Web Series | കാണ്ഡഹാർ ഹൈജാക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി വിജയ് വർമ്മയുടെ പുതിയ സീരീസ്
ഡെൽഹി: (KVARTHA) 1999 ലെ ഐസി 814 വിമാന ഹൈജാക്കിംഗ് സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്' എന്ന സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഓഗസ്റ്റ് 29ന് നെറ്റ്ഫ്ലിക്സിൽ സീരീസ് പ്രദർശനം ചെയ്യും.
രണ്ട് മിനിറ്റും 46 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലർ രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ വേദനാജനകമായ നിമിഷങ്ങൾ വ്യക്തമായി ചിത്രീകരിക്കുന്നു. 188 പേരുടെ ജീവൻ അപകടത്തിലായ ഈ സംഭവത്തിൽ ഉടലെടുത്ത പിരിമുറുക്കവും അരാജകത്വവും ട്രെയിലർ വ്യക്തമായി കാണിക്കുന്നുണ്ട്.
വിമാനം ഹൈജാക്ക് ചെയ്യപ്പെട്ട നിമിഷം മുതൽ, ഹൈജാക്കർമാരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ, ഇന്ത്യൻ സർക്കാരിന്റെ പരിഹാര ശ്രമങ്ങൾ എന്നിവയെല്ലാം ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സീരിസിൽ വിജയ് വർമ്മ റാഞ്ചിയ വിമാനത്തിന്റെ ക്യാപ്റ്റനായി വേഷമിടുന്നു. നസറുദ്ദീൻ ഷാ, മനോജ് പഹ്‌വ, കുമുദ് മിശ്ര, അരവിന്ദ് സ്വാമി, ദിയാ മിർസ, പങ്കജ് കപൂർ, പത്രലേഖ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
'മുൽക്ക്', 'തപ്പഡ്', 'ആർട്ടിക്കിൾ 17' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അനുഭവ് സിൻഹയാണ് സീരിസിന്റെ സംവിധായകൻ.
1999 ൽ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814, തീവ്രവാദികൾ ഹൈജാക്ക് ചെയ്ത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തിരിച്ചുവിട്ട സംഭവമാണ് സീരീസ് പറയുന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന തർക്കം ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.