Divorce | വിവാഹ മോചന തീരുമാനം ഏകപക്ഷീയം; ഇത് ഒരിക്കലും കുടുംബത്തിന് ഗുണകരമാകില്ലെന്ന് നടൻ ജയം രവിയുടെ ഭാര്യ ആര്‍തി
● ജയം രവിയുടെ വിവാഹമോചന തീരുമാനം തന്റെ സമ്മതമില്ലാതെയാണ് എടുത്തതെന്ന് ആർതി രവിയുടെ വെളിപ്പെടുത്തൽ.
● തുറന്നു സംസാരിക്കാൻ താൻ നിരവധി തവണ ശ്രമിച്ചെങ്കിലും ജയം രവി അതിന് തയ്യാറായില്ലെന്നും അവർ പറയുന്നു.
ചെന്നൈ: (KVARTHA) നടൻ ജയം രവിയും ഭാര്യ ആർതി രവിയും തമ്മിലുള്ള വിവാഹബന്ധം വേർപിരിയുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരിക്കുകയാണ്.
ജയം രവി അടുത്തിടെ വിവാഹമോചനം നേടിയതായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആർതി രവി വിവാഹ മോചനത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ജയം രവിയുടെ ഈ തീരുമാനം തന്നെ ഞെട്ടിച്ചു. തന്റെ സമ്മതമില്ലാതെയാണ് ജയം രവി ഈ വിവാഹ മോചനം വെളിപ്പെടുത്തിയത്. ഒരു വിവാഹബന്ധത്തിൽ സംഭവിക്കുന്ന ഇത്തരം പ്രധാന തീരുമാനങ്ങൾ പരസ്പരം ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്ന് അവർ വ്യക്തമാക്കി.
തുറന്നു സംസാരിക്കാൻ താൻ നിരവധി തവണ ശ്രമിച്ചെങ്കിലും ജയം രവി അതിന് തയ്യാറായില്ല, ജയം രവിയുടെ പ്രഖ്യാപനം മക്കളെയും വളരെ ബാധിച്ചു. ഈ വിവാഹമോചന തീരുമാനം ഒരിക്കലും കുടുംബത്തിന് നല്ലതല്ലെന്നും അവർ പറയുന്നു.
ജയം രവിയുടെ ഈ തീരുമാനം തന്നെ വളരെ വേദനിപ്പിച്ചെങ്കിലും താൻ മൗനം പാലിക്കാൻ ശ്രമിച്ചു. എന്നാൽ സമൂഹമാകെ തന്നെ കുറ്റപ്പെടുത്തുന്നത് താൻ അംഗീകരിക്കുന്നില്ല. ഈ സമൂഹ വിചാരണ മക്കളെ ബാധിക്കുന്നത് താൻ ഒരിക്കലും അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആത്മാഭിമാനത്തോടെ മുന്നോട്ട് പോകാൻ മക്കളെ സഹായിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും യഥാർത്ഥത്തിൽ ഈ വിവാഹബന്ധത്തിൽ സംഭവിച്ചത് എന്താണെന്ന സത്യം കാലം തെളിയിക്കുമെന്നും ആർതി രവി പോസ്റ്റിൽ കുറിച്ചു. തങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറയാനും ആഗ്രഹിക്കുന്നതായും തങ്ങളുടെ സ്വകാര്യതയോട് ബഹുമാനം കാണിക്കണമെന്നും ആർതി രവി അഭ്യർത്ഥിച്ചു.