Song | സ്വന്തം പാട്ടിനെക്കാൾ പി ജയചന്ദ്രൻ ഇഷ്ടപ്പെട്ടത് മറ്റൊന്നിനെയായിരുന്നു; ഭാവഗായകൻ്റെ മനസിനെ കീഴടക്കിയ ഗാനം പാടിയത് ദാസേട്ടൻ

 
 Jayachandran's Favorite Song
 Jayachandran's Favorite Song

Photo Credit: Facebook/ P.Jayachandran Fans, KJ Yesudas

● യേശുദാസിന്റെ 'താമസമെന്തേ വരുവാൻ' ജയചന്ദ്രന്റെ പ്രിയ ഗാനം
● ഈ ഗാനം കേൾക്കാൻ വേണ്ടി മാത്രം 27 തവണ തീയേറ്ററിൽ പോയിരുന്നു
● അഭിമുഖങ്ങളിൽ തുറന്നുപറച്ചിലുകൾക്ക് പേരുകേട്ട ആളായിരുന്നു

കണ്ണൂർ: (KVARTHA) മലയാള ചലച്ചിത്രഗാന രംഗത്തെ അപൂർവ പ്രതിഭയായിരുന്ന പി ജയചന്ദ്രൻ തൻ്റെ അഭിമുഖങ്ങളിൽ എന്തും തുറന്നു പറയുന്ന വ്യക്തിത്വമായിരുന്നു. കൊലവെറി, ഡപ്പാംകൂത്ത് പാട്ടുകളെ വലിച്ചു വാരി ഭിത്തിയിലൊട്ടിച്ച അദ്ദേഹം നല്ല പാട്ടുകളെ പുകഴ്ത്താനും മറന്നിരുന്നില്ല. യേശുദാസ് - രവീന്ദ്രൻ മാസ്റ്റർ കൂട്ടുകെട്ടിലിറങ്ങിയ ചില സൂപ്പർ ഹിറ്റു പാട്ടുകളെപ്പോലും അദ്ദേഹം വിമർശിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ പാട്ടുകളെക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് ദാസേട്ടൻ വയലാർ - ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ പാടിയ പാട്ടുകളാണ്. 

പല അഭിമുഖങ്ങളിലും ഈ ശ്രേണിയിൽ പുറത്തുവന്ന സുവർണ ഗാനങ്ങളെ കുറിച്ചു ആരാധനയോടെയാണ് അദ്ദേഹം ഓർത്തെടുത്തിരുന്നത്. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് വിന്‍സെന്‍റ് മാസ്റ്റര്‍ സംവിധാനം ചെയ്ത ചന്ദ്രതാര ചിത്രമായ ഭാര്‍ഗവീ നിലയം ഇത്തരത്തിൽ ജയചന്ദ്രന് പ്രിയപ്പെട്ട ഒന്നാണ്. അതില്‍ ബിംബ്ലാസി രാഗത്തിലുള്ള ‘താമസമെന്തേ വരുവാന്‍’ എന്ന ഗാനമാണ് പി ജയചന്ദ്രന് ഏറ്റവും ഇഷ്ടപ്പെട്ട യേശുദാസ് ഗാനം.

ഇതിനപ്പുറം ഒരു പാട്ടില്ല എന്ന വിശ്വസിക്കാനാണ് ജയചന്ദ്രന് ഇഷ്ടം. ഈ പാട്ട് കേള്‍ക്കാന്‍ വേണ്ടി, ഈ പാട്ടുള്ള സിനിമ കാണാന്‍ ഇരിങ്ങാലക്കുട കോന്നി തിയേറ്ററില്‍ 27 തവണ കാണാന്‍ പോയിട്ടുണ്ട്. യക്ഷിയുടെ കഥയാണ് ഭാര്‍ഗ്ഗവീ നിലയം. അതില്‍ എല്ലാ ദിവസവും എഴുത്തുകാരന്റെ അടുത്തു വരാറുള്ള യക്ഷി ഒരു ദിവസം വന്നില്ല. നീണ്ട കണ്ണുകളും ചുരുണ്ട അളകങ്ങളും വെള്ളവസ്ത്രവുമായി അവള്‍ എന്നും വരാറുണ്ടായിരുന്നു. ഒരു ദിവസം അവള്‍ വന്നില്ല. ഈ പശ്ചാത്തലം ആസ്പദമാക്കി ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനത്തിന് അപ്പുറത്ത് മറ്റൊന്ന് പിറവിയെടുത്തില്ലെന്നായിരുന്നു പി.ജയചന്ദ്രൻ്റെ അഭിപ്രായം. 

എങ്കിലും മലയാളികൾ നെഞ്ചൊട് ചേർത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചാണ് ഭാവഗായകനായ ജയചന്ദ്രൻ വിട പറഞ്ഞത്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ഒരു ഗായകന് വേണ്ടി തെന്നിന്ത്യ മുഴുവൻ കാത്തുനിന്ന ഒരു കാലവും പി ജയചന്ദ്രന് മാത്രം സ്വന്തമാണ്. മുൻശുണ്ഠിയും തുറന്നടിച്ച അഭിപ്രായപ്രകടനങ്ങളും തലയെടുപ്പും ഒട്ടേറെ അവസരങ്ങൾ അദ്ദേഹത്തിന് നഷ്ടപ്പെടുത്തിയെങ്കിലും പാടിയ പാട്ടുകൾ മധുരതരമാക്കിയാണ് അദ്ദേഹത്തിൻ്റെ വിട പറയൽ. ഗായകർ ഒരുപാട് പേർ ഇനിയും വന്നു പോകും. എന്നാൽ മലയാളിയുടെ മനസിൽ ഒരേയൊരു ഭാവഗായകൻ മാത്രമേയുള്ളു. അതാണ് പി ജയചന്ദ്രൻ.

#PJayachandran #Yesudas #MalayalamSongs #BhargaviNilayam #DevarajanMaster #FavoriteSong

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia