന്നാൽ ആദ്യം ഇറങ്ങിയ ഇന്ത്യൻ (Indian) എന്ന സിനിമയെ (Cinema) ഉൾക്കൊള്ളാൻ പറ്റിയതുപോലെ അതിൻ്റെ ബാക്കി എന്നോണമെന്ന മട്ടിൽ രണ്ടാം ഭാഗമായി ഇറങ്ങിയ ഇന്ത്യന്‍ 2വിനെ അത്രകണ്ട് പ്രേക്ഷകന് ഉൾക്കൊള്ളാനായോ എന്ന കാര്യത്തിൽ സ്വൽപം സംശയമുണ്ട്. അത് ഈ പടത്തിൻ്റെ വിജയത്തെയും ബാധിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ എന്ന ചിത്രത്തില്‍ നിന്നും പതിറ്റാണ്ടിന്‍റെ വ്യത്യാസം വരുമ്പോള്‍ ടെക്നോളജിയിലും (Technology) സിനിമയിലും വന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വലിയ ക്യാന്‍വാസിലാണ് ഇന്ത്യന്‍ 2 എടുത്തിരിക്കുന്നത്ത്. എന്നാല്‍ ഇവിടെ തീരുന്നുമില്ല. ഇന്ത്യന്‍ 3 യുടെ പ്രഖ്യാപനത്തോടെയാണ് പടം അവസാനിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ 3യിലേക്കുള്ള ഒരു ചവിട്ടുപടിയായിക്കൂടി ചിത്രത്തെ കാണാം. എന്നാൽ ഈ പടം ഉദ്ദേശിച്ച രീതിയിൽ വിജയം വരിച്ചില്ലെങ്കിൽ ഇന്ത്യന്‍ 3യ്ക്ക് എത്രകണ്ട് സ്കോപ് (Scope) ഉണ്ടെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.
പ്രോസ്തറ്റിക് മേക്കപ്പിന്റെ മറയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഉലകനായകന് ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടുമില്ല. രൂപം മാറിയുളള ഓരോ വരവും ബിഗ് സ്‌ക്രീനില്‍ യാതൊരു സുഖവും സമ്മാനിച്ചില്ലെന്ന് മാത്രമല്ല ജീവനില്ലാത്ത ഡമ്മി വേഷങ്ങളായി അനുഭവപ്പെടുകയും ചെയ്തുവെന്നാണ് സിനിമ കണ്ട് തീയേറ്റർ വിട്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അഴിമതിരഹിത സ്വതന്ത്ര്യ ഇന്ത്യ സ്വപ്നം കാണുന്ന നായകന്‍ പല ഘട്ടങ്ങളിലും കോമാളിയാവുന്നു. നാടിനെ മൊത്തം നന്നാക്കുകയെന്ന പാഴ്‌ദൗത്യത്തിന് ഇറങ്ങിത്തിരിച്ച് പാരലല്‍ വേള്‍ഡില്‍ പോലും നിലനിൽപ് അര്‍ഹിക്കാത്ത കഥാപാത്രമാണെന്ന് സിനിമ കാണുമ്പോള്‍ വ്യക്തമാവുന്നു.
പിന്നെ പ്രായോഗികമായി ചിന്തിച്ചാല്‍ അന്നേ വയസനായിരുന്ന സേനാപതി 28 വര്‍ഷങ്ങള്‍ കഴിഞ്ഞും ആയുരാരോഗ്യത്തോടെ ഫൈറ്റിനിറങ്ങുമോയെന്ന ലോജിക്കൊന്നും ചിന്തിച്ചുപോകണ്ട. കാരണം അതിനൊക്കെ മേലെ അര്‍ഥമില്ലാത്ത മര്‍മാണിപ്രയോഗങ്ങളാണ് അഴിമതിക്കാര്‍ക്കു നേരെ സേനാപതി പ്രയോഗിക്കുന്നത്. തിരക്കഥ മോശമായെന്നാണ് ആദ്യ ഷോയ്ക്കു ശേഷം മിക്ക പ്രേക്ഷകരും പ്രതികരിക്കുന്നത്. എങ്ങനെയെങ്കിലും രണ്ടാം ഭാഗം എടുക്കണമെന്ന വാശിയില്‍ തട്ടിക്കൂട്ടിയ തിരക്കഥയെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. 'ശങ്കറില്‍ നിന്ന് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല. തിരക്കഥ പൂര്‍ണമായും കാലഹരണപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്തിരുന്നെങ്കില്‍ ചിലപ്പോള്‍ ഹിറ്റായേനെ', കാര്‍ത്തിക് എന്ന പ്രേക്ഷകന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
തമിഴ്നാട്ടില്‍ പോലും ചിത്രത്തിനു മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നില്ല എന്നാണ് സൂചനകൾ പുറത്തുവരുന്നത്. പുതുകാലത്തും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന അഴിമതികളും അനീതികള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുന്ന ചിത്ര അരവിന്ദ് എന്ന സിദ്ധാര്‍ത്ഥിന്‍റെ കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സിദ്ധാര്‍ത്ഥും സുഹൃത്തുക്കളും നടത്തുന്ന ബാര്‍ക്കിംഗ് ഡോഗ്സ് എന്ന യൂട്യൂബ് ചാനല്‍ വഴി അവര്‍ അഴിമാതിക്കാര്‍ക്കെതിരെ രംഗത്ത് എത്തുന്നു. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ക്ക് ഫലം കാണുന്നില്ല. ഈ സമയം ഒരു കാലത്ത് അഴിമതിക്കെതിരെ സന്ദിയില്ലാത്ത സമരം ചെയ്ത 'ഇന്ത്യന്‍ താത്തയെ' അവര്‍ തിരിച്ചു വിളിക്കുന്നു. കം ബാക്ക് ഇന്ത്യൻ (#ComeBackIndian) എന്ന ഹാഷ്ടാഗ് വൈറലാകുന്നു.
ഒടുവില്‍ ഇവരുടെ പോരാട്ടത്തിലേക്ക് ഇന്ത്യന്‍ എന്ന സേനാപതി എത്തുന്നത് എങ്ങനെ, ഈ പോരാട്ട വഴിയില്‍ ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്തെല്ലാം, ഇങ്ങനെ പല കാര്യങ്ങളാണ് ചിത്രം പറയുന്നത്. പ്രായമായ ഇന്ത്യന്‍ താത്തയായി എല്ലാ ആക്ഷന്‍ രംഗങ്ങളിലും കമലിന്‍റെ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തമാക്കിയ മര്‍മ്മ വിദ്യ കുറച്ചുകൂടി വിശദമായി തന്നെ ശങ്കര്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കോമാളിത്തരങ്ങള്‍ കൊണ്ട് അടിമുടി അരോചകമാണ് ഇന്ത്യന്‍ 2 എന്ന് വിമർശിക്കുന്നവരും കുറവല്ല. വിവേകമില്ലാത്തവരും എടുത്തുചാട്ടക്കാരും സോഷ്യല്‍ മീഡിയ കൈകളിലെ നൂല്‍പ്പാവകളുമാണ് ഇന്ത്യയിലെ യുവാക്കളെന്നാണ് സിനിമ പറയുന്നത്.
ഇന്റര്‍നെറ്റ് റെവല്യൂഷന്റെ തുടക്കകാലത്തെ, അതും തമിഴില്‍ തന്നെ പല കൊമേഴ്സ്യല്‍ പടങ്ങളും പല തവണയായി ഉപയോഗിച്ച് മടുപ്പിച്ച ട്രെൻഡിങ് ഹാഷ്ടാഗ് ടെക്‌നിക് കഥയിലെ ടേണിങ് പോയിന്റായി കൊണ്ടുവന്നിരിക്കുന്നു. പിന്നെ തമിഴ് പ്രേക്ഷകരെ മുമ്പൊക്കെ കഥയിലേക്കു വീഴ്ത്താന്‍ സിനിമാക്കാര്‍ സ്ഥിരം ഉപയോഗിക്കുമായിരുന്ന അമ്മ, അപ്പ, തങ്കച്ചി പാസം എന്നിവ ക്ലൈമാക്‌സോട് അടുക്കുമ്പോള്‍ മറക്കാതെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കമൽ ഹാസനെ കൂടാതെ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, സമുദ്രകനി, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
രവി വർമ്മൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. അനിരുദ്ധാണ് പശ്ചാത്തല സംഗീതം നിർവഹിച്ചത്. ആക്ഷന്‍ രംഗങ്ങളിലെ ബിജിഎമ്മിലും, ഇമോഷണല്‍ രംഗത്തെ ബാക്ഗ്രൗണ്ടിലും ഗംഭീരമായി അനിരുദ്ധ് തൻ്റെ കഴിവ് പ്രകടിപ്പിച്ചുവെന്ന് വേണം പറയാൻ. എഐ സഹായത്തോടെയും അല്ലാതെയും ചിത്രത്തില്‍, മണ്‍മറഞ്ഞിട്ടും സാന്നിധ്യമായ വിവേക്, നെടുമുടി വേണു, മനോബാല എന്നിവരുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
നെടുമുടി വേണു അവസാനമായി ചെയ്ത സിനിമകളില്‍ ഒന്നായിരുന്നല്ലോ ഇന്ത്യന്‍ 2. സിനിമയിലെ അദ്ദേഹത്തിന്റെ ചില ഭാഗങ്ങള്‍ മുമ്പേ ചിത്രീകരിച്ചിരുന്നതാണ്. പക്ഷേ ചില സീനുകള്‍ എഐ ഉപയോഗിച്ചാണ് ചെയ്‌തെടുത്തിരിക്കുന്നത്. അതിന്റെ ആര്‍ട്ടിഫിഷ്യല്‍ സ്വഭാവം നന്നേ പ്രകടവുമാണ്. കഥകള്‍ പറയുമ്പോള്‍ തിരക്കഥയിലെങ്കിലും അല്പം ക്വാളിറ്റി ഉറപ്പാക്കിയിരുന്നെങ്കില്‍ ആശയത്തോട് വിയോജിപ്പെങ്കിലും ഗംഭീര സിനിമാ അനുഭവമെന്ന് പറയിപ്പിക്കാമായിരുന്നു. ഇതിപ്പോള്‍ അതുമില്ലാതായി എന്നാണ് സിനിമ നിരുപകർ പോലും ഈ സിനിമയെപ്പറ്റി അഭിപ്രായപ്പെടുന്നത്. എന്തായാലും ഇനി ഒരു ഇന്ത്യൻ 3 വരുമോ? കമൽ ഹാസൻ അതിന് തയാറാകുമോ? ഈ സിനിമ വെച്ച് നോക്കുമ്പോൾ സംശയം തന്നെയാണ്.