Music Legend | ഒരിക്കലും ശ്രുതി താഴ്ത്തില്ല നാദശലഭങ്ങൾ; മലയാളികൾ മറക്കില്ല ഭാവ ഗായകനെ

 
Jaya Chandran performing on stage, Malayalam music legend
Jaya Chandran performing on stage, Malayalam music legend

Image Credit: P Jayachandran Fans

● ജയചന്ദ്ര സംഗീതം ഹൃദയത്തിലേറ്റിയ തലമുറകളെ മാറുന്നുള്ളൂ. ആസ്വാദന തലങ്ങൾക്ക് പരിണാമം സംഭവിക്കുന്നില്ല.
● ആരാധകർക്ക് എന്ത് ദേഷ്യം വന്നാലും അവരെ ഒരിക്കലും ജയചന്ദ്രൻ കുറ്റപ്പെടുത്തിയിട്ടില്ല.
● ഗായകൻ വന്ന കാർ ജനം തല്ലി തകർത്തു. എല്ലാം നിസ്സഹായനായി നോക്കി നിന്നു ജയചന്ദ്രൻ.

കണ്ണൂർ: (KVARTHA) ചലച്ചിത്ര ഗാനവുമായുള്ള മലയാളികളുടെ വൈകാരികമായ ബന്ധം പി ജയചന്ദ്രനെ പോലെ തൊട്ടറിഞ്ഞ അപൂർവ ഗായകരെയുള്ളു.

ജയചന്ദ്ര സംഗീതം ഹൃദയത്തിലേറ്റിയ തലമുറകളെ മാറുന്നുള്ളൂ. ആസ്വാദന തലങ്ങൾക്ക് പരിണാമം സംഭവിക്കുന്നില്ല. സദസിന്റെ മനശാസ്ത്രം അന്നും ഇന്നും ഒരുപോലെയാണ്. ആലാപനത്തിലെ ചില്ലറ പിഴവുകൾ പോലും സംഗീത ആസ്വാദകർ സഹിക്കില്ലെന്ന് പല അഭിമുഖങ്ങളിലും ജയചന്ദ്രൻ തന്നെ ചുണ്ടിക്കാട്ടിയിട്ടുണ്ട്.

ആരാധകർക്ക് എന്ത് ദേഷ്യം വന്നാലും അവരെ ഒരിക്കലും ജയചന്ദ്രൻ കുറ്റപ്പെടുത്തിയിട്ടില്ല. ആത്യന്തികമായി കല ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലേയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. ആസ്വാദകർ ഉണ്ടെങ്കിലേ ഗായകന് നിലനിൽപ്പുള്ളൂവെന്ന് ജയചന്ദ്രൻ വിശ്വസിച്ചിരുന്നു. മരണംവരെ ആ സത്യം ഉൾക്കൊണ്ട് ജീവിച്ച പാട്ടുകാരനായിരുന്നു അദ്ദേഹം.

അവരുടെ ഔദാര്യത്തിൽ ജീവിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് താനെന്നാണ് ജയചന്ദ്രനെന്നും വിശ്വസിച്ചിരുന്നത്.

എന്നിലുള്ള വിശ്വാസം ആരാധകർക്ക് ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെട്ടാൽ പിന്നെ മൈക്കിനു മുമ്പിൽ നിൽക്കാൻ എനിക്ക് യോഗ്യതയില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ഗാനമേളകളിലും മറ്റും ആരാധകർ ക്രുദ്ധരായാൽ അവരോട് ഒട്ടും ഈർഷ്യ തോന്നാത്ത വ്യക്തിയായിരുന്നു ഭാവഗായകൻ. അത്തരം ഒരു സംഭവം ജയചന്ദ്രൻ എപ്പോഴും അനുസ്മരിക്കാറുണ്ട്.

1970 കളിൽ ഒരു കലാസമിതി ഉദ്ഘാടനത്തിന് മദ്ധ്യകേരളത്തിൽ എത്തിയപ്പോൾ ഉദ്ഘാടനം കഴിഞ്ഞതിനുശേഷം പ്രിയ ഗായകന്റെ പാട്ട് കേൾക്കാമെന്ന വിശ്വാസത്തിലായിരുന്നു അവിടെ തടിച്ചു കൂടിയ പതിനായിരങ്ങൾ. തൊണ്ട ശരിയില്ലെന്നും പാടാനുള്ള മൂഡില്ലെന്നും പറഞ്ഞ് ഗായകൻ പിന്മാറിയപ്പോൾ അത് ഗായകന്റെ അഹങ്കാരമായി കരുതി സഭാവികമായും ജനം ഇടഞ്ഞു. ഉദ്ഘാടനത്തിന് വേണ്ടി വന്നതാണ് പാടാൻ വേണ്ടി വന്നതല്ല എന്നുകൂടി പറഞ്ഞപ്പോൾ ആരാധകരുടെ നിയന്ത്രണം തെറ്റി. അവരെ കൂടുതൽ പ്രകോപിതരാക്കി.

