Controversy | ജോജുവിൻ്റെ 'പണി'യും മലയാള സിനിമാ വിമർശനവും; പോസറ്റീവ് തള്ളി മറിക്കൽ മാത്രം മതിയോ?
● ചിത്രത്തിന് നെഗറ്റീവ് റിവ്യൂ നൽകിയ റിവ്യൂവറെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
● സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നു
● ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പണി'
നവോദിത്ത് ബാബു
(KVARTHA) നടൻമാരും സൂപ്പർ താരങ്ങളും സംവിധായകൻമാരായി വേഷമണിയുന്നത് മലയാള സിനിമയിൽ അപൂർവമല്ല. ആദ്യകാല നായകൻ മധുമുതൽ നിരവധി നടൻമാർ സംവിധായകരുടെ മേലങ്കി അണിഞ്ഞവരാണ്. മധുവെന്ന മാധവൻ നായർ ഒന്നല്ല ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് അതിൽ പലതും അക്കാലത്ത് ശ്രദ്ധേയമായിരുന്നു. നടൻമാർ സംവിധായകൻമാരായി മാറിയവരിൽ ഉദാഹരണമാണ് ശ്രിനിവാസൻ. ദേശീയ അവാർഡ് വരെ അദ്ദേഹം സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള നേടി.
സംവിധായകർ നടൻമാരായി മാറുന്ന പ്രവണതയും ഇപ്പോൾ കാണുന്നുണ്ട്. ദിലീഷ് പോത്തൻ, ബേസിൽ ജോസഫ്, ജോണി ആൻ്റണി തുടങ്ങിയവർ സംവിധാന കുപ്പായം അഴിച്ചു വെച്ചു ക്യാമറയ്ക്കു മുൻപിലെത്തിയവരാണ്. സൂപ്പർസ്റ്റാറുകളിൽ ഒരാളായ പൃഥിരാജ് തൻ്റെ മൂന്നാമത്തെ ചിത്രമായ എമ്പുരാനിലൂടെ സംവിധാന തിരക്കിലാണ്. തൻ്റെ ആദ്യ ചിത്രമായ ബറോസിൻ്റെ അണിയറ പ്രവർത്തനങ്ങളിലാണ് മലയാളികളുടെ അഭിമാനമായ മോഹൻലാൽ.
ഇങ്ങനെയുള്ള സാഹചര്യത്തിലാണ് തൻ്റെ ആദ്യ സംവിധാന സംരഭമായി 'പണി'യെന്ന ചിത്രത്തിലൂടെ നടൻ ജോജു ജോർജ് രംഗത്തുവന്നത്. തുടക്കത്തിൽ തരക്കേടില്ലാത്ത ചിത്രമെന്ന നിലയിൽ സോഷ്യൽ മീഡിയ റിവ്യു വന്ന ചിത്രത്തിലെ ചില പോരായ്മകൾ പ്രേക്ഷകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയതാണ് വിവാദമായത്.
ജോജു ജോര്‍ജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ വിമർശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയതായി ഗവേഷക വിദ്യാർത്ഥിയായ എച്ച്. എസ് ആദര്‍ശ് രംഗത്തുവന്നതാണ് വിവാദമായത്. ഇതിൻ്റെ ശബ്ദരേഖ ഇയാൾ പുറത്തു വിടുകയും ചെയ്തു. തൻ്റെ ചിത്രത്തിനെ വിമർശിച്ച ആദർശിനെ തനി ഗുണ്ടാ സ്റ്റെലിലാണ് ജോജു നേരിട്ടത്.
നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെ ഭീഷണിപ്പെടുത്തി. തന്നെ നേരിൽ കണ്ടാൽ നീ മുള്ളുമെന്നായിരുന്നു ജോജുവിൻ്റെ ഭീഷണി. എന്നാൽ ഇത്തരം ഭീഷണികൾക്കു മുൻപിൽ താൻ മുട്ടുവിറയ്ക്കില്ലെന്നാണ് ആദർശ് പറയുന്നത്. ജോജുവിന് മറുപടി താൻ ആ ഫോൺ കോളിൽ തന്നെ നൽകിയിട്ടുണ്ട്. ഇത്തരം ഭീഷണികളൊന്നും കേരളത്തിൽ നടക്കില്ലെന്നും ആദർശ് വ്യക്തമാക്കുന്നു.
ഇനിയൊരിക്കലും അയാള്‍ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണെന്നും ആദര്‍ശ് പറഞ്ഞു.
എന്നാൽ താനാരെയും ‘ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോജു പറയുന്നത്. താൻ രണ്ടു വർഷം കഷ്ടപ്പെട്ട സിനിമയാണിത്, 20 കോടി ചെലവഴിച്ചു നിർമ്മിച്ച സിനിമ കാണരുതെന്ന് പറയുന്നത് ശരിയല്ലെന്നും ജോജു ജോർജ് പറയുന്നു. റിവ്യൂവർ നിരവധി ഫ്ലാറ്റ്ഫോമുകളിൽ ഇങ്ങനെ മോശമായി റിവ്യൂ പങ്കുവെച്ചിരിക്കുകയാണെന്നും ജോജു പറഞ്ഞു. തങ്ങളുടെ ജീവിത പ്രശ്നമാണിത്, ഇത് കണ്ടപ്പോൾ ദേഷ്യവും പ്രയാസവും തോന്നി, അങ്ങനെ റിയാക്ട് ചെയ്തന്നെ ഉള്ളു, അല്ലാതെ ഭീഷണിപ്പെടുത്തിയിട്ടില്ല. സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ലെന്നും ജോജു പറഞ്ഞു.
എന്നാൽ 20 കോടി രൂപ ചെലവഴിച്ചു ജോജു നിർമ്മിച്ച പണി കാണാനെത്തുന്നത് 250 രൂപ പോക്കറ്റിൽ നിന്നെടുത്ത് സാധാരണക്കാരാണ്. സിനിമ നല്ലതോ മോശമോയെന്ന് പറയാനുള്ള അവകാശം അവർക്കുണ്ട്. സോഷ്യൽ മീഡിയയിൽ അശ്വന്ത് കോക്ക് നടത്തി വരുന്ന സിനിമാ റിവ്യുവിനെ കുറിച്ചും ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു. പണം വാങ്ങിയാണ് സിനിമയ്ക്ക് പോസറ്റീവ് റിവ്യു ചെയ്യുന്നതെന്നായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ ആരോപണം. കേസ് കൊടുത്ത് ഭയപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അശ്വന്ത് കോക്ക് ഇപ്പോഴും സജീവമാണ്.
തൻ്റെ സിനിമയ്ക്ക് പോസറ്റീവായി മാത്രമല്ല നെഗറ്റീവായും റിവ്യു ആഗ്രഹിക്കുന്നവരാണ് നല്ല ഫിലിം മേക്കേഴ്സ്. പിശകുകൾ കറക്റ്റ് ചെയ്തു മുൻപോട്ടു പോകുന്നത് അടുത്ത വർക്കിൽ ഗുണം ചെയ്യുമെന്ന് അവർ കരുതുന്നു. അടൂരും അരവിന്ദനും എന്തിനധികം പറയുന്നു സത്യജിത്ത് റായ് വരെ ഇങ്ങനെ വിമർശിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ സിനിമകൾ ക്ലാസിക്കുകളാണെന്ന് അവരാരും പറഞ്ഞിട്ടില്ല. ഇത്രമാത്രം ജനാധിപത്യ ഇടങ്ങൾ നൽകുന്ന മലയാള ചലച്ചിത്ര ലോകത്താണ് മൂന്നാം തരം പണിയുമായി ജോജു പിത്തലാട്ടം നടത്തുന്നതെന്നാണ് ആക്ഷേപം.
#JojuGeorge #MalayalamCinema #FilmReview #Controversy #FreedomOfSpeech