Beach Festival | ജനസാഗരം കൊണ്ട് വീര്‍പ്പുമുട്ടി ബേക്കല്‍; കാഴ്ചക്കാരുടെ മനം കവര്‍ന്ന് പൊലീസ് സ്റ്റേഷന്‍ മാതൃക; ഫെസ്റ്റ് കാണാനെത്തിയ ഇതരസംസ്ഥാനക്കാരന്‍ തീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന കലാരൂപം കൗതുകമായി

 


ബേക്കല്‍: (www.kvartha.com) ജനസാഗരം കൊണ്ട് വീര്‍പ്പുമുട്ടി ബേക്കല്‍. പ്രദേശത്തിന്റെ തീരം ശാന്തസുന്ദരമാണിപ്പോള്‍. തിരമാലയുടെ ശബ്ദത്തിനൊപ്പം കലാസ്വാദനത്തിന്റെ പരകോടിയിലെത്തുന്ന സംഗീത നിശയുടെയും താളത്തിനൊത്ത് കടലിനിപ്പുറം രൂപം കൊള്ളുന്ന ജനസാഗരം കടല്‍ക്കാറ്റേറ്റ് ഒഴുകി നടക്കുകയാണ്. രാജ്യത്താദ്യമായി നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ അക്ഷരാര്‍ത്ഥത്തില്‍ മഹോത്സവമായി മാറുകയാണ്. ആദ്യ ദിനം കാല്‍ ലക്ഷം പേരെത്തിയ മേളയില്‍ രണ്ടാം ദിനത്തിലെത്തിയത് ഒരു ലക്ഷത്തിനടുത്ത് കാണികള്‍. ക്രിസ്മസും അവധി ദിനവും ഒരുമിച്ച് എത്തിയത് കാസര്‍കോടന്‍ ജനത ആഘോഷമാക്കി. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി നിര്‍മല്‍ പാലാഴിയും സംഘവും അരങ്ങ് നിറഞ്ഞപ്പോള്‍ മാന്ത്രികതയുടെ മായാലോകവുമായി രാജ് കലേഷും ഗംഭീരമാക്കിയപ്പോള്‍ ജനങ്ങള്‍ ഇളകി മറിഞ്ഞു.
              
Beach Festival | ജനസാഗരം കൊണ്ട് വീര്‍പ്പുമുട്ടി ബേക്കല്‍; കാഴ്ചക്കാരുടെ മനം കവര്‍ന്ന് പൊലീസ് സ്റ്റേഷന്‍ മാതൃക; ഫെസ്റ്റ് കാണാനെത്തിയ ഇതരസംസ്ഥാനക്കാരന്‍ തീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന കലാരൂപം കൗതുകമായി

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ മാതൃക പൊലീസ് സ്റ്റേഷന്‍

ഉദുമ: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി മാതൃക പോലീസ് സ്റ്റേഷന്‍ ആരംഭിച്ചു. ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്ന് ചെല്ലാവുന്ന ഒരു മാതൃക പോലീസ് സ്റ്റേഷനാണെന്നും, പോലീസുകാരുടെ കൃത്യനിര്‍വഹണം എങ്ങനെയാണെന്ന് ഈ പോലീസ് സ്റ്റേഷന്‍ മാതൃകയിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും ഉദ്ഘാടന വേളയില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു

സ്റ്റേഷനിലേക്ക് കടന്ന് വരുന്ന ഓരോരുത്തര്‍ക്കും പ്രത്യേകം കാര്യങ്ങള്‍ വിശദീകരിക്കാന്‍ പോലീസുകാര്‍ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു . സൈബര്‍ സെല്‍, ബോംബ് സ്‌ക്വാഡ്, മൊബൈല്‍ ജാമ്മര്‍, ആയുധങ്ങള്‍, തുടങ്ങിയവയുടെ പ്രദര്‍ശനവും മാതൃക പോലീസ് സ്റ്റേഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഇതിനുപുറമെ രാജഭരണ കാലം മുതലുള്ള പോലീസ് യൂണിഫോമുകളുടെ പ്രദര്‍ശനവുമുണ്ട്. സെല്‍ഫ് ഡിഫെന്‍സ് സെക്ഷന്‍, ലൈവ് ഡെമോ സെക്ഷന്‍, ഹെല്പ് ഡെസ്‌ക്, വുമണ്‍ സെല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്ന് വിശദീകരിച്ചു നല്‍കാന്‍ പ്രത്യേകം പോലീസുകാരെയും സജ്ജീകരിച്ചിട്ടുണ്ട്. ഏത് ഘട്ടത്തിലും പോലീസ് സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് എങ്ങനെ ലഭ്യമാക്കാം എന്ന് കൂടി വിശദീകരിക്കുന്ന ബോര്‍ഡുകളും പോലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. മാതൃക സെല്‍, അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തും. വരും ദിവസങ്ങളില്‍ ഡോഗ് സ്‌ക്വാഡ് ഷോ നടത്തുമെന്ന് ബേക്കല്‍ ഡി.വൈ.എസ്.പി. സി.കെ സുനില്‍ കുമാര്‍അറിയിച്ചു
             
Beach Festival | ജനസാഗരം കൊണ്ട് വീര്‍പ്പുമുട്ടി ബേക്കല്‍; കാഴ്ചക്കാരുടെ മനം കവര്‍ന്ന് പൊലീസ് സ്റ്റേഷന്‍ മാതൃക; ഫെസ്റ്റ് കാണാനെത്തിയ ഇതരസംസ്ഥാനക്കാരന്‍ തീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന കലാരൂപം കൗതുകമായി

ചിരിപ്പൂരമായി കലാവിരുന്ന്

അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മനോഹാരിത ആസ്വദിക്കാന്‍ എത്തിയ കലാസ്വാദകര്‍ക്ക് വേറിട്ട കലാ വിരുന്നൊരുക്കി രാജ് കലേഷും സംഘവും ഒപ്പം നിര്‍മ്മല്‍ പാലാഴിയും കോഴിക്കോട് നിന്നുള്ള വി ഫോര്‍ യു കലാകാരന്മാരും. കടലോളം ആവേശം നിറച്ച മായാജാലക്കാഴ്ച്ചകളും പതിനായിരങ്ങളെ പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മുഹൂര്‍ത്തങ്ങളും, അടിപൊളി പാട്ടുകളും ത്രസിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങളും ചോദ്യോത്തരവേളകളും ക്രിസ്മസ് സമ്മാനങ്ങളുമായി ക്രിസ്മസ് രാവില്‍ ബേക്കല്‍ ഉത്സവ ഭൂമിയായി.
മലപ്പുറത്തു നിന്നുള്ള കലാകാരന്‍ റിനീഷിന്റെ വയലിന്‍ പ്രകടനത്തോടുകൂടിയാണ് രണ്ടാം ദിനത്തിലെ കലാപരിപാടികള്‍ ആരംഭിച്ചത്. പിന്നീട് മലയാളത്തിന്റെ പ്രിയങ്കരനായ കല്ലുവിന്റെ മാന്ത്രിക പെട്ടിയില്‍ നിന്നും വന്നത് വിസ്മയങ്ങള്‍. ചലച്ചിത്രതാരവും നര്‍മ്മത്തിന്റ് രാജാവുമായ നിര്‍മ്മല്‍ പാലാഴിയും കൂടി ചേര്‍ന്നപ്പോള്‍ പരിപാടി വേറെ ലെവല്‍ ആയി. സന്തോഷത്തിന്റെ പൊട്ടിച്ചിരികളും ആനന്ദത്തിന്റെ കയ്യടികളും കൂടി ചേര്‍ന്നപ്പോള്‍ ആഘോഷരാവ് മികവുറ്റതായി.

കാണാനെത്തിയ ഒറീസക്കാരന്‍ തീര്‍ത്തു കണ്ണഞ്ചിപ്പിക്കുന്ന കലാരൂപം

സാന്‍ഡ് ആര്‍ട്ടിസ്റ്റുകള്‍ ഒരുക്കിയ കലാരൂപങ്ങള്‍ കാണാനെത്തിയപ്പോളാണ് ഒറീസ്സക്കാരനായ സോനുവിനും അതില്‍ പങ്കാളിയാക്കണമെന്നുള്ള മോഹം അറിയിച്ചത്. സോനുവിന്റെ ആഗ്രഹമറിഞ്ഞ കലാകാരന്മാര്‍ സോനുവിനെയും ഒപ്പം കൂട്ടി. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയാണ് സോനു മണ്ണില്‍ ഒരുക്കിയത്. അന്യസംസ്ഥാന കലാകാരന്റെ ഭാവനയില്‍ വിരിഞ്ഞ കേരളത്തിന്റെ ഈ കലാരൂപം നിരവധിപേരാണ് ഏറ്റെടുത്തിരിക്കുന്നത്.

വിസ്മയങ്ങള്‍ തീര്‍ത്തു കലാകാരന്മാര്‍

ഉദുമ: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ബേക്കല്‍ ബീച്ചിലെ പൂഴിമണലില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് ഒരുപറ്റം കലാകാരന്മാര്‍. ബേക്കല്‍ കോട്ട തുടങ്ങി, മത്സ്യകന്യക, സ്ത്രീരൂപം, ഗജമുഖം, കേരളത്തിന്റെ കലാരൂപമായ കഥകളി എന്നിവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബീച്ചിന്റെ പ്രധാനപ്പെട്ട കോണുകളിലായി സാന്‍ഡ് ആര്‍ട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ബീച്ച് പരിസരത്തെ പൂഴിമണലും വെള്ളവും മാത്രം ഉപയോഗിച്ചാണ് ഈ കലാവിസ്മയം നിര്‍മ്മിച്ചിരിക്കുന്നത്.

ശക്തമായ കടല്‍ക്ഷോഭമുണ്ടെങ്കിലും, രാപകല്‍ഭേദമന്യേ രണ്ട് ദിവസം കൊണ്ട് പത്തിലധികം കലാകാരന്മാര്‍ ചേര്‍ന്നാണ് ഈ രൂപങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നു മുഖ്യ സാന്‍ഡ് ആര്‍ട്ടിസ്റ്റ് സജീവ് സ്വാമി പറഞ്ഞു. സന്ദര്‍ശകര്‍ കൗതുകത്തോടെയും സ്‌നേഹത്തോടെയുമാണ് ഈ സാന്റ് ആര്‍ട്ടുകളെ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ന്ന് വരുന്നതും, പ്രവൃത്തിപരിചയമുള്ളവരുമായ കലാകാരന്മാരാണ് സാന്‍ഡ് ആര്‍ട്ട് നിര്‍മ്മിതികള്‍ക്ക് ജീവന്‍ പകരുന്നത്. സജീവ് സ്വാമി, വാസവന്‍ പയ്യട്ടം, ടിനു, രമേശ് നടുവില്‍,റിനു ഫിലിപ്പ്, നിധീഷ്, റികേഷ് പ്രഭാകര്‍ രവീണ, സ്വാതി, രശ്മി, ശ്രീലക്ഷ്മി എന്നിവരുടെ കൂട്ടായ്മയിലാണ് ഈ വിസ്മയങ്ങള്‍ ഒരുങ്ങുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Tourism, ravel & Tourism, Festival, Celebration, Entertainment, Huge Crowd In Bekal Beach Festival.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia