SWISS-TOWER 24/07/2023

കൈതപ്രം @ 75: ഹൃദയങ്ങളിൽ നിറയുന്ന ഈണങ്ങൾ

 
A portrait of veteran Malayalam lyricist and music director Kaithapram Damodaran Namboothiri.
A portrait of veteran Malayalam lyricist and music director Kaithapram Damodaran Namboothiri.

Image Credit: Facebook/ Kaithapram Damodaran Namboothiri

● ഗാനരചന, സംഗീതസംവിധാനം, അഭിനയം, തിരക്കഥ എന്നിവയിൽ കഴിവ് തെളിയിച്ചു.
● 'കണ്ണീർപ്പൂവിൻ്റെ കവിളിൽ തലോടി' എന്ന ഗാനം ഏറെ പ്രശസ്തം.
● മികച്ച ഗാനരചയിതാവിനും സംഗീത സംവിധായകനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടി.
● 'നരിവേട്ട'യിലെ ഗാനം ഉൾപ്പെടെ പുതിയ കാലഘട്ടത്തിലും സജീവം.

ഭാമനാവത്ത്

(KVARTHA) മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗാനരചനയ്ക്ക് പുറമേ സംഗീത സംവിധാനത്തിലും അഭിനയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച കർണാടക സംഗീതജ്ഞൻ കൂടിയായ അദ്ദേഹം നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. കൈതപ്രം ഇന്ന് (ഓഗസ്റ്റ്) 75 വയസ്സിലേക്ക് കടക്കുന്നു.

Aster mims 04/11/2022

1980 മുതൽ മലയാള ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമാണ് കൈതപ്രം. ആദ്യ ഗാനം മുതൽ തന്നെ മലയാള സിനിമാഗാന പ്രേമികളെ തന്റെ രചനാവൈഭവം കൊണ്ട് കയ്യിലെടുത്ത ഗാനരചയിതാവാണ് അദ്ദേഹം. ഫാസിൽ സംവിധാനം ചെയ്ത, പുതുമുഖ നായികാനായകന്മാരെ അണിനിരത്തിയ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം ഗാനരചനാരംഗത്തേക്ക് കടന്നുവരുന്നത്. 

ചലച്ചിത്രം വലിയ വിജയമായില്ലെങ്കിലും അതിലെ ‘ദേവദുന്ദുഭി സാന്ദ്രലയം’, ‘പൂവട്ടക’ തുടങ്ങിയ ഗാനങ്ങൾ ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. ഇന്നും പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നാണ് ആ ഗാനങ്ങൾ. കൈതപ്രം എന്ന പേര് കേൾക്കുമ്പോൾ ഏത് ഗാനാസ്വാദകന്റെയും മനസ്സിൽ ആദ്യം കടന്നുവരുന്നതും ആ ഗാനം തന്നെയാകും.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കൈതപ്രം കണ്ണാടി ഇല്ലത്ത് 1950-ൽ ഇന്നേ ദിവസമാണ് കൈതപ്രം ജനിച്ചത്. കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് അംഗീകാരമായി രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ പ്രൂഫ് റീഡറായിരിക്കെയാണ് ഫാസിൽ തന്റെ ചിത്രത്തിലെ ഗാനരചനയ്ക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നത്. തുടർന്ന് 400-ലേറെ ചിത്രങ്ങളിൽ വ്യത്യസ്ത സംഗീത സംവിധായകരുമായി ചേർന്ന് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ കൈതപ്രം പുറത്തിറക്കുകയുണ്ടായി. 

ജോൺസൺ മാഷുമൊത്ത് ചേർന്ന് സൃഷ്ടിച്ച നിരവധി മെലഡികൾ മലയാള സിനിമാലോകത്ത് വയലാർ-ദേവരാജൻ ടീമിനെപ്പോലെ ജോൺസൺ-കൈതപ്രം ടീം എന്ന പ്രതിച്ഛായ തന്നെ ഉളവാക്കിയിരുന്നു. ‘കിരീടത്തിലെ’ ‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി’ എന്ന ഗാനം ഇതിൽ എന്തുകൊണ്ടും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒന്നാണ്.

‘ഹിസ് ഹൈനസ് അബ്ദുല്ല’, ‘അമരം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ രവീന്ദ്രൻ മാഷുമായി ചേർന്ന് സൃഷ്ടിച്ച സൂപ്പർഹിറ്റുകൾ സിനിമാഗാന സംഗീത പ്രേമികൾ എന്നും നെഞ്ചിലേറ്റുന്നവയാണ്. ‘സോപാനം’ ഉൾപ്പെടെ ചില ചിത്രങ്ങളുടെ തിരക്കഥ എഴുതിയതിനു പുറമേ, ‘ഹിസ് ഹൈനസ് അബ്ദുല്ല’, ‘ഭരതം’, ‘ദേശാടനം’ തുടങ്ങിയ ഏതാനും ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

‘പൈതൃകത്തിലെയും’ ‘അഴകിയ രാവണനിലെയും’ ഗാനങ്ങൾക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം കൈതപ്രത്തിന് ലഭിച്ചിട്ടുണ്ട്. ‘കാരുണ്യത്തിലെ’ ഗാനങ്ങൾ സംഗീത സംവിധാനം നിർവഹിച്ചതിന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

മലയാള സിനിമയിലെ മുത്തച്ഛൻ എന്ന് വിശേഷിപ്പിച്ചിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകളാണ് കൈതപ്രത്തിന്റെ ഭാര്യ. സഹോദരൻ, പരേതനായ കൈതപ്രം വിശ്വനാഥനും ചലച്ചിത്രമേഖലയിൽ സജീവമായിരുന്നു. ഏതാനും കവിതാസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും കൈതപ്രം രചിച്ചിട്ടുണ്ട്.

കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം ഗാനരചനാ രംഗത്ത് തിരിച്ചെത്തിയ കൈതപ്രത്തിന്റെ, ‘നരിവേട്ട’ എന്ന പുതുതലമുറ ചിത്രത്തിലെ ജെക്സ് ബിജോയ് സംഗീതം പകർന്ന് സിദ്ധ് ശ്രീരാമും സിതാര കൃഷ്ണകുമാറും ചേർന്ന് ആലപിച്ച ‘മിന്നൽ വള’ എന്ന് തുടങ്ങുന്ന ഗാനം സമീപകാലത്ത് പ്ലേലിസ്റ്റിൽ ഹിറ്റുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു എന്നത് ഏത് തലമുറയ്ക്കും അനുയോജ്യനായ എഴുത്തുകാരനാണ് കൈതപ്രം എന്നതിന്റെ സൂചകമാണ്. 

നാല് പതിറ്റാണ്ടിലേറെ സംഗീത ലോകത്ത് തുടർന്നിട്ടും, ഈ കാലഘട്ടത്തിലും എഴുതുന്ന വരികൾ പ്രേക്ഷക മനസ്സിൽ കുടിയേറുന്നത് തന്റെ പ്രത്യേക കഴിവൊന്നുമല്ല, മറിച്ച് ദൈവം അനുഗ്രഹിച്ച് നൽകിയ വരദാനം മാത്രമാണ് എന്ന് തികച്ചും വിനീതനായി കൈതപ്രം പറയുന്നു.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.  

Article Summary: A tribute to Kaithapram Damodaran Namboothiri on his 75th birthday.

#Kaithapram, #MalayalamMusic, #Kaithapram75, #MalayalamCinema, #BirthdayTribute, #MusicComposer

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia