Review | 'ഐ ആം കാതലൻ': ഈ സിനിമ കണ്ടാൽ ഹാക്കിങും ഒരു കലയാണെന്ന് തോന്നുക സ്വഭാവികം
● ഗിരീഷ് എ ഡിയുടെ പുതിയ സിനിമ
● നസ്ലീൻ ആണ് നായകൻ
● ഹാക്കിംഗ്, പ്രണയം, സസ്പെൻസ് എല്ലാം സിനിമയിലുണ്ട്
റോക്കി എറണാകുളം
(KVARTHA) 'തണ്ണീർമത്തൻ ദിനങ്ങൾ, 'സൂപ്പർ ശരണ്യ' എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ ഗിരീഷ് എ ഡി ഒരുക്കിയ 'ഐ ആം കാതലൻ' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. നടൻ സജിൻ ചെറുകയിലാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. അള്ളു രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം സജിൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'ഐ ആം കാതലൻ'. ഈ സിനിമ വലിയ സംഭവം ആണെന്നൊന്നും പറയാൻ സാധിക്കില്ലെങ്കിലും ഈ കാതലൻ കണ്ട് പൈസ പോയി എന്ന് ആരും പറയില്ല എന്നതാണ് സത്യം.
ചെറിയ ഒരു ചിത്രം വളരെ ഭംഗിയായി എടുത്തുവച്ചിട്ടുണ്ട് സംവിധായകൻ എന്ന് പ്രത്യേകം എടുത്തുപറയേണ്ടി വരും. നായകനും കൂടെ വന്നവരും എല്ലാ അടിപൊളി. ഹാക്കിങ് ഇത്ര സിംപിളായി എല്ലാവർക്കും മനസിലാവും പോലെ പറഞ്ഞുവെച്ചു. കോമഡി, ത്രില്ലർ, പ്രണയം അങ്ങനെ എല്ലാവർക്കും ഇഷ്ടമുള്ളത് എല്ലാം ചേർന്ന ഒരു നല്ല സിനിമ തന്നെയാണ് ഐ ആം കാതലൻ.
വിഷ്ണുവും, ശിൽപയും സഹപാഠികളും കമിതാക്കളുമാണ്. പഠിച്ചിറങ്ങിയ വിഷ്ണുവിന് ജോലിയൊന്നുമായിട്ടില്ല. കമ്പ്യൂട്ടറിലും, സോഫ്റ്റ് വെയറിലും, ഹാക്കിങ്ങിലും പുലിയാണ് വിഷ്ണു. ശിൽപ തൻ്റെ അച്ഛൻ്റെ ഫിനാൻസ് സ്ഥാപനത്തിൽ ഐടി ഹെഡ് ആയി ജോലി നോക്കുന്നു. ഒരിക്കൽ ശിൽപയെക്കാണാൻ അവരുടെ സ്ഥാപനത്തിലെത്തിയ വിഷ്ണുവിനെ ശിൽപയുടെ അച്ഛൻ അടിച്ച് ഇറക്കിവിടുന്നു. രോഷാകുലനായ വിഷ്ണു പകരം വീട്ടാൻ തീരുമാനിക്കുന്നു. അത് എങ്ങിനെ, എന്ത്? ഇതാണ് സിനിമയുടെ ഇതിവൃത്തം.
തുടർന്നുള്ള സംഭവവികാസങ്ങളുമായാണ് സിനിമ പുരോഗമിക്കുന്നത്. നസ്ലീൻ ഗഫൂർ, അനിഷ്മ, ദിലീഷ് പോത്തൻ, ലിജോമോൾ ജോസ്, സജിൻ ചെറുകയിൽ, വിനീത് വിശ്വം, വിനീത് വാസുദേവൻ, ഷിൻസ് ചാൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഓരോരുത്തരും അവരവരുടെ കാഥാപാത്രങ്ങളെ മികവുറ്റതാക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും നല്ല സ്വഭാവിക അഭിനയം കാഴ്ചവെച്ചു. ഹാക്കിങ്ങും ഒരു കലയാണെന്ന് മനസിലായി. രണ്ട് മണിക്കൂർ മാത്രമേ ഉള്ളു സിനിമ എങ്കിലും ഒരിക്കലും ബോറടിപ്പിക്കുന്നില്ല. പറയുന്ന കഥ സമകാലീനപ്രാധാന്യം ഉള്ളതും ആണ് എന്നതാണ് പ്രത്യേകത.
നായകൻ നസ്ലിൻ അനായാസ അഭിനയം വഴങ്ങുന്ന നല്ല നടനാണ് എന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. നായിക ലിജോമോൾ ജോസ് നമ്മുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന തികച്ചും സാധാരണക്കാരി ആണ് എന്നത് ഒരു പുതുമയായി ഈ സിനിമ കാണുന്നവർക്ക് തോന്നാതിരിക്കില്ല. നായികക്ക് നല്ല പ്രാധാന്യവും ഉണ്ട്. ഐ ആം കാതലൻ പതിവ് ഗിരീഷ് എ ഡി ചിത്രങ്ങളിൽ നിന്നു ആദ്യ വഴി മാറ്റം വന്ന സിനിമ എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. പ്രണയം മാത്രം ഉൾകൊള്ളിക്കാതെ പ്രേക്ഷകരെ എൻഗേജ് ആക്കി ഇരുത്താൻ പാകത്തിൽ ഉള്ള എല്ലാ എലെമെന്റ്സും ഉള്ള സിനിമയാണ് ഇത്.
യൂത്തന്മാർ മാത്രം അല്ല കുടുംബ പ്രേക്ഷകർക്കും സിനിമ ഏറ്റെടുക്കും തീർച്ച. പോൾ വർഗീസ് ആണ് ചിത്രത്തിൻ്റെ നിർമ്മാണം. ലോ ബഡ്ജറ്റിൽ നല്ല രസകരമായ ചിത്രം. സെക്സും വയലൻസും ഹൊററും ഇല്ലാതെ വർത്തമാന കാലജീവിതത്തിൻ്റെ ഒരേട് മനോഹരമായി സിനിമയിൽ പകർത്തിയിരിക്കുന്നു. സിനിമ ഏറ്റവും പ്രയോജനം ചെയ്യുക ഐ ടി പ്രൊഫഷനലുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമാണ്. ഈ മേഖലയിലുള്ളവർ നിർബന്ധമായും ഇത് കാണുന്നത് അവരുടെ പ്രൊഫഷന് സഹായകമാകും. ആകെ മൊത്തത്തിൽ തീയേറ്ററിൽ തന്നെ എൻജോയ് ചെയ്യാവുന്ന ചിത്രമാണ് ഐ ആം കാതലൻ. തീയേറ്ററിൽ പോയി തന്നെ സിനിമ കാണാൻ ശ്രദ്ധിക്കുക.
#IAmKathalan #MalayalamMovie #Hacking #Thriller #GirishAD #NaslenGafoor #MalayalamCinema #IndianCinema