ഗായകൻ വന്ന കാർ ജനം തല്ലി തകർത്തു. എല്ലാം നിസ്സഹായനായി നോക്കി നിന്നു ജയചന്ദ്രൻ. പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിന്തിച്ചപ്പോൾ അവർ പ്രകോപിതരായതിൽ തെറ്റില്ലെന്നും അവരുടെ ഔദാര്യത്തിൽ ജീവിക്കുന്ന ഞാൻ അവരുടെ മേൽ കുതിര കയറാൻ വന്നതുപോലെ അവർക്ക് തോന്നിയതാണ് ഈ പ്രശ്നത്തിനെല്ലാം കാരണം എന്നും മനസ്സിലാക്കിയ ജയചന്ദ്രൻ പരാതി പോലും പറയാതെ അവിടെ നിന്നും പിൻവാങ്ങി.

വർഷങ്ങൾ കഴിഞ്ഞു. ഇതേ നഗരത്തിൽ വീണ്ടും ജയചന്ദ്രനെത്തി. ഗായകനെ തേടി ഒരു അപരിചിതൻ വന്നു. ആമുഖമൊന്നും പറയാതെ അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. സർ എനിക്ക് മാപ്പ് തരണം? എന്തിന് എന്ന് ചോദിക്കുന്നതിന് മുമ്പ് തന്നെ പറഞ്ഞു. അന്ന് സാറിന്റെ കാർ തല്ലി തകർക്കാൻ മുൻകൈയെടുത്തത് ഞാനാണ്. സാറിന്റെ പാട്ടിനോടുള്ള ആരാധന കൊണ്ടും അത് നേരിട്ട് കേൾക്കാനുള്ള അവസരം നഷ്ടപ്പെട്ടതുകൊണ്ടും പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ട് ചെയ്ത ശുദ്ധ വങ്കത്തരമായിരുന്നു അത്.

‘ഞാൻ ചെയ്ത തെറ്റ് പിന്നീട് എനിക്ക് മനസ്സിലായി. എത്രയോ കാലമായി ഈ കുറ്റബോധം മനസ്സിൽ പേറി നടക്കുന്നു. അങ്ങ് ക്ഷമിച്ചുവെന്ന് പറയാതെ എനിക്ക് പോകാൻ പറ്റില്ല’. എത്ര ആശ്വസിപ്പിച്ചിട്ടും ആ മനുഷ്യന്റെ കണ്ണീരിന് കുറവില്ല. അയാൾ പോകുകയില്ലെന്ന് മനസ്സിലാക്കിയ ജയചന്ദ്രൻ തന്റെ ആരാധകനെ ഹൃദയത്തോട് ചേർന്ന് നിർത്തി കെട്ടിപ്പിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു യാത്രയാക്കിയെന്നാണ് അദ്ദേഹം തൻ്റെ അനുഭവ കഥയായി പറഞ്ഞത്.

പാട്ടിനോടുള്ള സാധാരണ ശ്രോതാവിനുള്ള ആത്മബന്ധത്തിന്റെ തീവ്രത അത് നമുക്ക് മനസ്സിലാക്കുന്നതിലും എത്രയോ ഏറെയാണ്. ഇത്തരം യാഥാർത്ഥ്യങ്ങൾപൂർണമായും ഉൾക്കൊണ്ട അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ജയചന്ദ്രൻ. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഒറ്റ സ്വരത്തിൽ ചോദിക്കുന്നു. പ്രേക്ഷകരുടെ ആത്മാവിൻ സൗഭാഗ്യമല്ലേ നീ? അനുരാഗ സൗരഭ്യം അല്ലേ നീ.

ജയചന്ദ്രൻ്റെ വിയോഗം മലയാള സംഗീന ലോകത്തെ ശൂന്യമാക്കിയിരിക്കുകയാണ്. മലയാളികളെ ശുദ്ധ സംഗീതത്തിൻ്റെ അപാരതയിലേക്ക് കൊണ്ടുപോയ ശ്രുതി താഴ്ന്നിരിക്കുന്നു. എങ്കിലും അദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് മരണമില്ല. നാദ ശലഭങ്ങൾ പറന്നു കൊണ്ടെയിരിക്കും. മലയാളികൾ മറക്കില്ല ഭാവഗായകനെ.

#JayaChandran, #MalayalamMusic, #MusicLegend, #PlaybackSinger, #KeralaCulture, #IconicArtist

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia