Social Media | ഹണി റോസിനെതിരെ ഇൻസ്റ്റഗ്രാമിൽ മോശം കമന്റിടുന്നവരും കുടുങ്ങും; നിരീക്ഷണം ശക്തമാക്കി; നടിയുടെ മൊഴിയെടുത്ത് പൊലീസ്
● നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൊലീസ് നിരീക്ഷണത്തിലാണ്.
● സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി ഹണി റോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
● നടിയുടെ പരാതിയിൽ ഇതിനോടകം ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്
കൊച്ചി: (KVARTHA) സിനിമാ താരം ഹണി റോസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ട്. ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റഗ്രാമിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റുകളിടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
അതിനിടെ, സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി ഹണി റോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് താരം മൊഴി നൽകിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് നടി. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പൊലീസിൽ പരാതി നൽകുകയും തുടർനടപടികളുമായി സഹകരിക്കുകയും ചെയ്യുന്നു.
നടിയുടെ പരാതിയിൽ ഇതിനോടകം ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. മോശം കമന്റിട്ട മുപ്പതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് സൂചന നൽകി. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ ഐഡികളാണെങ്കിൽ ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസിന്റെ തീരുമാനം. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഒരു വ്യക്തി തുടർച്ചയായി വേദികളിൽ ദ്വയാർത്ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ചിലർ മോശം കമന്റുകളുമായി എത്തുകയായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യവാക്കുകൾ പറയുന്നവർക്കെതിരെ ശക്തമായ പ്രതികരണവുമായി ഹണി റോസ് വീണ്ടും രംഗത്തെത്തി. അസഭ്യവും അശ്ലീലവുമായ പരാമർശങ്ങൾക്കെതിരെ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നും താരം വ്യക്തമാക്കി.
അഭിനേത്രി എന്ന നിലയിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും ഇന്ത്യയിലെ നിയമം അനുവദിക്കാത്ത വസ്ത്രം ധരിച്ച് പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും ഹണി റോസ് പറഞ്ഞു. വസ്ത്രധാരണത്തെക്കുറിച്ചോ മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ചോ ക്രിയാത്മകമായ വിമർശനങ്ങൾ സ്വീകരിക്കുന്നു. എന്നാൽ അത്തരം പരാമർശങ്ങൾക്ക് ഒരു പരിധി വേണമെന്നും താരം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലൂടെ അസഭ്യവും അശ്ലീലവുമായ ഭാഷ ഉപയോഗിക്കുന്നവർക്കെതിരെ എല്ലാ സ്ത്രീകൾക്കും വേണ്ടി താൻ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും ഹണി റോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഹണി റോസിനെതിരായ സൈബർ ആക്രമണത്തെ താരസംഘടനയായ ‘അമ്മ’യും ശക്തമായി അപലപിച്ചു. താരത്തിന് പൂർണ പിന്തുണ നൽകുന്നതായും സംഘടന അറിയിച്ചു.
#HoneyRose, #Cyberbullying, #KeralaPolice, #Instagram, #SocialMediaSafety, #OffensiveComment