ഒരു മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറർ ത്രില്ലറാണ് ചിത്രമെന്നാണ് പുറത്തു വരുന്ന വിവരം
കൊച്ചി: (KVARTHA) പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം 'ഹണ്ട്' ഓഗസ്റ്റ് 23ന് തീയേറ്ററുകളിൽ എത്തും. ഒരു മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറർ ത്രില്ലറാണ് ചിത്രമെന്നാണ് പുറത്തു വരുന്ന വിവരം.
ഭാവനയാണ് ചിത്രത്തിലെ നായിക. ഡോ. കീർത്തി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഹൗസ് സർജറി കഴിഞ്ഞ് സർവീസിൽ പ്രവേശിക്കുന്നവരിൽ സീനിയറാണ് ഡോ. കീർത്തി. അവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക കേസ് ആണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രം.
രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അതിഥി രവി, രൺജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായർ, സോനു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
നിഖിൽ ആനന്ദ് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ സന്തോഷ് വർമ്മ, ഹരിനരായണൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സംഗീതം കൈലാസ് മേനോനും ഛായാഗ്രഹണം ജാക്സൺ ജോൺസൺ നിർവഹിച്ചു. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണൻ ആണ് നിർമ്മാണം. ഇ ഫോർ എൻ്റർടൈൻമെൻ്റ് ചിത്രം പ്രദർശിപ്പിക്കുന്നു.