Criticism | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; 2021ല്‍ ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം

 
High Court Slams Govt Over Hemma Committee Report
High Court Slams Govt Over Hemma Committee Report

Photo Credit: Website Kerala High Court

ഒരു പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ നാല്  വര്‍ഷം കഴിഞ്ഞാണോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും  ചോദ്യം 

കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. 


സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഭയപ്പെടുത്തുന്ന നിഷ്‌ക്രിയത്വമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മൂന്നുവര്‍ഷം സര്‍ക്കാര്‍ നടപടിയെടുത്തില്ല എന്നുള്ളത് ആശ്ചര്യമുളവാക്കുന്നുവെന്നും വ്യക്തമാക്കി. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടതുണ്ട് എന്നത് സാമാന്യകാര്യമാണ്. എന്നാല്‍ അതുണ്ടായില്ല. റിപ്പോര്‍ട്ടില്‍ ബലാത്സംഗം, പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുതയുണ്ട്. 

എന്നാല്‍ കേസെടുക്കാനുള്ള സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍വാദം. ഇത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇതിന് മറുപടിയായി സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് കമ്മിറ്റി വച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിര്‍ദേശിച്ചു. ഇതിലെ വിവരങ്ങള്‍ പരിശോധിച്ചശേഷം കേസെടുക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മുന്നോട്ടു പോകാമെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതിന്മേലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തണം. പരാതി നല്‍കിയവര്‍ക്കും ഇരകള്‍ക്കും സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുത്. അവരുടെ സ്വകാര്യത പൂര്‍ണമായി നിലനിര്‍ത്തണം. തിടുക്കപ്പെട്ട നടപടികള്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. മൊഴികള്‍ നല്‍കിയവര്‍ ഉള്‍പ്പെടെ തങ്ങള്‍ അന്വേഷിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു പോകരുതെന്നും,  കേസിലെ പരാതിക്കാരിക്ക് കേസുമായി മുന്നോട്ടു പോകേണ്ട എന്നാണെങ്കില്‍ അത് മാനിക്കണമെന്നും പ്രത്യേകാന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചു.

പരാതിയില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോടും നിര്‍ദേശിച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പ്രത്യേകാന്വേഷണ സംഘം പരിശോധിക്കേണ്ടത്. 

ഒരു റിപ്പോര്‍ട്ട് കയ്യില്‍ ഉണ്ടായിട്ടുണ്ട് നാലു വര്‍ഷം എന്തു ചെയ്യുകയായിരുന്നു എന്ന് സര്‍ക്കാരിനോട് ചോദിച്ച കോടതി ഏതൊരു വിഷയത്തിലും എത്രയും പെട്ടെന്ന് നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും വ്യക്തമാക്കി. ഒരു പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ നാല്  വര്‍ഷം കഴിഞ്ഞാണോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും  അതുപോലെയാണ് ഇക്കാര്യത്തില്‍ പെരുമാറിയത് എന്നും കോടതി ചൂണ്ടിക്കാട്ടി.


കേരളസമൂഹം പല വിധത്തിലും പ്രത്യേകതകള്‍ നിറഞ്ഞതാണ്. സമൂഹത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുണ്ട്. ഭൂരിപക്ഷമുള്ള സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും അത് പരിഹരിക്കാന്‍ നടപടികള്‍ ഇല്ലെന്നത് ഖേദകരമാണ്. സിനിമയിലെ കാര്യങ്ങള്‍ മാത്രമല്ല, കേരള സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പറയുമ്പോള്‍ അതിലെ കാര്യങ്ങളില്‍ നടപടി ഉണ്ടാകാന്‍ പാടില്ല എന്നര്‍ഥം. എന്തുകൊണ്ടാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിച്ചത്, നിശബ്ദത പാലിച്ചത് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. 


ഇതിന് മറുപടിയായി റിപ്പോര്‍ട്ടിന്മേലുള്ള ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നുവെന്ന്  സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2023ല്‍ സിനിമാനയം രൂപീകരിക്കാനുള്ള കാര്യങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സര്‍ക്കാര്‍ പറഞ്ഞു. 

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന, ലൈംഗിക അതിക്രമം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പായിച്ചറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍, റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത് എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി, ടിപി നന്ദകുമാര്‍, മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ എന്നിവയാണ് പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നടി രഞ്ജിനി അനുമതി തേടി.

#HemmaCommittee #KeralaHighCourt #Immoral Assault  #MalayalamCinema #JusticeForSurvivors
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia