Review | ഇടി, അത് കൊള്ളാനും കൊടുക്കാനുമുള്ളത്! 'ഇടിയൻ ചന്തു' മികച്ച ആക്ഷൻ ചിത്രം; പയ്യനായി വിഷ്ണു ഉണ്ണികൃഷ്ണൻ തകർത്തു


മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടസാധ്യതയെക്കുറിച്ച് ശക്തമായ സന്ദേശം നൽകുന്നു
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ശ്രീജിത്ത് വിജയൻ (Sreejith Vijayan) തിരക്കഥ എഴുതി സംവിധാനം ചെയ്തു വിഷ്ണു ഉണ്ണികൃഷ്ണൻ ( Vishnu Unnikrishnan) നായകൻ ആയി എത്തിയ സിനിമ ഇടിയൻ ചന്തു (Idiyan Chandhu) തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഇടി അത് കൊള്ളാനും കൊടുക്കാനും ഉള്ളത് ആണ്. സ്കൂളിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. സ്കൂൾ പിള്ളേരുടെ കഥ പറയുന്ന സിനിമകളിൽ മിക്കതും സ്കൂളിലെ പ്രേമമായിരിക്കും (Love) ഹൈലൈറ്റ്. എന്നാൽ സ്കൂൾ പിള്ളേരുടെ ഇടിയിൽ കേന്ദ്രീകരിച്ചു കൊണ്ട് കഥ പറയുന്ന സിനിമയാണ് (Movie) ശ്രീജിത് വിജയന്റെ ഇടിയൻ ചന്തു. ഈ അടുത്ത കാലത്ത് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഉപയോഗവും, വിതരണവും എല്ലാം ഒരുപാട് വാർത്തകളിലൂടെയും അല്ലാതെയും നമ്മൾ കണ്ടിട്ടുണ്ട്.
ആ ഒരു വിഷയം ആസ്പദമാക്കി കഥ പറയുന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ഇടിയൻ ചന്തു. തന്റെ സ്കൂളിൽ നടക്കുന്ന ലഹരി വിതരണത്തിനെതിരെ പ്രതികരിക്കേണ്ടി വരുന്ന ചന്തുവിന് പിന്നെ നേരിടേണ്ടി വരുന്നത് ലഹരി മാഫിയയെ. ഇന്ദു, ചന്തു, കരാട്ടെ കുഞ്ഞച്ചൻ, ഫാദർ ജോസഫ്, ടീന, തമ്പി എന്നിവരാണ് ഇടിയൻ ചന്തുവിലെ പ്രധാന കഥാപാത്രങ്ങൾ. വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ചന്തു എന്ന ഈ കഥാപാത്രത്തിന്റെ കുട്ടിക്കാലവും ആ വേളയിൽ മനസിൽ ഏൽക്കുന്ന ആഘാതവും അതിന്റെ ഭാഗമായി അവൻ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ചുരുക്കി പറയാം.
പതിയെ തുടങ്ങി പിന്നീട് പ്രേക്ഷകരെ ആവേശ ഭരിതരാക്കിയാണ് ചിത്രം മുന്നേറുന്നത്. പൊലീസുകാരനായ ഇടിയൻ ചന്ദ്രന്റെ മകനാണ് ചന്തു. കുട്ടിക്കാലം മുതൽ അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ അവന് ഇഷ്ടമില്ല. എന്നാൽ ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടുവളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. ഇതിനിടെ ചന്ദ്രൻ കൊല്ലപ്പെടുന്നുണ്ട്. ശേഷം അച്ഛന്റെ ജോലി അമ്മയിലേക്ക് വരുന്നു. എന്നാൽ ഇത് നിഷേധിക്കുന്ന അമ്മ മകനെ നന്നാക്കാൻ ആ ജോലി അവന് നൽകണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ പ്ലസ് ടു പാസാകണം. ഇതിനായി അമ്മ പല സ്കൂളിലും ചന്തുവിടെ പഠിക്കാൻ വിടുന്നുണ്ട് എങ്കിലും ചന്തുവിന്റെ തല്ല് കാരണം അവിടങ്ങളിൽ നിന്നെല്ലാം പറഞ്ഞ് വിടുന്നു.
ശേഷം ഒരച്ഛൻ നടത്തുന്ന സ്കൂളിലേക്ക് ചന്തു എത്തുന്നതോടെ കഥ വേറൊരു ഘട്ടത്തിലേക്ക് തിരിയുകയാണ്. ഇവിടെ പക്ഷേ ചന്തുവിനെ കാത്തിരുന്നത് വലിയൊരു പ്രശ്നം ആയിരുന്നു . ഇതിനെ എല്ലാം ചന്തു എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് ചിത്രം പറയുന്നത്. ആക്ഷൻ സീനുകൾക്കു പ്രാധാന്യം കൊടുത്തു ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാന പോസിറ്റീവും ആ ആക്ഷൻ സീനുകൾ തന്നെയാണ്. കൂടെ ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം കൂടെ ആകുമ്പോൾ ഇടിയൻ ചന്തു മോശമല്ലാത്ത അനുഭവം ആകുന്നുണ്ട്.
