Controversy | ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്; താൻ ആരുടേയും വാതിലിൽ മുട്ടിയിട്ടില്ലെന്നും, എല്ലാ മേഖലയിലും സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും താരം
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാണ്
കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, 'എല്ലാക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ട' എന്നായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.
താൻ ആരുടേയും വാതിലിൽ മുട്ടിയിട്ടില്ലെന്നും, എല്ലാ മേഖലയിലും സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വേണ്ടത് പോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
രഞ്ജിത്തിനെതിരായ ആരോപണത്തെക്കുറിച്ച് പ്രതികരിക്കവേ, മലയാളത്തിലെ നടികളെ പോലും അറിയില്ല, പിന്നെയല്ലേ ബംഗാളി നടി എന്നയാരുന്നു താരത്തിന്റെ പ്രതികരണം.
അതേസമയം ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാണ്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി വേണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ വൈ എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്നടത്തി. രഞ്ജിത്തിന്റെ കോലം കത്തിച്ചു.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോട് പരാതി അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു.