Anniversary | ജയൻ്റെ 'മൂർഖൻ' പിറന്നിട്ട് 44 വർഷം പിന്നിടുമ്പോൾ
● ജയൻ അഭിനയിച്ച ഒട്ടുമിക്കചിത്രങ്ങളും റിലീസായ സമയത്ത് മാത്രമല്ല പിൽക്കാലത്തും പലതവണ തിയേറ്ററുകളിൽ വന്നിട്ടുണ്ട്.
● ഈ കാലഘട്ടത്തിൽ യൂട്യൂബിലും മറ്റും ജയൻ ചിത്രങ്ങൾക്ക് നല്ല മാർക്കറ്റാണ് എന്നതാണ് വസ്തുത.
● ഈ കാലഘട്ടത്തിലും ജയൻ ആരാധകർ ആവേശത്തോടെ ആസ്വദിക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം നായകനായ മൂർഖൻ.
സോണിച്ചൻ ജോസഫ്
(KVARTHA) മരണമടഞ്ഞിട്ടും മരിക്കാതെ ജനങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന നടനാണ് അനശ്വരനായ ജയൻ. മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ ആരെന്ന് ചോദിച്ചാൽ ജയൻ എന്ന പേരല്ലാതെ മറ്റൊരു ഉത്തരമുണ്ടാകില്ല, സാഹസികതയുടെ പര്യായും കൂടിയായിട്ടാണ് മലയാളികൾ ജയനെ കാണുന്നത്. ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പില്ലാതെ അഭിനയിച്ച് പ്രശസ്തനായ വ്യക്തികൂടിയാണ് ജയൻ. അദ്ദേഹത്തിൻ്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മൂർഖൻ.
ഇതിൽ ജയൻ - സീമ എന്നിവരായിരുന്നു നായിക നായകന്മാർ. ഈ ചിത്രം റിലീസ് ആയിട്ട് 44 വർഷം പിന്നിടുകയാണ്. ജയൻ അഭിനയിച്ച ഒട്ടുമിക്കചിത്രങ്ങളും റിലീസായ സമയത്ത് മാത്രമല്ല പിൽക്കാലത്തും പലതവണ തിയേറ്ററുകളിൽ വന്നിട്ടുണ്ട്. ഏകദേശം 2000 വരെയുള്ള കാലഘട്ടത്തിൽ വന്നിരുന്ന അത്തരം ചിത്രങ്ങൾക്കൊക്കെ നല്ല കലക്ഷനും ലഭിച്ചിരുന്നു. ഈ കാലഘട്ടത്തിൽ യൂട്യൂബിലും മറ്റും ജയൻ ചിത്രങ്ങൾക്ക് നല്ല മാർക്കറ്റാണ് എന്നതാണ് വസ്തുത.
ഈ കാലഘട്ടത്തിലും ജയൻ ആരാധകർ ആവേശത്തോടെ ആസ്വദിക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം നായകനായ മൂർഖൻ. ജയന്റെ മരണശേഷം അദ്ദേഹത്തിന്റേതായി ആദ്യം പ്രേക്ഷകർക്കു മുന്നിലെത്തിയ ചിത്രമായിരുന്നു ആരിഫാ എന്റർപ്രൈസസിന്റെ ബാനറിൽ ഹസ്സൻ നിർമ്മിച്ച്, ജോഷി സംവിധാനം ചെയ്ത മൂർഖൻ. 1980 നവംബർ 21ന് റിലീസ് ആയ ഈ സിനിമയ്ക്ക് 44 വയസ് തികഞ്ഞിരിക്കുകയാണ്. ജയനു പുറമേ ബാലൻ കെ നായർ, കൊച്ചിൻ ഹനീഫ, സത്താർ, കുതിരവട്ടം പപ്പു, പ്രതാപചന്ദ്രൻ, ജഗ്ഗു, സീമ, ശോഭന (ചെമ്പരത്തി), സുചിത്ര, വഞ്ചിയൂർ രാധ തുടങ്ങിയവരാണ് വേഷമിട്ടത്.