ചിത്രം സംഘട്ടനം ചെയ്തത് പീറ്റർ ഹെയ്ൻ ആണ്. ഈ പേര് കേട്ടാൽ പിന്നെ പറയണ്ടല്ലോ. മാസ് ഫൈറ്റുകൾ കൊണ്ടുള്ള മേളമായിരിക്കും സിനിമയിൽ ഉടനീളം. അപ്പോൾ പിന്നെ സിനിമ തന്നെ അടിപ്പടം ആയാലോ. പറയേണ്ടല്ലോ പൂരം. അത്തരത്തിലൊരു സിനിമയാണ് ഇടിയൻ ചന്തു. നല്ല അസൽ ഫൈറ്റ് സീനുകൾ കോർത്തിണക്കിയാണ് സംവിധായകൻ ശ്രീജിത്ത് വിജയൻ സിനിമ ഒരുക്കിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ പ്ലസ് ടു പിള്ളേരുടെ തനി നാടൻ മാസ് തല്ല് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യ വേഷം ചെയ്തതിൽ കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റുന്ന പടം ആയിട്ട് തോന്നി ഇടിയൻ ചന്തു.
വിഷ്ണു ഉണ്ണികൃഷ്ണൻ, അദ്ദേഹം നല്ല നടനാണെന്ന് നമുക്കറിയാം. എന്നാൽ തന്റെ കഥാപാത്രത്തിന് വേണ്ടി അദ്ദേഹം എടുക്കുന്ന ഡെഡിക്കേഷനും തീർച്ചയായും അഭിനന്ദിക്കപ്പെടണം. മുപ്പത്തേഴ് വയസുള്ള അദ്ദേഹം ഈ സിനിമയിൽ ചെയ്തിരിക്കുന്നത് കേവലം 17 ഓ 18 ഓ വയസുള്ള ഒരു പയ്യന്റെ റോളാണ്. അതിന് വേണ്ടി ശരീരം പരുവപ്പെടുത്തുകയും വളരെ ഡീസന്റ് ആയി പെർഫോം ചെയ്യുകയും വിഷ്ണു ചെയ്തിട്ടുണ്ട്. സിനിമയിൽ പുള്ളിയെ കാണുമ്പോൾ 'ഒരു പ്ലസ് ടു പയ്യൻ' എന്ന ഫീൽ കൊണ്ട് വരുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. മറ്റേതെങ്കിലും മുൻനിര നടൻമാരായിരുന്നു ഇത് ചെയ്തതെങ്കിൽ തീർച്ചയായും ഇപ്പോൾ അഭിനന്ദന പ്രവാഹം കൊണ്ട് മൂടിയേനെ.
സിനിമയിലെ ദുർഗ എന്ന കഥാപാത്രം കൈകാര്യം ചെയ്ത നടിയും വളരെ നന്നായിട്ടുണ്ട്. ഫുട്ബോൾ താരം ഐ എം വിജയൻ ഈ സിനിമയുടെ മറ്റൊരു പ്രത്യേകത ആണ്. സലീം കുമാറിന്റെ മകൻ ചന്തുവിന്റെ വില്ലൻ വേഷം കൊള്ളാമെങ്കിലും ഒരു ഉശിരുള്ള രീതിയിൽ അല്ല. ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ, വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. എല്ലാവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ ഇത്ര നന്നായി ആക്ഷൻ ചെയ്യും എന്ന് ഒരിക്കലും കരുതിയില്ല. എന്ത് ഈസിനെസ് ആണ് ആക്ഷൻ സീൻസിൽ. ചന്തു സലിം കുമാർ, കിച്ചു ടെല്ലസ്, ജയശ്രീയെല്ലാം വിഷ്ണുവിനെ കൂടാതെ ഫൈറ്റ് സീനുകൾ സൂപ്പർ ആയി ചെയ്തിട്ടുണ്ട്. കൂടാതെ നമ്മുടെ സാക്ഷാൽ പീറ്റർ ഹൈൻ അണ്ണനും എത്തുന്നുണ്ട് . ആക്ഷൻ പടം എന്ന് പേര് തെറ്റാതെ വിളിക്കാൻ പറ്റുന്ന കിടിലൻ ആക്ഷൻ സീൻസ്, അങ്ങോട്ട് കൊടുക്കുന്നു, ഇങ്ങോട്ട് കിട്ടുന്നു, വീണ്ടും അങ്ങോട്ട് കൊടുക്കുന്നു. ആ ആക്ഷൻ സീൻസ് തന്നെയാണ് ഇടിയൻ ചന്തു. അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട. ആക്ഷൻ പടത്തിൽ ആക്ഷനിൽ കൂടുതൽ ഒന്നും നോക്കാതെ പോയാൽ മലയാളത്തിൽ തന്നെ കണ്ടതിൽ ഏറ്റവും മികച്ച ചില ആക്ഷൻ കൊറിയോഗ്രഫി കണ്ടു മടങ്ങാം. ദീപക് ദേവ് ബിജിഎം കൊള്ളാം എന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. എല്ലാവർക്കും തീയേറ്ററിൽ പോയി തന്നെ ആസ്വദിക്കാൻ പറ്റിയ സിനിമയാണ് ഇടിയൻ ചന്തു.