ഈ ചിത്രത്തിലൂടെയാണ് പ്രശസ്ത തെന്നിന്ത്യൻ നായിക സുമലത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഒരൊറ്റരംഗംപോലും വിരസമാകാതെ ഘടനാഭദ്രതയോടെ പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ കെട്ടുറപ്പുള്ള തിരക്കഥയും, തീപാറുന്ന സംഭാഷണങ്ങളും ഈ ചിത്രത്തിനെ ഉദ്വേഗഭരിതമാക്കി. ബി മാണിക്യം രചിച്ച് എ ടി ഉമ്മർ ഈണം പകർന്ന ഇതിലെ ഗാനങ്ങൾ ശരാശരി നിലവാരത്തിലൊതുങ്ങി. ആകാശഗംഗാ തീരത്തുനിന്നും പറന്നുവന്നൊരു ഹംസമേ... എന്നഗാനം ഹിറ്റായിരുന്നു.
തമിഴിലെ പ്രഗത്ഭ സ്റ്റണ്ട് മാസ്റ്റർ എൻ ങ്കർ ചിട്ടപ്പെടുത്തിയ സാഹസികവും, പുതുമയുള്ളതുമായ ആക്ഷൻരംഗങ്ങൾ കാലമിത്ര കഴിഞ്ഞും വിസ്മയിപ്പിക്കുന്നവയാണ്. പൊലീസിന്റെ പക്കൽനിന്നും ശരവേഗത്തിൽ രക്ഷപെട്ടോടുന്ന നായകൻ, പിന്നാലെ പോലീസും അവരുടെ വേട്ടപ്പട്ടികളും.. തുടക്കത്തിൽത്തന്നെ ജനം ഭ്രമിച്ചിരുന്നുപോയ ഒരു ചിത്രമായിരുന്നു മൂർഖൻ. തുടക്കംമുതൽ ഒടുക്കംവരെ സംഭ്രമജനകമായ ആക്ഷൻ രംഗങ്ങളുടെ ചടുലമായ ആവിഷ്കാരം ആയിരുന്നു ഈ ചിത്രത്തെ വേറിട്ടു നിർത്തിയത്. ഇതിനിടയിൽ ജയന്റെ പരിപക്വമായ എത്രയോ അഭിനയ മുഹൂർത്തങ്ങൾ.
1978 -ൽ ടൈഗർ സലിം എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തുടക്കം കുറിച്ചെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ജോഷിയുടെ കരിയറിലെ നിർണ്ണായക വഴിത്തിരിവായിരുന്നു മൂർഖൻ നേടിയ വൻവിജയം. ഈ ചിത്രത്തിന്റെ ഇടവേള സമയത്ത് ജയന്റെ അന്ത്യയാത്രയുടെ ഒരു റീൽ പ്രദർശിപ്പിച്ചിരുന്നു. നടൻ പ്രതാപചന്ദ്രൻ ആയിരുന്നു അതിന് കമന്റി പറഞ്ഞത്.
അങ്ങകലെ ആകാശത്തിന്റെ അനന്തതയിലേക്ക് മാഞ്ഞുപോയ നമ്മുടെ ജയൻ എന്നൊക്കെയുള്ള പ്രതാപചന്ദ്രന്റെ ശബ്ദം അത്യന്തം വികാരനിർഭരമായിരുന്നു. മലയാളികൾ ഉള്ളിടത്തോളം കാലം അവരുടെയെല്ലാം മനസ്സിൽ ജയനും എന്നും ഉണ്ടാകും. ഒപ്പം അദേഹം നായകനായ ഒരുപിടി ചിത്രങ്ങളും. അതിൽ മൂർഖന് പ്രഥമ സ്ഥാനം തന്നെയാകും എന്നുമുണ്ടാകുക.
#Jayan #Murukan #MalayalamMovies #ActionHero #ClassicFilms #MovieAnniversary